ടെഹ്റാൻ: ഇറാനിലെ വിവിധ സൈനിക കേന്ദ്രങ്ങൾക്കെതിരെ ആക്രമണം ആരംഭിച്ചതായി അമേരിക്കൻ സൈന്യം അറിയിച്ചു. തെക്കൻ ഇറാനിലെ സിരിക്കിലും ഖഷാമിലും ശക്തമായ സ്ഫോടനങ്ങൾ ഉണ്ടായതായി ഇറാൻ വാർത്താ ഏജൻസികളും റിപ്പോർട്ട് ചെയ്തു.ഹോർമൂസ് കടലിടുക്കിൽ ഇറാൻ മൂന്ന് വ്യാപാരക്കപ്പലുകൾ ആക്രമിച്ചതിന് പിന്നാലെയാണ് അമേരിക്കയുടെ സൈനിക നടപടി. ഗുജറാത്തിലെ ദഹേജിലേക്ക് എൽഎൻജിയുമായി യാത്ര ചെയ്തിരുന്ന ഖത്തറിന്റെ അൽ റെഖായത്ത് ഉൾപ്പെടെ മൂന്ന് കപ്പലുകൾക്ക് നേരെയാണ് ഇറാൻ ആക്രമണം നടത്തിയതെന്നാണ് അമേരിക്കൻ സൈനിക വൃത്തങ്ങൾ വ്യക്തമാക്കുന്നത്.
ഇറാനിലെ 80 സൈനിക ലക്ഷ്യങ്ങൾ കൃത്യതയോടെ ആക്രമിച്ചതായി അമേരിക്കൻ സെൻട്രൽ കമാൻഡ് അറിയിച്ചു. വ്യോമപ്രതിരോധ സംവിധാനങ്ങൾ, മിസൈൽ സംവിധാനങ്ങൾ, റഡാർ കേന്ദ്രങ്ങൾ, കമാൻഡ് ആൻഡ് കൺട്രോൾ ശൃംഖലകൾ എന്നിവയാണ് പ്രധാന ലക്ഷ്യങ്ങളായതെന്ന് അമേരിക്ക വ്യക്തമാക്കി. ഹോർമൂസ് കടലിടുക്കിൽ പ്രവർത്തിച്ചിരുന്ന ഇസ്ലാമിക് റവല്യൂഷണറി ഗാർഡിന്റെ 60-ലധികം ചെറുബോട്ടുകൾ നശിപ്പിച്ചതായും സെൻട്രൽ കമാൻഡ് അവകാശപ്പെട്ടു.

ആക്രമണത്തിന് ഇരയായ കപ്പലുകളുടെ വിവരങ്ങളും അമേരിക്ക പുറത്തുവിട്ടിട്ടുണ്ട്. മാർഷൽ ദ്വീപുകളുടെ പതാകയിലുള്ള എം.ടി. അൽ റെഖായത്ത്, സൗദി അറേബ്യയുടെ പതാകയിലുള്ള എം.ടി. വെദ്യാൻ, ലൈബീരിയൻ പതാകയിലുള്ള എം.ടി. സൈപ്രസ് പ്രോസ്പെരിറ്റി എന്നിവയാണ് ആക്രമിക്കപ്പെട്ട കപ്പലുകളെന്ന് അമേരിക്ക അറിയിച്ചു.അതേസമയം, ഇറാന്റെ എണ്ണ കയറ്റുമതിക്ക് അനുവദിച്ചിരുന്ന ഉപരോധ ഇളവ് അമേരിക്കൻ ട്രഷറി വകുപ്പ് പിൻവലിച്ചു. അമേരിക്ക ഭീഷണിയും സൈനിക സമ്മർദവും തുടരുന്ന സാഹചര്യത്തിൽ സമാധാന ചർച്ചകൾ തുടരാനാകില്ലെന്ന് ഇറാൻ പ്രതികരിച്ചു.
ഇതിനിടെ, തുർക്കിക്ക് എഫ്-35 യുദ്ധവിമാനങ്ങൾ നൽകാനുള്ള അമേരിക്കയുടെ നീക്കത്തിനെതിരെ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു രംഗത്തെത്തി. തുർക്കിയിൽ നടക്കുന്ന നാറ്റോ ഉച്ചകോടിക്കിടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഇന്ന് സമാപിക്കുന്ന നാറ്റോ ഉച്ചകോടിയിൽ പശ്ചിമേഷ്യയിലെ സുരക്ഷാ സാഹചര്യം പ്രധാന ചർച്ചാവിഷയമാണ്.
മറുവശത്ത്, ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയിയുടെ വിലാപയാത്ര ഇറാഖിലെ നജാഫിലെത്തി. ഇന്ന് നജാഫിലും കർബലയിലും പൊതുദർശനം തുടരുമെന്നും നാളെ മഷാദിൽ സംസ്കാരച്ചടങ്ങുകൾ നടക്കുമെന്നും ഇറാൻ അറിയിച്ചു.
