ടൊറന്റോ: ടൊറന്റോയിലെ സ്കാർബ്റോയിൽ വ്യാപാരസ്ഥാപനത്തിന് നേരെ വെടിവെപ്പ്. ബുധനാഴ്ച പുലർച്ചെയാണ് സംഭവം. സ്റ്റീൽസ് അവന്യൂ ഈസ്റ്റിനും മാർഖം റോഡിനും സമീപത്തെ വ്യാപാര സമുച്ചയത്തിലാണ് വെടിവെപ്പുണ്ടായത്.
പുലർച്ചെ 2.24ഓടെയാണ് സംഭവം. തുടർന്ന് നടത്തിയ പരിശോധനയിൽ വ്യാപാര സമുച്ചയത്തിലെ ഒരു സ്ഥാപനത്തിന് നേരെ വെടിയുതിർത്തതിന്റെ തെളിവുകൾ പൊലീസ് കണ്ടെത്തി. സ്ഥാപനത്തിന്റെ ജനലുകൾക്ക് വെടിയുണ്ടകളേറ്റ് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.

സംഭവത്തിൽ ആർക്കും പരുക്കേറ്റതായി റിപ്പോർട്ടില്ല. വെടിവെപ്പുമായി ബന്ധപ്പെട്ട് പ്രതികളെക്കുറിച്ചുള്ള വിവരങ്ങളൊന്നും പൊലീസ് പുറത്തുവിട്ടിട്ടില്ല.
വെടിവെപ്പിന്റെ കാരണം ഉൾപ്പെടെയുള്ള കാര്യങ്ങൾ പൊലീസ് അന്വേഷിച്ചുവരികയാണ്. സംഭവവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ അന്വേഷണത്തിന്റെ ഭാഗമായി പുറത്തുവരുമെന്ന് അധികൃതർ അറിയിച്ചു.
