Wednesday, September 30, 2026

വനമേഖലകൾക്ക് സമീപമുള്ള വീടുകൾ ലക്ഷ്യമിട്ട് മോഷണം; മുന്നറിയിപ്പുമായി ഹാൾട്ടൺ പൊലീസ്

ടൊറന്റോ: വനമേഖലകൾക്ക് സമീപമുള്ള വീടുകൾ ലക്ഷ്യമിട്ടുള്ള മോഷണം വർധിക്കുന്നതായി ഹാൾട്ടൺ റീജനൽ പൊലീസ് സർവീസിന്റെ മുന്നറിയിപ്പ്. ആസൂത്രിത മോഷണ സംഘങ്ങളാണ് (Organized Crime Groups) ഇത്തരം വീടുകൾ പ്രത്യേകമായി ലക്ഷ്യമിടുന്നതെന്നാണ് പൊലീസിന്റെ വിലയിരുത്തൽ.

വൈകുന്നേരം 5 മണിക്കും 10 മണിക്കും ഇടയിലാണ് ഇത്തരം മോഷണങ്ങൾ ഭൂരിഭാഗവും നടക്കുന്നത്. വെളിച്ചമില്ലാത്തതും ആളില്ലാത്തതുമായ വീടുകളാണ് ഇവരുടെ പ്രധാന ലക്ഷ്യം. വീടുകളുടെ പിൻഭാഗത്തുള്ള കാടുകളോ നടപ്പാതകളോ (Trail systems) വഴി ആരുടേയും ശ്രദ്ധയിൽപ്പെടാതെ എത്തുന്ന ഇവർ, പിൻവാതിലുകളോ ജനലുകളോ തകർത്താണ് അകത്തുകയറുന്നത്.

താമസക്കാർ പുറത്തുപോകുന്ന സമയം നിരീക്ഷിച്ചാണ് ഇവർ ഒഴിഞ്ഞ വീടുകളിൽ കയറുന്നത്. മിനിറ്റുകൾക്കകം വീട് അരിച്ചുപെറുക്കി പണം, സ്വർണം, ആഡംബര വസ്തുക്കൾ എന്നിവ മാത്രമാണ് ഇവർ മോഷ്ടിക്കുന്നത്. കറുത്ത വസ്ത്രങ്ങളും ഗ്ലൗസും മുഖംമൂടിയും ധരിച്ചെത്തുന്ന കുറ്റവാളികൾ, നടപ്പാതകളിലെ സാധാരണ യാത്രക്കാരായി എളുപ്പത്തിൽ ഒളിച്ചുപോകാൻ ശ്രദ്ധിക്കാറുണ്ട്.

പൊലീസ് നൽകുന്ന പ്രധാന സുരക്ഷാ മുൻകരുതലുകൾ:

  • വൈകുന്നേരങ്ങളിൽ പുറത്തുപോകുമ്പോൾ വീടിനകത്തും പുറത്തും മോഷൻ-സെൻസർ ലൈറ്റുകൾ ഉൾപ്പെടെയുള്ള വെളിച്ചം ഉറപ്പാക്കുക.
  • വീടിൻ്റെ വാതിലുകളും ജനലുകളും പൂർണ്ണമായി ലോക്ക് ചെയ്യുകയും സിസിടിവി ക്യാമറകൾ പ്രവർത്തനക്ഷമമാക്കുകയും ചെയ്യുക.
  • വീടിന് പിന്നിലെ കാടുകളും മരങ്ങളുടെ ചില്ലകളും വെട്ടിമാറ്റി മോഷ്ടാക്കൾക്ക് ഒളിച്ചിരിക്കാനുള്ള സാഹചര്യം ഇല്ലാതാക്കുക.
  • പരിസര പ്രദേശങ്ങളിൽ സംശയകരമായ രീതിയിൽ അപരിചിതരെയോ വാഹനങ്ങളെയോ കണ്ടാൽ ഉടൻ തന്നെ പൊലീസിനെയോ ക്രൈം സ്റ്റോപ്പേഴ്സിനെയോ വിവരമറിയിക്കുക.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!