ഡൽഹി: ആഗോള വിപണിയിൽ ക്രൂഡോയിൽ വില സെപ്റ്റംബർ മാസത്തോടെ ബാരലിന് 70 ഡോളറിലേക്ക് താഴാനിടയുണ്ടെന്ന് റേറ്റിങ് ഏജൻസിയായ ഫിച്ച് പ്രവചിച്ചു. ജൂലൈ മാസത്തോടെ പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥ അവസാനിക്കുകയും ഹോർമുസ് കടലിടുക്ക് നിയന്ത്രണങ്ങളില്ലാതെ തുറക്കപ്പെടുകയും ചെയ്താൽ എണ്ണവിലയിൽ ഗണ്യമായ ഇടിവുണ്ടാകുമെന്നാണ് ഏജൻസിയുടെ വിലയിരുത്തൽ.
നിലവിൽ എണ്ണവില ഉയരാൻ പ്രധാന കാരണം വിതരണശൃംഖലയിലെ തടസ്സങ്ങളാണെന്ന് ഫിച്ച് വ്യക്തമാക്കി. ഹോർമുസ് കടലിടുക്ക് തുറന്നാൽ ആഗോള വിപണിയിലേക്ക് എണ്ണയുടെ ഒഴുക്ക് സാധാരണ നിലയിലാകുകയും, എണ്ണ ഉൽപാദക രാജ്യങ്ങൾ ഉൽപാദനം വർധിപ്പിക്കുകയും ചെയ്യുമെന്ന് റിപ്പോർട്ടിൽ പറയുന്നു.

ഫിച്ചിന്റെ കണക്കുകൾ പ്രകാരം, ജൂലൈയിൽ സ്ഥിതിഗതികൾ സാധാരണ നിലയിലായാൽ ആഗസ്റ്റോടെ ബ്രെന്റ് ക്രൂഡോയിൽ വില ബാരലിന് 80 ഡോളറിലേക്ക് താഴും. തുടർന്ന് സെപ്റ്റംബർ ആദ്യവാരത്തോടെ വിപണിയിൽ ആവശ്യത്തിലധികം എണ്ണ ലഭ്യമാകുന്നതിനാൽ വില 70 ഡോളറിലേക്ക് എത്താനാണ് സാധ്യത.
അതേസമയം, ഇറാനും അമേരിക്കയും തമ്മിലുള്ള സംഘർഷം വീണ്ടും രൂക്ഷമായതിനെ തുടർന്ന് ആഗോള എണ്ണവിപണിയിൽ ആശങ്ക ഉയർന്നിരിക്കുകയാണ്. ഇതിന്റെ പശ്ചാത്തലത്തിൽ ബ്രെന്റ് ക്രൂഡോയിൽ വില ബാരലിന് 93 ഡോളറിലെത്തി. ഡബ്ല്യുടിഐ ക്രൂഡോയിൽ വിലയും 90.40 ഡോളർ വരെ ഉയർന്നിരുന്നു.
വിലവർധന തുടരുകയാണെങ്കിൽ ക്രൂഡോയിൽ വില ഉടൻ 100 ഡോളർ കടക്കുമെന്ന മുന്നറിയിപ്പും വിപണി വിദഗ്ധർ നൽകുന്നുണ്ട്. കൂടാതെ, ഒപെക് രാജ്യങ്ങൾ നിലവിൽ 2000-ന് ശേഷമുള്ള ഏറ്റവും കുറഞ്ഞ ഉൽപാദനനിരക്കിലാണ് പ്രവർത്തിക്കുന്നതെന്നതും വിപണിയിലെ അനിശ്ചിതത്വം വർധിപ്പിക്കുന്ന ഘടകമായി ചൂണ്ടിക്കാണിക്കപ്പെടുന്നു.
