ടെഹ്റാന്‍: ഇറാന്‍ നടത്തിയ മിസൈല്‍ ആക്രമണങ്ങള്‍ക്ക് ശക്തമായ തിരിച്ചടിയുമായി ഇസ്രയേല്‍. ഇറാന്റെ തലസ്ഥാനമായ ടെഹ്റാന്‍ ഉള്‍പ്പെടെ മൂന്ന് പ്രധാന നഗരങ്ങളില്‍ ഇസ്രയേല്‍ മിസൈലാക്രമണം നടത്തിയതായാണ് റിപ്പോര്‍ട്ടുകള്‍. ടെഹ്റാന്‍, തബ്രിസ്, ഇസ്ഫഹാന്‍ എന്നിവിടങ്ങളില്‍ ശക്തമായ സ്‌ഫോടനങ്ങള്‍ ഉണ്ടായതായി സ്ഥിരീകരിച്ചിട്ടുണ്ട്. ലെബനാനിലെ ഇസ്രായേല്‍ കടന്നുകയറ്റത്തിന് മറുപടിയായി കഴിഞ്ഞ ദിവസം ഇറാന്‍ നടത്തിയ ബാലിസ്റ്റിക് മിസൈല്‍ ആക്രമണത്തിന് പിന്നാലെയാണ് ഇസ്രായേല്‍ പ്രത്യാക്രമണം ആരംഭിച്ചത്.
അതേസമയം, ഇസ്രയേലിന്റെ ആക്രമണത്തെത്തുടര്‍ന്ന് ഇറാനില്‍ കടുത്ത സുരക്ഷാ നടപടികള്‍ ആരംഭിച്ചു. തലസ്ഥാനമായ ടെഹ്റാനിലെ ഇമാം ഖമനയി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ ഇറാന്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. ഇതിനിടെ, ഗസയിലേക്കുള്ള റഫ ഇടനാഴിയും കരീം അബു സലീം ഇടനാഴിയും ഇസ്രയേല്‍ അടച്ചു. സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായാണ് ഈ നടപടിയെന്ന് ഇസ്രയേല്‍ വ്യക്തമാക്കി. ഇസ്രയേലിലെ റാമത് ഡേവിഡ് വ്യോമതാവളത്തിന് നേരെ ഇറാന്‍ കഴിഞ്ഞ ദിവസം ആക്രമണം നടത്തിയിരുന്നു.

ഇസ്രയേലിലേക്ക് ഇറാന്‍ നടത്തിയ ആക്രമണത്തെ അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് ശക്തമായി അപലപിച്ചു. ഇറാന്‍ നയതന്ത്ര പാതയിലേക്ക് മടങ്ങണമെന്നും മേഖലയില്‍ സമാധാനം പുലര്‍ത്തണമെന്നും ട്രംപ് ആവശ്യപ്പെട്ടു. നേരത്തെ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനോട് പ്രത്യാക്രമണത്തില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ ട്രംപ് ആവശ്യപ്പെട്ടിരുന്നുവെങ്കിലും ഇസ്രയേല്‍ ആക്രമണവുമായി മുന്നോട്ട് പോകുകയായിരുന്നു. ഏപ്രിലിലെ വെടിനിര്‍ത്തലിന് ശേഷം ഇതാദ്യമായാണ് ഇറാന്‍ ഇസ്രയേലിനെ നേരിട്ട് ആക്രമിക്കുന്നത്.
ഇസ്രയേലിനെതിരെയുള്ള പോരാട്ടം തുടരുമെന്ന് ഇസ്ലാമിക് റവല്യൂഷണറി ഗാര്‍ഡ് (IRGC) വ്യക്തമാക്കിയിട്ടുണ്ട്. ഒരാഴ്ച നീണ്ടുനില്‍ക്കുന്ന തുടര്‍ച്ചയായ ആക്രമണങ്ങളുടെ തുടക്കം മാത്രമാണ് ഇതെന്ന് ഐആര്‍ജിസി മുന്നറിയിപ്പ് നല്‍കി. ഇതിന് പിന്നാലെ, തെക്കന്‍ ബെയ്റൂട്ടിലേക്ക് ഇസ്രയേല്‍ നടത്തുന്ന ആക്രമണങ്ങള്‍ക്കും അമേരിക്കന്‍ നാവിക ഉപരോധത്തിനും കനത്ത തിരിച്ചടി നല്‍കുമെന്ന് ഇറാന്‍ പാര്‍ലമെന്റ് സ്പീക്കര്‍ മുഹമ്മദ് ബഗേര്‍ ഗാലിബഫും പ്രതികരിച്ചു. സംഘര്‍ഷം രൂക്ഷമായതോടെ പശ്ചിമേഷ്യ വീണ്ടും വലിയൊരു യുദ്ധഭീതിയിലാണ്.
