Thursday, June 11, 2026

ഇത്തവണ കപ്പ് ബ്രസീൽ നേടും; പ്രവചനവുമായി സാക്ഷാൽ ലാലേട്ടൻ!

കാൽപ്പന്തുകളിയുടെ ആവേശം വീണ്ടും വാനോളമുയരുമ്പോൾ, പന്ത്രണ്ട് വർഷം മുൻപത്തെ ലോകകപ്പ് ഓർമ്മകളിലേക്ക് തിരിഞ്ഞുനടക്കുകയാണ് മലയാളികളുടെ പ്രിയതാരം മോഹൻലാൽ. അമേരിക്കൻ വൻകരയിൽ വീണ്ടുമൊരു ലോകകപ്പിന് വിസിലുണരുമ്പോൾ ലാലേട്ടന്റെ മനസ്സിൽ നിറയുന്നത് 2014ലെ ബ്രസീൽ ലോകകപ്പാണ്. റിയോ ഡി ജനീറോയിലെ ഇതിഹാസങ്ങൾ ഉറങ്ങുന്ന മാറക്കാന സ്റ്റേഡിയത്തിൽ അർജന്റീനയും ജർമ്മനിയും തമ്മിലുള്ള ആവേശകരമായ ഫൈനൽ മത്സരം നേരിൽ കണ്ടതിന്റെ ഓർമ്മകൾ അദ്ദേഹം ഹൃദ്യമായി പങ്കുവയ്ക്കുന്നു. അന്ന് ഗാലറിയിൽ അലയടിച്ച ആവേശവും നിരാശയും സന്തോഷവും സങ്കടവുമെല്ലാം ഒരു ചലച്ചിത്രം പോലെ തന്റെ മനസ്സിലുണ്ടെന്ന് അദ്ദേഹം പറയുന്നു.

സ്വന്തം മണ്ണിൽ ജർമ്മനിയോട് ഏഴിനെതിരെ ഒരു ഗോളിന് ബ്രസീൽ തകർന്നടിഞ്ഞ മഹാദുരന്തത്തിന്റെ പിറ്റേന്നാണ് മോഹൻലാൽ റിയോയിൽ എത്തുന്നത്. കോപ്പ കബാന ബീച്ചിനടുത്തുനിന്ന് ലോകകപ്പ് തോരണങ്ങൾ അഴിച്ചുമാറ്റുന്ന ബ്രസീലുകാരുടെ സങ്കടക്കാഴ്ച ഇന്നും അദ്ദേഹത്തിന്റെ ഉള്ളിലെ മായാത്ത നൊമ്പരമാണ്. അന്ന് മാറക്കാനയിൽ തോൽവി ഉൾക്കൊള്ളാനാവാതെ തലകുനിച്ചു നിന്ന ലയണൽ മെസ്സിയുടെ മുഖവും ലാലേട്ടൻ വേദനയോടെ ഓർത്തെടുക്കുന്നു. എന്നാൽ വർഷങ്ങൾക്കിപ്പുറം ഖത്തറിൽ എമിലിയാനോ മാർട്ടിനെസിനെ കെട്ടിപ്പിടിച്ച് ആനന്ദക്കണ്ണീർ പൊഴിക്കുന്ന മെസ്സിയെ കണ്ടപ്പോൾ ആ പഴയ സങ്കടമെല്ലാം മാഞ്ഞുപോയെന്നും അദ്ദേഹം തന്റെ കുറിപ്പിൽ പറയുന്നുണ്ട്.

കഴിഞ്ഞ രണ്ട് ലോകകപ്പുകളിലും കപ്പുയർത്താൻ കഴിയാതെ പോയ ബ്രസീൽ ഇത്തവണ ആ കുറവ് നികത്തുമെന്നാണ് ലാലേട്ടന്റെ കിടിലൻ പ്രവചനം. നെയ്മറുടെ സാന്നിധ്യവും വിനീഷ്യസ് ജൂനിയറിനെപ്പോലുള്ള താരങ്ങളുടെ ഫോമും ബ്രസീലിന് ഇത്തവണ കരുത്താകുമെന്ന് അദ്ദേഹം ഉറച്ചു വിശ്വസിക്കുന്നു. ഫുട്ബോൾ ഇതിഹാസങ്ങളായ മെസ്സി, ക്രിസ്റ്റ്യാനോ റൊണാൾഡോ, നെയ്മർ എന്നിവരുടെ അവസാന ലോകകപ്പ് കൂടിയാകും ഇതെന്ന യാഥാർത്ഥ്യവും അദ്ദേഹം പങ്കുവയ്ക്കുന്നുണ്ട്. ഈ ഇതിഹാസങ്ങളുടെ മനസ്സിലൂടെ ഇപ്പോൾ എന്താകും കടന്നുപോകുന്നത് എന്ന ചോദ്യത്തോടെയാണ് ലാലേട്ടൻ കാൽപ്പന്ത് ആരാധകരുടെ നെഞ്ചിൽ തൊടുന്ന ഈ ഓർമ്മക്കുറിപ്പ് അവസാനിപ്പിക്കുന്നത്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!