ടൊറന്റോ: ടൊറന്റോയില്‍ പോലീസ് റെയ്ഡിനിടെയുണ്ടായ വെടിവെയ്പ്പില്‍ പോലീസ് ഉദ്യോഗസ്ഥന് വെടിയേറ്റു. വടക്കന്‍ ടൊറന്റോയിലെ ബ്ലാക്ക് ക്രീക്ക്, ട്രെതേവേ ഡ്രൈവ് മേഖലയില്‍ വ്യാഴാഴ്ച പുലര്‍ച്ചെ 5:40-ഓടെയാണ് സംഭവം. പ്രദേശത്ത് തിരച്ചില്‍ നടത്തുന്നതിനായി എത്തിയ പോലീസ് സംഘത്തിന് നേരെ അക്രമികള്‍ വെടിയുതിര്‍ക്കുകയായിരുന്നു. തുടര്‍ന്ന് ഇരുവിഭാഗവും തമ്മില്‍ ശക്തമായ വെടിവെയ്പ്പുണ്ടായതായി പോലീസ് സ്ഥിരീകരിച്ചു.
വെടിയേറ്റ പോലീസ് ഉദ്യോഗസ്ഥനെ അതീവ ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. സംഭവസ്ഥലത്ത് നിന്നും അതീവ ഗുരുതരാവസ്ഥയിലായ രണ്ട് മുതിര്‍ന്ന വ്യക്തികളെക്കൂടി ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ടെന്ന് ടൊറന്റോ പാരാമെഡിക്സ് വിഭാഗം അറിയിച്ചു. ഇതില്‍ ഒരാള്‍ ആക്രമണം നടത്തിയ പ്രതിയാണെന്നാണ് സൂചന.

പ്രദേശം നിലവില്‍ പൂര്‍ണ്ണമായും പോലീസിന്റെ കര്‍ശനമായ സുരക്ഷാ വലയത്തിലാണ്. വന്‍ പോലീസ് സന്നാഹം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. വെടിവെയ്പ്പിലേക്ക് നയിച്ച സാഹചര്യങ്ങളെക്കുറിച്ച് ടൊറന്റോ പോലീസ് ഉദ്യോഗസ്ഥര്‍ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
