Thursday, July 2, 2026

വമ്പന്‍ വാഗ്ദാനവുമായി ജപ്പാന്‍; ഇന്ത്യയില്‍ 10 ലക്ഷം കോടി രൂപ നിക്ഷേപിക്കുമെന്ന് സനയ് തകയ്ച്ചി

ന്യൂഡല്‍ഹി: ജപ്പാനില്‍ നിന്ന് പത്ത് ലക്ഷം കോടി രൂപയുടെ നിക്ഷേപം ഇന്ത്യയിലെത്താന്‍ ലക്ഷ്യമാക്കിയുളള സഹകരണത്തിന് ധാരണ. ജാപ്പനീസ് പ്രധാനമന്ത്രി സനേയ് തകായിച്ചിയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ ഉഭയകക്ഷി ചര്‍ച്ചയിലാണ് ധാരണയായത്. ഇന്ത്യയില്‍ നിക്ഷേപിക്കുന്ന ജാപ്പനീസ് കമ്പനികളുടെ എണ്ണം നിലവിലുള്ളതിന്റെ ഇരട്ടിയാക്കാനും തീരുമാനിച്ചു. ഇന്ത്യ-ജപ്പാന്‍ ബന്ധം സവിശേഷ സാമ്പത്തിക സുരക്ഷ പങ്കാളിത്തമായി ഉയര്‍ത്തും. പ്രതിരോധം അടക്കം മേഖലകളിലെ സഹകരണത്തിന് ഇത് വഴിയൊരുക്കും. സമുദ്ര സുരക്ഷയ്ക്കും ഊര്‍ജ്ജരംഗത്തെ സഹകരണത്തിനും മുന്‍ഗണന നല്കും.

ഇരുരാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക-വ്യാപാര ബന്ധം ശക്തമാക്കുന്നതിന്റെ ഭാഗമായി ഫാര്‍മസി, നിര്‍ണ്ണായക ധാതുക്കള്‍ (Critical Minerals), ഗതാഗതം, ഊര്‍ജ്ജം എന്നീ മേഖലകളില്‍ പുതിയ കരാറുകള്‍ക്ക് ധാരണയായിട്ടുണ്ട്. ജപ്പാനില്‍ നിന്ന് പത്ത് ലക്ഷം കോടി രൂപയുടെ നിക്ഷേപം ഇന്ത്യയിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയുള്ള സഹകരണത്തിനാണ് ഇരുനേതാക്കളും അടിത്തറയിട്ടത്. ഇന്ത്യയില്‍ നിലവില്‍ നിക്ഷേപം നടത്തിയിട്ടുള്ള ജാപ്പനീസ് കമ്പനികളുടെ എണ്ണം ഇരട്ടിയാക്കാനും ചര്‍ച്ചയില്‍ തീരുമാനമായി. കൂടാതെ, അര്‍ദ്ധചാലകങ്ങളുടെയും (Semiconductors) ഇലക്ട്രോണിക് ചിപ്പുകളുടെയും ആഗോള വിതരണ ശൃംഖല തടസ്സമില്ലാതെ പൂര്‍ത്തിയാക്കാന്‍ പരസ്പരം സഹകരിക്കണമെന്ന് പ്രധാനമന്ത്രി അഭ്യര്‍ത്ഥിച്ചു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ‘ജ്യേഷ്ഠ സഹോദരന്‍’ എന്ന് വിശേഷിപ്പിച്ച ജാപ്പനീസ് പ്രധാനമന്ത്രി സനേയ് തകായിച്ചി, ഇന്‍ഡോ-പസഫിക് മേഖലയിലെ സമാധാനത്തിനും സമൃദ്ധിക്കും വേണ്ടി ഇന്ത്യയോടൊപ്പം ചേര്‍ന്നുനില്‍ക്കുമെന്ന് ഉറപ്പുനല്‍കി. ഊര്‍ജ്ജം, വ്യാപാരം, ഔഷധ നിര്‍മ്മാണം, മെഡിക്കല്‍ ഉപകരണങ്ങള്‍, തൊഴിലവസരങ്ങള്‍ സൃഷ്ടിക്കല്‍ തുടങ്ങി നിരവധി നിര്‍ണ്ണായക മേഖലകളിലെ കരാറുകളില്‍ ഇരുരാജ്യങ്ങളും ഒപ്പുവെച്ചു. മൂന്ന് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി ന്യൂഡല്‍ഹിയില്‍ എത്തിയ ജാപ്പനീസ് പ്രധാനമന്ത്രിക്ക് രാവിലെ രാഷ്ട്രപതി ഭവനില്‍ വെച്ച് ഊഷ്മളമായ സ്വീകരണമാണ് നല്‍കിയത്. തുടര്‍ന്ന് ഇരു രാജ്യങ്ങളിലെയും പ്രമുഖ വ്യവസായികള്‍ പങ്കെടുത്ത സംയുക്ത യോഗത്തിലും അവര്‍ പങ്കെടുത്തു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!