ഓട്ടവ: കാനഡയിലെ കാലാവസ്ഥാ മുന്നറിയിപ്പ് സംവിധാനം പരിഷ്കരിച്ചു. ഇനി മുതൽ ചുഴലിക്കാറ്റുകൾ സംബന്ധിച്ച മുന്നറിയിപ്പുകൾ കൂടുതൽ കൃത്യതയോടെയും വേഗത്തിലും ജനങ്ങളിൽ എത്തിക്കാൻ പുതിയ സംവിധാനത്തിന് സാധിക്കും. പുതിയ കോൺവെക്റ്റീവ് അലേർട്ട് മോഡേണൈസേഷൻ (CAM) സംവിധാനത്തിലൂടെ അപകടസാധ്യത കൂടുതലുള്ള പ്രദേശങ്ങൾ മാത്രം കൃത്യമായി തിരഞ്ഞെടുത്ത് മുന്നറിയിപ്പ് നൽകാൻ കാലാവസ്ഥാ നിരീക്ഷകർക്ക് കഴിയും.
പുതിയ സംവിധാനം നിലവിൽ പ്രവർത്തനക്ഷമമായതായി എൻവയൺമെന്റ് ആൻഡ് ക്ലൈമറ്റ് ചേഞ്ച് കാനഡ (ECCC) അറിയിച്ചു.കാറ്റിന്റെ ഗതിയും തീവ്രതയും കൃത്യമായി പ്രവചിക്കാൻ പുതിയ സാങ്കേതികവിദ്യ സഹായിക്കും.നേരത്തെ നിശ്ചിതവും വലുതുമായ മേഖലകളെ അടിസ്ഥാനമാക്കിയാണ് ചുഴലിക്കാറ്റ്, ശക്തമായ ഇടിമിന്നൽ മുന്നറിയിപ്പുകൾ നൽകിയിരുന്നത്. ഇതുമൂലം കൊടുങ്കാറ്റ് ബാധിക്കാൻ സാധ്യതയില്ലാത്ത പ്രദേശങ്ങളിലുള്ളവർക്കും മുന്നറിയിപ്പുകൾ ലഭിക്കുന്ന സാഹചര്യമുണ്ടായിരുന്നു.
അപകടസാധ്യതയുള്ള പ്രദേശം കൃത്യമായി കണ്ടെത്താം
പുതിയ സംവിധാനത്തിൽ കാലാവസ്ഥാ നിരീക്ഷകർക്ക് കൊടുങ്കാറ്റ് ബാധിക്കാൻ സാധ്യതയുള്ള പ്രദേശത്തിന്റെ അതിർത്തി കൃത്യമായി നിർണയിക്കാം. ‘ഫ്രീ-ഫോം പോളിഗൺ’ എന്ന രീതിയിലാണ് മുന്നറിയിപ്പ് മേഖലകൾ അടയാളപ്പെടുത്തുന്നത്.
ഇതിലൂടെ ആവശ്യമായ ആളുകളിലേക്ക് കൂടുതൽ കൃത്യവും പ്രായോഗികവുമായ മുന്നറിയിപ്പ് വേഗത്തിൽ എത്തിക്കാൻ കഴിയുമെന്ന് ECCC വ്യക്തമാക്കി. നിലവിൽ ചുഴലിക്കാറ്റ്, ശക്തമായ ഇടിമിന്നൽ മുന്നറിയിപ്പുകൾക്കാണ് ഈ ടാർഗെറ്റഡ് സംവിധാനം ഉപയോഗിക്കുന്നത്. ഉഷ്ണതരംഗം (Heat waves) പോലുള്ള മറ്റ് അലർട്ടുകൾ പഴയപടി തുടരും

‘അലർട്ട് ഫാറ്റിഗ്’ കുറയ്ക്കാൻ സഹായിക്കും
വലിയ പ്രദേശങ്ങൾക്ക് ഒരേ സമയം മുന്നറിയിപ്പ് നൽകുന്നതുമൂലം ആളുകൾക്ക് ആവർത്തിച്ച് അനാവശ്യ അലർട്ടുകൾ ലഭിക്കുകയും മുന്നറിയിപ്പുകളോടുള്ള ജാഗ്രത കുറയുകയും ചെയ്യുന്ന സാഹചര്യമുണ്ടാകാമെന്ന് അധികൃതർ ചൂണ്ടിക്കാട്ടുന്നു. ഇതിനെ ‘അലർട്ട് ഫാറ്റിഗ് എന്നാണ് വിശേഷിപ്പിക്കുന്നത്.
കാനഡയിലെ പുതിയ സംവിധാനം ഈ പ്രശ്നങ്ങൾ കുറയ്ക്കാൻ സഹായിക്കുമെന്ന് കെനോറയിലെ എമർജൻസി സർവീസസ് ഡയറക്ടർ ഗോർഡൻ ഹോവാർഡ് പ്രതീക്ഷ പ്രകടിപ്പിച്ചു. അടിയന്തര മുന്നറിയിപ്പ് സംവിധാനത്തിൽ പൊതുജനങ്ങളുടെ വിശ്വാസം നിലനിർത്തുന്നത് നിർണായകമാണെന്നും അദ്ദേഹം പറഞ്ഞു.

മൊബൈൽ, WeatherCAN ആപ്പ് വഴി പുതിയ അലർട്ടുകൾ
നിലവിൽ പുതിയ ടാർഗെറ്റഡ് മുന്നറിയിപ്പുകൾ മൊബൈൽ നെറ്റ്വർക്കുകളിലൂടെയും WeatherCAN ആപ്പിലൂടെയുമാണ് ലഭിക്കുക. റേഡിയോ, ടെലിവിഷൻ സംപ്രേഷണങ്ങളിൽ ഇപ്പോഴും പഴയ മുന്നറിയിപ്പ് മേഖലാ സംവിധാനം തുടരും. ഇവയുടെ സംപ്രേഷണ മേഖലകൾ വലുതായതിനാലാണ് മാറ്റം വരുത്താത്തതെന്ന് ECCC വ്യക്തമാക്കി.
അമേരിക്കയിൽ 2007 മുതൽ സമാനമായ പോളിഗൺ അടിസ്ഥാനത്തിലുള്ള സംവിധാനം ഉപയോഗിക്കുന്നുണ്ടെന്നും ഇത് അനാവശ്യ മുന്നറിയിപ്പുകൾ കുറയ്ക്കാൻ സഹായിച്ചിട്ടുണ്ടെന്നും നോർതേൺ ടൊർണാഡോസ് പ്രോജക്ട് ഡയറക്ടർ ഡേവിഡ് സിൽസ് പറഞ്ഞു.
