ലോകം ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ഏറ്റവും വലിയ കായിക മാമാങ്കമായ ‘ഫിഫ ലോകകപ്പ് ഫുട്ബോള്‍ 2026’ന് നാളെ കിക്ക് ഓഫ്. ഇന്ത്യന്‍ സമയം പുലര്‍ച്ചെ 12.30 ന് നടക്കുന്ന ഉദ്ഘാടന മത്സരത്തില്‍ ആതിഥേയരായ മെക്സിക്കോ – ദക്ഷിണാഫ്രിക്കയെ നേരിടും.പരമ്പരാഗതമായി 32 ടീമുകള്‍ പങ്കെടുത്തിരുന്ന സ്ഥാനത്ത്, ഇത്തവണ 16 ടീമുകളെക്കൂടി ഉള്‍പ്പെടുത്തി ആകെ 48 ടീമുകള്‍ പങ്കെടുക്കുന്ന ചരിത്രത്തിലെ ഏറ്റവും വലിയ ലോകകപ്പാണിത്.
ഇതുവരെ ലോകകപ്പ് കിരീടം നേടാന്‍ സാധിക്കാത്ത ആഫ്രിക്കയില്‍ നിന്ന് 10 ടീമുകളും ഏഷ്യയില്‍ നിന്ന് 9 ടീമുകളും ഇത്തവണ യോഗ്യത നേടിയിട്ടുണ്ട്. യൂറോപ്പില്‍ നിന്ന് 16 ടീമുകളും തെക്കേ അമേരിക്കയില്‍ നിന്ന് 6 ടീമുകളും ഇവര്‍ക്കൊപ്പം അണിനിരക്കും. 39 ദിവസങ്ങളിലായി ആകെ 104 മത്സരങ്ങള്‍ നടക്കുന്നതിനാല്‍, ഇത് ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ലോകകപ്പായി മാറും.
ഗ്രൂപ്പുകള്‍
ഗ്രൂപ്പ് എ: മെക്സിക്കോ, ദക്ഷിണാഫ്രിക്ക, റിപ്പബ്ലിക് ഓഫ് കൊറിയ, ചെക്കിയ (ചെക്ക് റിപ്പബ്ലിക്).
ഗ്രൂപ്പ് ബി: കാനഡ, സ്വിറ്റ്സര്‍ലന്‍ഡ്, ഖത്തര്‍, ബോസ്നിയ ആന്‍ഡ് ഹെര്‍സഗോവിന.
ഗ്രൂപ്പ് സി: ബ്രസീല്‍, മൊറോക്കോ, സ്കോട്ട്ലന്‍ഡ്, ഹെയ്തി
ഗ്രൂപ്പ് ഡി: യുഎസ്എ, പരാഗ്വേ, ഓസ്ട്രേലിയ, തുര്‍ക്കി
ഗ്രൂപ്പ് ഇ: ജര്‍മ്മനി, ഇക്വഡോര്‍, ഐവറി കോസ്റ്റ്, കുറസാവോ
ഗ്രൂപ്പ് എഫ്: നെതര്‍ലാന്‍ഡ്സ്, ജപ്പാന്, സ്വീഡന്, ടുണീഷ്യ

ഗ്രൂപ്പ് ജി: ബെല്‍ജിയം, ഈജിപ്ത്, ഇറാന്, ന്യൂസിലാന്‍ഡ്
ഗ്രൂപ്പ് എച്ച്: സ്പെയിന്, ഉറുഗ്വേ, സൗദി അറേബ്യ, കേപ്പ് വെര്‍ഡെ
ഗ്രൂപ്പ് ഐ: ഫ്രാന്‍സ്, സെനഗല്‍, നോര്‍വേ, ഇറാഖ്
ഗ്രൂപ്പ് ജെ: അര്‍ജന്റീന, ഓസ്ട്രിയ, അള്‍ജീരിയ, ജോര്‍ദാന്‍
ഗ്രൂപ്പ് കെ: പോര്‍ച്ചുഗല്‍, കൊളംബിയ, ഡിആര്‍ കോംഗോ, ഉസ്ബെക്കിസ്ഥാന്
ഇംഗ്ലണ്ട്, ക്രൊയേഷ്യ, ഘാന, പനാമ
നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്റീന ലോകകിരീടം നിലനിര്‍ത്താമെന്ന മോഹവുമായാണ് ഇത്തവണ ഇറങ്ങുന്നത്. അഞ്ച് തവണ ലോക ചാമ്പ്യന്മാരായ ബ്രസീല്‍ രണ്ടര പതിറ്റാണ്ടിന്റെ കിരീട വരള്‍ച്ചയ്ക്ക് അന്ത്യം കുറിക്കാന്‍ ഉറച്ചാണ് ലോകക്കപ്പിന് എത്തുന്നത്. കാര്‍ലോ ആഞ്ചലോട്ടിയെന്ന യൂറോപ്യന്‍ പരിശീലകനും വിനീഷ്യസ് ജൂനിയര്‍, റഫീഞ്ഞ തുടങ്ങിയ പ്രധാന താരങ്ങളുടെ പ്രതിഭയിലുമാണ് കാനറികളുടെ പ്രതീക്ഷ. നെയ്മാര്‍ തന്നെയാണ് ബ്രസീലിന്റെ ട്രം കാര്‍ഡ്.
ചരിത്രത്തിലെ ഏറ്റവും വലിയ ടീമുമായി എത്തുന്ന ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പോര്‍ച്ചുഗല്‍ ആദ്യ കിരീടംമെന്ന സ്വപ്നവുമായാണ് ഇറങ്ങുന്നത്. കൂടാതെ പഴയ പ്രതാപമില്ലെങ്കിലും ആരെയും വീഴ്ത്താന്‍ ശേഷിയുള്ള ജര്‍മനി,സൂപ്പര്‍ താരം ഹാരി കൈന് നയിക്കുന്ന ഇം?ഗ്ലണ്ട്, ഏത് കൊലകൊമ്പനെയും അട്ടിമറിക്കാന്‍ ത്രാണിയുള്ള നെതര്‍ലന്‍ഡ് എന്നീ ടീമുകളും കിരീട പ്രതീക്ഷയില്‍ മുന്‍പന്തിയിലാണ്.
ഒരു പുതിയ ലോക ചാമ്പ്യന്‍ ഉയര്‍ന്നുവരുമോ അതോ 2022ല്‍ കിരീടം നേടിയ അര്‍ജന്റീനയ്ക്ക് തങ്ങളുടെ കിരീടം നിലനിര്‍ത്താന്‍ സാധിക്കുമോ എന്ന് അറിയാനുള്ള കാത്തിരിപ്പിലാണ് കായികലോകം.
