വാഷിങ്ടണ്‍: പശ്ചിമേഷ്യയെ മുള്‍മുനയില്‍ നിര്‍ത്തിയ ഇറാന്-ഇസ്രയേല്‍ സംഘര്‍ഷത്തിന് താല്‍ക്കാലിക വിരാമം. ഒരു ദിവസം നീണ്ടുനിന്ന തീക്ഷ്ണമായ വ്യോമാക്രമണങ്ങള്ക്കൊടുവിലാണ് ഇരുവിഭാഗവും നിലവില്‍ ആക്രമണങ്ങള്‍ അവസാനിപ്പിച്ചിരിക്കുന്നത്. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ അടിയന്തരവും ശക്തവുമായ ഇടപെടലാണ് പശ്ചിമേഷ്യയെ വലിയൊരു യുദ്ധത്തിലേക്ക് നീങ്ങുന്നതില്‍ നിന്ന് തടഞ്ഞതും നിര്‍ണായകമായതും. എന്നാല്‍ ലെബനോണില്‍ ഇസ്രയേല്‍ ആക്രമണം തുടര്‍ന്നാല്‍ ശക്തമായി തിരിച്ചടിക്കുമെന്നാണ് ഇറാന്റെ പുതിയ മുന്നറിയിപ്പ്. അതേസമയം, ഇറാനുമായുള്ള ബന്ധം തുടര്‍ന്നാല്‍ ലെബനോണ് നല്ലൊരു ഭാവിയില്ലെന്ന് അമേരിക്കയിലെ ഇസ്രയേല്‍ നയതന്ത്ര പ്രതിനിധി യെഹിയേല്‍ ലെറ്റര്‍ തുറന്നടിച്ചു.
ഇറാനുമായി വീണ്ടും നേരിട്ടൊരു യുദ്ധത്തിലേക്ക് പോയാല്‍ ഇസ്രയേലിന് ഒറ്റയ്ക്ക് പോരാടേണ്ടി വരുമെന്ന് പ്രധാനമന്ത്രി ബെന്യാമിന് നെതന്യാഹുവിന് കൃത്യമായ മുന്നറിയിപ്പ് നല്‍കിയതായി ട്രംപ് അമേരിക്കന്‍ മാധ്യമമായ ആക്സിയോസിനോട് വെളിപ്പെടുത്തിയിട്ടുണ്ട്. ഇറാനെതിരെ ഇസ്രയേല്‍ നടത്തിയ ആക്രമണങ്ങളെപ്പറ്റി അമേരിക്കയെ അറിയിച്ചത് അവസാന നിമിഷമായിരുന്നുവെന്നും ട്രംപ് പ്രതികരിച്ചു. ആക്രമണങ്ങള്‍ക്ക് താല്‍ക്കാലികമായി അറുതി വന്നതോടെ, സംഘര്‍ഷത്തിന് പിന്നാലെ കുതിച്ചുയര്‍ന്ന ആഗോള എണ്ണവിലയില്‍ നേരിയ ഇടിവുണ്ടായിട്ടുണ്ട്.

ആക്രമണങ്ങള്‍ നിലച്ചെങ്കിലും ഇരുവിഭാഗവും തങ്ങളുടെ കര്‍ശന നിലപാടുകളില്‍ ഒട്ടും അയവ് വരുത്തിയിട്ടില്ല. ഇസ്രായേല്‍ ലെബനനില്‍ തുടര്‍ന്നും ആക്രമണം നടത്തിയാല്‍, ഇസ്രായേല്‍ നഗരങ്ങളെ ലക്ഷ്യമിട്ടുള്ള മിസൈല്‍ ആക്രമണങ്ങള്‍ കൂടുതല്‍ ശക്തമായി പുനരാരംഭിക്കുമെന്ന് ഇറാന് പ്രഖ്യാപിച്ചു. എന്നാല്‍ ഇറാന് വീണ്ടും ആക്രമിക്കാന്‍ മുതിര്‍ന്നാല്‍ അതിശക്തമായി തന്നെ തിരിച്ചടിക്കുമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന് നെതന്യാഹുവും വ്യക്തമാക്കിയിട്ടുണ്ട്. മേഖലയില്‍ സമാധാനം പുനഃസ്ഥാപിക്കാനുള്ള അന്താരാഷ്ട്ര ശ്രമങ്ങള്‍ തുടരുന്നതിനിടയിലും ഇരുരാജ്യങ്ങളും കടുത്ത ജാഗ്രതയിലാണ്.
അതേസമയം, അടുത്ത രണ്ടാഴ്ചയ്ക്കുള്ളില്‍ ഇറാനുമേല്‍ സമ്പൂര്‍ണ വിജയം പ്രഖ്യാപിക്കാന്‍ സാധിക്കുമെന്നാണ് ഡൊണാള്‍ഡ് ട്രംപിന്റെ അവകാശവാദം. ഇറാനുമായി നിലവില്‍ ചര്‍ച്ചകള്‍ തുടരുകയാണെന്നും അമേരിക്ക ആവശ്യപ്പെട്ടതെല്ലാം നല്കാന് അവര്‍ തയാറാണെന്നും ട്രംപ് പറഞ്ഞു. ഇറാന് ഒരിക്കലും ആണവായുധമുണ്ടാക്കില്ലെന്ന് അമേരിക്കയ്ക്ക് ഉടന്‍ തന്നെ ഉറപ്പുനല്‍കുമെന്നും ട്രംപ് പ്രതികരിച്ചിട്ടുണ്ടെങ്കിലും, തങ്ങളുടെ പരമാധികാരവുമായി ബന്ധപ്പെട്ട മുന്‍ നിലപാടുകളില്‍ നിന്ന് പിന്നോട്ടില്ലെന്ന് ഉറച്ച് പ്രഖ്യാപിച്ചിരിക്കുകയാണ് ഇറാന് ഭരണകൂടം.
