ഫിലാഡൽഫിയ: ലോകകപ്പ് ചരിത്രത്തിൽ സുവർണ്ണ അധ്യായം കുറിച്ച് ഐവറി കോസ്റ്റ് (കോട്ട് ഡി ഐവറി). സൂപ്പർ താരം നിക്കോളാസ് പെപ്പെയുടെ തകർപ്പൻ ഇരട്ട ഗോൾ മികവിൽ കുറാസാവോയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് തകർത്ത് ഐവറി കോസ്റ്റ് ചരിത്രത്തിലാദ്യമായി ലോകകപ്പിന്റെ നോക്കൗട്ട് ഘട്ടത്തിലേക്ക് യോഗ്യത നേടി. ഫിലാഡൽഫിയ സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ മത്സരത്തിൽ പൂർണ്ണ ആധിപത്യം പുലർത്തിയാണ് മുൻ ആഴ്സണൽ വിങ്ങറായ പെപ്പെയുടെ കരുത്തിൽ ‘ലെ എലിഫന്റ്സ്’ ഗ്രൂപ്പ് ഇയിൽ നിന്ന് രണ്ടാം സ്ഥാനക്കാരായി പ്രീ-ക്വാർട്ടറിലേക്ക് (റൗണ്ട് ഓഫ് 32) മാർച്ച് ചെയ്തത്.

മത്സരത്തിന്റെ തുടക്കം മുതൽ ആക്രമിച്ചു കളിച്ച ഐവറി കോസ്റ്റ് ഏഴാം മിനിറ്റിൽ തന്നെ മുന്നിലെത്തി. യാൻ ഡിയോമൻഡെയുടെ മികച്ച മുന്നേറ്റത്തിനൊടുവിൽ ലഭിച്ച പന്ത് കൃത്യമായി വലയിലെത്തിച്ച് പെപ്പെയാണ് ടീമിന് ലീഡ് സമ്മാനിച്ചത്. ലോകകപ്പ് ചരിത്രത്തിൽ ഐവറി കോസ്റ്റിനായി പിറക്കുന്ന ഏറ്റവും വേഗമേറിയ ഗോൾ എന്ന റെക്കോർഡും ഇതോടെ ഈ വില്ലാറയൽ താരം സ്വന്തം പേരിൽ കുറിച്ചു. തുടർന്ന് 65-ാം മിനിറ്റിൽ ഇബ്രാഹിം സങ്കാരെയുടെ അസിസ്റ്റിൽ നിന്ന് തന്റെ ഇടംകാലൻ ഷോട്ടിലൂടെ പെപ്പെ ടീമിന്റെ രണ്ടാം ഗോളും വിജയവും ഉറപ്പിച്ചു. 2006-ൽ അരുണ ദിൻഡാനെയ്ക്ക് ശേഷം ലോകകപ്പ് മത്സരത്തിൽ ഐവറി കോസ്റ്റിനായി ഇരട്ട ഗോൾ നേടുന്ന രണ്ടാമത്തെ താരം മാത്രമാണ് പെപ്പെ.
ഈ തകർപ്പൻ പ്രകടനത്തോടെ മത്സരത്തിലെ ‘സുപ്പീരിയർ പ്ലെയർ ഓഫ് ദി മാച്ച്’ പുരസ്കാരവും നിക്കോളാസ് പെപ്പെ സ്വന്തമാക്കി. “എനിക്ക് അതിനുള്ള കഴിവുണ്ടെന്ന് എനിക്കറിയാമായിരുന്നു, എന്റെ കഠിനാധ്വാനത്തിനുള്ള പ്രതിഫലമാണിത്,” മത്സരശേഷം വികാരാധീനനായി പെപ്പെ ഫിഫയോട് പ്രതികരിച്ചു. ആദ്യ മത്സരത്തിൽ ഇക്വഡോറിനെ തോൽപ്പിക്കുകയും രണ്ടാം മത്സരത്തിൽ ജർമ്മനിയോട് പരാജയപ്പെടുകയും ചെയ്ത ഐവറി കോസ്റ്റിന് ഈ വിജയം നിർണ്ണായകമായിരുന്നു. പ്രീ-ക്വാർട്ടറിൽ ഫ്രാൻസ് അല്ലെങ്കിൽ നോർവേയുമായാണ് ഐവറി കോസ്റ്റിന്റെ അടുത്ത പോരാട്ടം
