Wednesday, August 12, 2026

ആൽബർട്ട ഇമിഗ്രേഷൻ ക്വാട്ട വർധിപ്പിച്ചു; 200 അധിക നോമിനേഷൻ സ്ലോട്ടുകൾ

എഡ്മിന്റൻ: ആൽബർട്ട അഡ്വാന്റേജ് ഇമിഗ്രേഷൻ പ്രോഗ്രാമിന് (AAIP) 200 അധിക നോമിനേഷൻ സ്ലോട്ടുകൾ അനുവദിച്ച് ഫെഡറൽ സർക്കാർ. ഇതോടെ 2026ൽ ആൽബർട്ടയ്ക്ക് അനുവദിച്ച ആകെ നോമിനേഷനുകളുടെ എണ്ണം 6,403ൽ നിന്ന് 6,603 ആയി ഉയർന്നു.ഓഗസ്റ്റ് 10ന് ആൽബർട്ട സർക്കാർ പുറത്തിറക്കിയ ഔദ്യോഗിക AAIP അപ്ഡേറ്റിലാണ് പുതിയ ക്വാട്ട സംബന്ധിച്ച വിവരങ്ങൾ വ്യക്തമാക്കിയത്. പ്രവിശ്യയിലെ തൊഴിൽ വിപണിയുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനും മുൻഗണനാ മേഖലകളിലെ തൊഴിലാളി ക്ഷാമം പരിഹരിക്കുന്നതിനുമാണ് അധിക നോമിനേഷൻ സ്ലോട്ടുകൾ അനുവദിച്ചതെന്ന് സർക്കാർ വ്യക്തമാക്കി.

പ്രധാന ഇമിഗ്രേഷൻ സ്ട്രീമുകൾക്ക് കൂടുതൽ സീറ്റുകൾ

അധിക സ്ലോട്ടുകൾ ലഭിച്ചതോടെ വിവിധ ഇമിഗ്രേഷൻ സ്ട്രീമുകളുടെ വിഹിതത്തിലും മാറ്റം വരുത്തി. ആൽബർട്ട ഓപ്പർച്യൂണിറ്റി സ്ട്രീമിന് (AOS) 137 സീറ്റുകൾ അധികമായി ലഭിച്ചതോടെ വിഹിതം 3,425ൽ നിന്ന് 3,562 ആയി.റൂറൽ റിന്യൂവൽ സ്ട്രീമിന് 57 സീറ്റുകൾ കൂടി അനുവദിച്ചതോടെ വിഹിതം 1,057 ആയി. ടൂറിസം ആൻഡ് ഹോസ്പിറ്റാലിറ്റി സ്ട്രീമിന് ആറ് സീറ്റുകൾ കൂടി ലഭിച്ച് 156 ആയി.

ഡെഡിക്കേറ്റഡ് ഹെൽത്ത് കെയർ പാത്ത്‌വേയുടെ വിഹിതം 18 സീറ്റുകൾ വർധിച്ച് 518 ആയി. ആക്സിലറേറ്റഡ് ടെക് പാത്ത്‌വേയ്ക്കും പ്രയോറിറ്റി സെക്ടർ ഡ്രോകൾക്കും 19 സീറ്റുകൾ വീതം അധികമായി അനുവദിച്ചതോടെ ഇരു സ്ട്രീമുകളുടെയും വിഹിതം 619 ആയി.അതേസമയം, ലോ എൻഫോഴ്സ്മെന്റ് പാത്ത്‌വേയുടെ വിഹിതം 26 സീറ്റുകൾ കുറച്ച് 12 ആക്കി. എൻട്രപ്രണർ സ്ട്രീമുകളുടെ വിഹിതവും 30 സീറ്റുകൾ കുറച്ച് 60 ആക്കി.

3,892 നോമിനേഷനുകൾ ഇതിനകം നൽകി

ജൂലൈ 30 വരെയുള്ള കണക്കനുസരിച്ച് AAIP വഴി ആൽബർട്ട 3,892 നോമിനേഷനുകൾ നൽകിയിട്ടുണ്ട്. ഇതിൽ ഏറ്റവും കൂടുതൽ നോമിനേഷനുകൾ AOS വഴിയാണ് 2,085.

റൂറൽ റിന്യൂവൽ സ്ട്രീം വഴി 613, പ്രയോറിറ്റി സെക്ടർ ഡ്രോകൾ വഴി 420, ടെക് പാത്ത്‌വേ വഴി 388, ഹെൽത്ത് കെയർ പാത്ത്‌വേ വഴി 220, ടൂറിസം സ്ട്രീം വഴി 129, എൻട്രപ്രണർ സ്ട്രീമുകൾ വഴി 30 നോമിനേഷനുകളാണ് നൽകിയിട്ടുള്ളത്. ലോ എൻഫോഴ്സ്മെന്റ് പാത്ത്‌വേയിൽ 10ൽ താഴെ നോമിനേഷനുകളാണ് നൽകിയിരിക്കുന്നത്.

ഫെഡറൽ മുൻകൈയുടെ ഭാഗമായി പ്രാക്ടീസ്-റെഡി ഫിസിഷ്യൻമാർക്കും ഫ്രാങ്കോഫോൺ അപേക്ഷകർക്കുമായി 65 നോമിനേഷനുകൾ അധികമായി നൽകിയിട്ടുണ്ട്.പുതിയ ക്വാട്ട കൂടി കണക്കിലെടുക്കുമ്പോൾ ജൂലൈ അവസാനത്തോടെ ആൽബർട്ടയിൽ 2,711 നോമിനേഷൻ സീറ്റുകൾ ശേഷിക്കുന്നുണ്ട്.

36,948 അപേക്ഷകർ നോമിനേഷനായി കാത്തിരിക്കുന്നു

അതേസമയം, ലഭ്യമായ നോമിനേഷൻ സീറ്റുകളേക്കാൾ ഏറെ കൂടുതലാണ് WEOI (Worker Expression of Interest) പൂളിലുള്ള അപേക്ഷകരുടെ എണ്ണം. ജൂലൈ 30ലെ കണക്കനുസരിച്ച് 36,948 അപേക്ഷകളാണ് പൂളിലുള്ളത്.

ഇതിൽ 62.4 ശതമാനവും ആൽബർട്ട ഓപ്പർച്യൂണിറ്റി സ്ട്രീമിലാണ്. പ്രയോറിറ്റി സെക്ടർ ഡ്രോകളിൽ 4,963 അപേക്ഷകളും ടൂറിസം ആൻഡ് ഹോസ്പിറ്റാലിറ്റി സ്ട്രീമിൽ 3,558 അപേക്ഷകളും ആക്സിലറേറ്റഡ് ടെക് പാത്ത്‌വേയിൽ 2,136 അപേക്ഷകളുമുണ്ട്.

റൂറൽ റിന്യൂവൽ സ്ട്രീമിൽ 1,850, ഡെഡിക്കേറ്റഡ് ഹെൽത്ത് കെയർ പാത്ത്‌വേയിൽ 1,332, ലോ എൻഫോഴ്സ്മെന്റ് പാത്ത്‌വേയിൽ 53 അപേക്ഷകളുമാണ് നിലവിലുള്ളത്.

2026ൽ ഗ്രാമീണ മേഖലകളിലെ കുടിയേറ്റത്തിനും ആരോഗ്യസംരക്ഷണം, സാങ്കേതികവിദ്യ, നിർമ്മാണം, മാനുഫാക്ചറിംഗ്, ഏവിയേഷൻ, കൃഷി തുടങ്ങിയ മേഖലകളിലെ തൊഴിലാളികൾക്കുമാണ് ആൽബർട്ട പ്രധാന പരിഗണന നൽകുന്നത്. എന്നാൽ ഈ മേഖലകൾക്ക് പുറത്തുള്ള യോഗ്യരായ അപേക്ഷകരെയും പരിഗണിക്കുമെന്ന് പ്രവിശ്യ വ്യക്തമാക്കിയിട്ടുണ്ട്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!