2026 ഫിഫ ലോകകപ്പിൽ കിരീടം ലക്ഷ്യമിട്ടിറങ്ങുന്ന ഫ്രഞ്ച് പടയ്ക്ക് കരുത്തുപകരാൻ നായകൻ കിലിയൻ എംബാപ്പെ വീണ്ടും തയ്യാറെടുക്കുന്നു. ടൂർണമെൻ്റിലെ ആദ്യ പോരാട്ടത്തിൽ ആഫ്രിക്കൻ കരുത്തരായ സെനഗലിനെ നേരിടാനൊരുങ്ങവെ, ഫ്രഞ്ച് മാധ്യമമായ ‘ലെ പാരീസിയന്’ നൽകിയ അഭിമുഖം ഫുട്ബോൾ ലോകത്ത് വലിയ ചർച്ചയായിരിക്കുകയാണ്.

നാല് വർഷങ്ങൾക്ക് മുമ്പ് ഖത്തറിൽ അർജന്റീനയോടേറ്റ തോൽവി തൻ്റെ കരിയറിലെ ഏറ്റവും വലിയ മുറിവായി അവശേഷിക്കുന്നുവെന്ന് എംബാപ്പെ വെളിപ്പെടുത്തി. “ഞാൻ ഏറ്റവും കൂടുതൽ ഓർക്കുന്നത് ആ തോറ്റ ഫൈനലാണ്. അത്രയുമധികം കഷ്ടപ്പെട്ടിട്ട് ഒടുവിൽ പെനാൽറ്റി ഷൂട്ടൗട്ടിൽ തോൽക്കുക എന്നത് കടുത്ത നിരാശയാണ്. ഞാൻ ഭാഗ്യത്തിൽ വിശ്വസിക്കുന്നില്ല, പെനാൽറ്റി ഒരു ലോട്ടറിയുമല്ല. അതൊരു സാങ്കേതിക തീരുമാനമാണ്,” എംബാപ്പെ വ്യക്തമാക്കി. ആ തോൽവി നൽകിയ മാനസിക വിഷമം കാരണം 2022-ലെ ആ ഫൈനൽ മത്സരം താൻ ഇതുവരെ മുഴുവനായി വീണ്ടും കണ്ടിട്ടില്ലെന്നും താരം തുറന്നുപറഞ്ഞു.
2018-ൽ റഷ്യയിൽ കിരീടം ചൂടിയ ഫ്രാൻസിന്, 2022-ൽ തുടർച്ചയായി രണ്ട് തവണ ലോകകപ്പ് നേടുന്ന മൂന്നാമത്തെ രാജ്യമെന്ന ചരിത്രനേട്ടത്തിനരികിൽ വെച്ചാണ് കിരീടം നഷ്ടമായത്. ഫൈനലിൽ തകർപ്പൻ ഹാട്രിക് നേടിയിട്ടും കപ്പിന് തൊട്ടടുത്തെത്തി മടങ്ങേണ്ടി വന്നതിൻ്റെ നിരാശ ഇത്തവണ അമേരിക്കൻ മണ്ണിൽ തീർക്കാനാണ് എംബാപ്പെയുടെ തീരുമാനം.
ഗ്രൂപ്പ് ‘ഐ’-യിലാണ് ഇത്തവണ ഫ്രാൻസ് മത്സരിക്കുന്നത്. ന്യൂയോർക്ക്-ന്യൂജേഴ്‌സി സ്റ്റേഡിയത്തിൽ നടക്കുന്ന ഉദ്ഘാടന മത്സരത്തിൽ സെനഗലാണ് എതിരാളികൾ. സെനഗലിന് പുറമെ ഇറാഖ്, നോർവെ എന്നിവരും ഈ ഗ്രൂപ്പിലുണ്ട്. ടീമിൻ്റെ പുതിയ പരീക്ഷണങ്ങളും മാറ്റങ്ങളും എംബാപ്പെയുടെ നേതൃത്വത്തിൽ നടപ്പാക്കാനിരിക്കെ, ആരാധകർ വലിയ പ്രതീക്ഷയിലാണ്. ആക്രമണ ഫുട്ബോളിനൊപ്പം ടീമിൻ്റെ പ്രതിരോധത്തിലും കൂടുതൽ ശ്രദ്ധ ചെലുത്തുമെന്ന് എംബാപ്പെ സൂചന നൽകി.
