Saturday, July 11, 2026

അയോധ്യ രാമക്ഷേത്ര സംഭാവന കൊള്ള: രാജ്യവ്യാപക ഒപ്പുശേഖരണത്തിന് ആം ആദ്മി

ന്യൂഡല്‍ഹി: അയോധ്യ രാമക്ഷേത്രത്തിലെ ഭണ്ഡാരക്കൊള്ളയ്ക്കും സംഭാവന തട്ടിപ്പിനുമെതിരെ രാജ്യവ്യാപകമായ ജനകീയ ഒപ്പുശേഖരണ ക്യാമ്പയിനുമായി ആം ആദ്മി പാര്‍ട്ടി രംഗത്ത്. ക്ഷേത്ര ട്രസ്റ്റിലെ ക്രമക്കേടുകള്‍ക്കെതിരെയും യഥാര്‍ത്ഥ കുറ്റവാളികള്‍ക്കെതിരെയും കര്‍ശന നടപടി ആവശ്യപ്പെട്ടാണ് പാര്‍ട്ടി ക്യാമ്പയിന്‍ സംഘടിപ്പിക്കുന്നത്. നാളെ ഡല്‍ഹിയില്‍ നടക്കുന്ന സുന്ദരകാണ്ഡ പാരായണ ചടങ്ങോടെ ഈ വലിയ ജനകീയ പ്രക്ഷോഭത്തിന് തുടക്കം കുറിക്കുമെന്ന് എ.എ.പി ദേശീയ കണ്‍വീനര്‍ അരവിന്ദ് കെജ്രിവാള്‍ പ്രഖ്യാപിച്ചു.

അയോധ്യയിലെ സംഭാവന മോഷണവുമായി ബന്ധപ്പെട്ട് താഴെത്തട്ടിലുള്ള ചില താല്‍ക്കാലിക ജീവനക്കാരെ മാത്രം അറസ്റ്റ് ചെയ്ത് യഥാര്‍ത്ഥ പ്രതികളെ കേന്ദ്ര സര്‍ക്കാര്‍ സംരക്ഷിക്കുകയാണെന്ന് അരവിന്ദ് കെജ്രിവാള്‍ ആരോപിച്ചു. വിശ്വാസികളെയും പാവപ്പെട്ട ജനങ്ങളെയും വഞ്ചിച്ചുകൊണ്ട് രാമക്ഷേത്രത്തിലെ പണം കവര്‍ന്ന യഥാര്‍ത്ഥ കുറ്റവാളികള്‍ക്ക് കര്‍ശനമായ ശിക്ഷ ഉറപ്പാക്കേണ്ടത് ഓരോ സനാതന ധര്‍മ്മ അനുയായിയുടെയും കടമയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഈ വിഷയത്തില്‍ രാജ്യത്തെ ജനങ്ങള്‍ ഒന്നടങ്കം ഒരുമിച്ച് ശബ്ദമുയര്‍ത്തേണ്ട സമയമാണിതെന്നും കെജ്രിവാള്‍ വ്യക്തമാക്കി.

ഭണ്ഡാരക്കൊള്ളയില്‍ ശക്തമായ അന്വേഷണവും നടപടിയും ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അയക്കുന്ന ഭീമന്‍ കത്തില്‍ രാജ്യത്തെ ഓരോ പൗരനെയും കൊണ്ട് ഒപ്പിടുവിക്കാനാണ് ആം ആദ്മി പാര്‍ട്ടി ലക്ഷ്യമിടുന്നത്. ഞായറാഴ്ച ഡല്‍ഹിയിലെ രോഹിണിയിലുള്ള ജാപ്പനീസ് പാര്‍ക്കില്‍ സംഘടിപ്പിക്കുന്ന ‘സുന്ദരകാണ്ഡ’ പാരായണ വേദിയില്‍ വെച്ച് ഒപ്പുശേഖരണ പ്രചാരണത്തിന് ഔദ്യോഗികമായി തുടക്കമാകും. രാമക്ഷേത്ര കവര്‍ച്ചയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ച വമ്പന്‍ സ്രാവുകളെ രക്ഷിക്കാന്‍ മോദി സര്‍ക്കാര്‍ നടത്തുന്ന നീക്കങ്ങള്‍ക്കെതിരെയുള്ള ഈ ക്യാമ്പയിനില്‍ പൊതുജനങ്ങള്‍ വലിയ തോതില്‍ പങ്കുചേരണമെന്നും കെജ്രിവാള്‍ അഭ്യര്‍ത്ഥിച്ചു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!