Monday, June 8, 2026

‘നിയമപ്രശ്‌നങ്ങളില്ല, അദ്ദേഹത്തെപ്പോലെ ഒരാളെ ആവശ്യമായിരുന്നു’; ബെന്നി തോമസിന്റെ രാജിയില്‍ സണ്ണി ജോസഫ്

തിരുവനന്തപുരം: സഹോദരീഭര്‍ത്താവായ ബെന്നി തോമസിനെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയായി നിയമിച്ചതില്‍ യാതൊരുവിധ നിയമപ്രശ്‌നങ്ങളും ഇല്ലായിരുന്നെന്നും, എന്നാല്‍ വിവാദങ്ങള്‍ ഒഴിവാക്കാന്‍ വേണ്ടി അദ്ദേഹം സ്വയം രാജി വെക്കുകയായിരുന്നുവെന്നും മന്ത്രി സണ്ണി ജോസഫ്. ബെന്നി തോമസിനെപ്പോലെ പ്രാഗത്ഭ്യവും വിശ്വസ്തതയുമുള്ള ഒരാളെ വകുപ്പിന്റെ സുഗമമായ പ്രവര്‍ത്തനങ്ങള്‍ക്ക് തനിക്ക് ആവശ്യമായിരുന്നുവെന്നും മന്ത്രി മാധ്യമങ്ങളോട് വ്യക്തമാക്കി.

നിയമന വാര്‍ത്ത പുറത്തുവന്നപ്പോള്‍ തന്നെ ഇതിന്റെ നിയമപരമായ വശങ്ങള്‍ താന്‍ കൃത്യമായി പരിശോധിച്ചിരുന്നതായി സണ്ണി ജോസഫ് പറഞ്ഞു. പേഴ്‌സണല്‍ സ്റ്റാഫില്‍ നിയമിക്കുന്നതിന് ബന്ധുക്കള്‍ക്ക് എന്തെങ്കിലും തരത്തിലുള്ള അയോഗ്യതയുണ്ടോ എന്ന് പരിശോധിച്ചിരുന്നു. സഹകരണ വകുപ്പിലൊക്കെ ചിലപ്പോള്‍ ബന്ധുക്കള്‍ക്ക് അയോഗ്യതയുണ്ടാകാമെന്നും, എന്നാല്‍ ഈ നിയമനത്തില്‍ അത്തരം യാതൊരു അയോഗ്യതയുമില്ലെന്നും മന്ത്രി നിയമപരമായ വശങ്ങള്‍ ചൂണ്ടിക്കാട്ടി വിശദീകരിച്ചു.

ഒരുപാട് ഉത്തരവാദിത്വങ്ങളുള്ള വൈദ്യുതി, പരിസ്ഥിതി തുടങ്ങിയ സുപ്രധാന വകുപ്പുകളുടെ ചുമതലയാണ് തനിക്കുള്ളതെന്ന് മന്ത്രി ഓര്‍മ്മിപ്പിച്ചു. ഈ സാഹചര്യത്തില്‍ തെന്നെ സഹായിക്കാന്‍ വിശ്വസ്തതയും കൂറുമുള്ള, തനിക്ക് വ്യക്തിപരമായി നന്നായി അറിയാവുന്ന, ജനങ്ങളുമായി അടുത്ത ബന്ധമുള്ള ഒരാള്‍ എന്ന നിലയ്ക്കാണ് ബെന്നി തോമസിനെ ഈ പദവിയിലേക്ക് നിയോഗിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. അദ്ദേഹത്തിന്റെ യോഗ്യതയെക്കുറിച്ച് കൂടുതല്‍ അറിയണമെങ്കില്‍ ഉളിക്കലിലെ നാട്ടില്‍ പോയി അന്വേഷിക്കണമെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

നിയമനവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതാക്കളില്‍ നിന്നോ മറ്റ് സഹപ്രവര്‍ത്തകരില്‍ നിന്നോ യാതൊരുവിധ എതിര്‍പ്പുകളുണ്ടായിരുന്നില്ലെന്നും, ബെന്നി തോമസ് പദവിയില്‍ തുടരണമെന്നാണ് പലരും ആവശ്യപ്പെട്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കെപിസിസി യോഗത്തില്‍ ഇതുമായി ബന്ധപ്പെട്ട് ചെറിയൊരു പരാമര്‍ശം ഉണ്ടായി എന്നത് യാഥാര്‍ഥ്യമാണെങ്കിലും ആ വ്യക്തി തന്നെ പിന്നീട് അത് തിരുത്തിപ്പറഞ്ഞു. എങ്കില്‍പ്പോലും ഇത്തരം ഒരു വിവാദത്തില്‍ പെട്ടയാള്‍ പ്രധാനപ്പെട്ട ചുമതല നിര്‍വഹിക്കുന്നത് ഗുണം ചെയ്യില്ല എന്ന് കണ്ട് വാര്‍ത്ത വിവാദമായപ്പോള്‍ അത് ഒഴിവാക്കാന്‍ അദ്ദേഹം തന്നെ മുന്‍കൈ എടുത്ത് രാജിവെക്കുകയായിരുന്നു.

അതേസമയം, ബെന്നി തോമസിന്റെ രാജി മുഖ്യമന്ത്രിയുടെ ആവശ്യപ്രകാരമായിരുന്നോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ആവര്‍ത്തിച്ചുള്ള ചോദ്യങ്ങള്‍ക്ക് മന്ത്രി കൃത്യമായ മറുപടി നല്‍കാന്‍ തയ്യാറായില്ല. ചോദ്യങ്ങളില്‍ നിന്നും പൂര്‍ണ്ണമായും ഒഴിഞ്ഞുമാറിയ മന്ത്രി, ‘എനിക്ക് കുളക്കടയില്‍ ഒരു പരിപാടിയുണ്ട്’ എന്ന് മാത്രം പറഞ്ഞ് ഒഴിഞ്ഞുമാറുകയായിരുന്നു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!