Wednesday, June 10, 2026

അടിസ്ഥാന പലിശനിരക്ക് 2.25% ആയി നിലനിര്‍ത്തി ബാങ്ക് ഓഫ് കാനഡ

ഓട്ടവ: അടിസ്ഥാന പലിശനിരക്കില്‍ വീണ്ടും മാറ്റമില്ലാതെ നിലനിര്‍ത്തി
ബാങ്ക് ഓഫ് കാനഡ. തുടര്‍ച്ചയായ അഞ്ചാം തവണയാണ് സെന്‍ട്രല്‍ ബാങ്ക് പലിശനിരക്ക് മാറ്റമില്ലാതെ തുടരുന്നത്. ഇതോടെ ബാങ്കിന്റെ പലിശനിരക്ക് 2.25 ശതമാനമായി തന്നെ തുടരും.

യുഎസ് വ്യാപാര നയങ്ങളും ഇറാനിലെ യുദ്ധ പശ്ചാത്തലവും സൃഷ്ടിച്ച ആഗോള ഭൗമരാഷ്ട്രീയ പ്രതിസന്ധികള്‍ കാരണം ഈ വര്‍ഷത്തെ ആദ്യ പാദത്തില്‍ കാനഡയുടെ സാമ്പത്തിക രംഗം പ്രതീക്ഷിച്ചതിലും മന്ദഗതിയിലായിരുന്നുവെന്ന് ബാങ്ക് ഓഫ് കാനഡ ഗവര്‍ണര്‍ ടിഫ് മക്ലെം വ്യക്തമാക്കി. മിഡില്‍ ഈസ്റ്റിലെ സംഘര്‍ഷം മൂലം ആഗോള വിപണിയില്‍ അസംസ്‌കൃത എണ്ണവില വലിയ തോതില്‍ ഉയര്‍ന്നതും കനേഡിയന്‍ സമ്പദ്വ്യവസ്ഥയെ ബാധിച്ചിട്ടുണ്ട്.

‘ഇത്തരം പ്രതിസന്ധികള്‍ക്കിടയിലും കനേഡിയന്‍ സമ്പദ്വ്യവസ്ഥ ദുര്‍ബലമായി തുടരുകയും പണപ്പെരുപ്പം വര്‍ധിക്കുകയും ചെയ്തു,’ മക്ലെം ചൂണ്ടിക്കാട്ടി. ആഗോള ഊര്‍ജ്ജ പ്രതിസന്ധിയെ തുടര്‍ന്ന് ഏപ്രില്‍ മാസത്തില്‍ പണപ്പെരുപ്പ നിരക്ക് 2.8 ശതമാനമായി ഉയര്‍ന്നിരുന്നു. വരും മാസങ്ങളില്‍ ഇത് 3 ശതമാനത്തിനടുത്ത് തുടരുമെന്നും, അതിനുശേഷമേ ബാങ്കിന്റെ ലക്ഷ്യമായ 2 ശതമാനത്തിലേക്ക് താഴാന്‍ സാധ്യതയുള്ളൂവെന്നും സെന്‍ട്രല്‍ ബാങ്ക് വിലയിരുത്തുന്നു. എണ്ണവിലയിലുണ്ടായ വര്‍ധന മറ്റ് മേഖലകളിലെ വിലക്കയറ്റത്തെ ഇതുവരെ വലിയ രീതിയില്‍ ബാധിച്ചിട്ടില്ലെന്നും താല്‍ക്കാലികമായ ഈ പണപ്പെരുപ്പ വര്‍ധനവിനെ ബാങ്ക് സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പണപ്പെരുപ്പം നിയന്ത്രിക്കുന്നതിനൊപ്പം യുഎസിന്റെ കടുത്ത വ്യാപാര നയങ്ങള്‍ പോലുള്ള വെല്ലുവിളികളില്‍ നിന്ന് സമ്പദ്വ്യവസ്ഥയ്ക്ക് പിന്തുണ നല്‍കേണ്ട ഇരട്ട ബാധ്യതയാണ് ഇപ്പോള്‍ ബാങ്ക് ഓഫ് കാനഡ നേരിടുന്നത്. പണപ്പെരുപ്പം കുറയ്ക്കാന്‍ പലിശനിരക്ക് ഉയര്‍ത്തിയാല്‍ അത് സമ്പദ്വ്യവസ്ഥയെ കൂടുതല്‍ മന്ദഗതിയിലാക്കും. എന്നാല്‍ വളര്‍ച്ചയെ പിന്തുണയ്ക്കാന്‍ നിരക്കുകള്‍ കുറച്ചാല്‍ അത് പണപ്പെരുപ്പം വീണ്ടും വര്‍ദ്ധിക്കാന്‍ ഇടയാക്കും. അതിനാല്‍ നിലവിലെ സാഹചര്യത്തില്‍ പലിശനിരക്ക് മാറ്റമില്ലാതെ നിലനിര്‍ത്തുന്നത് രണ്ട് റിസ്‌കുകളെയും തുല്യമായി നേരിടാന്‍ സഹായിക്കുമെന്ന് മക്ലെം വിശദീകരിച്ചു.

സ്റ്റാറ്റിസ്റ്റിക്‌സ് കാനഡയുടെ ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം, 2025-ന്റെ അവസാന പാദത്തിലെ 1.0 ശതമാനം ഇടിവിന് പിന്നാലെ 2026-ലെ ആദ്യ മൂന്ന് മാസങ്ങളിലും ജിഡിപിയില്‍ (GDP) 0.1 ശതമാനത്തിന്റെ നേരിയ കുറവുണ്ടായിട്ടുണ്ട്. തുടര്‍ച്ചയായ ഈ ഇടിവുകള്‍ കാനഡ സാമ്പത്തിക മാന്ദ്യത്തിലേക്ക് നീങ്ങുകയാണോ എന്ന ചര്‍ച്ചകള്‍ക്ക് വഴിവെച്ചിട്ടുണ്ടെങ്കിലും, നിലവിലെ നേരിയ കുറവ് ഒരു കടുത്ത മാന്ദ്യമായി കണക്കാക്കാനാകില്ലെന്നാണ് സാമ്പത്തിക വിദഗ്ധരുടെ പക്ഷം. മേയ് മാസത്തിലെ മികച്ച തൊഴില്‍ റിപ്പോര്‍ട്ട് ഉള്‍പ്പെടെയുള്ള സമീപകാല വിവരങ്ങള്‍ സൂചിപ്പിക്കുന്നത് രണ്ടാം പാദത്തില്‍ രാജ്യം ശക്തമായി തിരിച്ചുവരുമെന്നാണ്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!