Tuesday, July 21, 2026

CJPക്ക് പിന്തുണയുമായി കോണ്‍ഗ്രസ്; പ്രധാനമന്ത്രിയുടെ വസതിയുടെ മുന്നില്‍ കുത്തിയിരുന്ന് നേതാക്കള്‍

ന്യൂഡല്‍ഹി: നീറ്റ് പരീക്ഷാ ക്രമക്കേടുകളിലും ചോദ്യപേപ്പര്‍ ചോര്‍ച്ചയിലും പ്രതിഷേധിച്ച് കോക്രോച്ച് ജനതാ പാര്‍ട്ടി (സിജെപി) ഡല്‍ഹി ജന്തര്‍ മന്തറില്‍ നടത്തിവരുന്ന സമരത്തിന് ശക്തമായ പിന്തുണയുമായി കോണ്‍ഗ്രസ് നേതൃത്വം രംഗത്തെത്തി. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടും വിദ്യാര്‍ത്ഥികള്‍ക്ക് നീതി ഉറപ്പാക്കണമെന്നും ഉന്നയിച്ചാണ് പ്രതിഷേധം കടുപ്പിച്ചത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിയിലേക്ക് മാര്‍ച്ച് നടത്താന്‍ ശ്രമിച്ച എഐസിസി പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി തുടങ്ങിയ പ്രമുഖ നേതാക്കളെ പൊലീസ് തടയുകയും കസ്റ്റഡിയിലെടുക്കുകയും ചെയ്തു. കൈകള്‍ കൂട്ടിക്കെട്ടിയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകരും നേതാക്കളും വേറിട്ട രീതിയില്‍ പ്രതിഷേധമാര്‍ച്ച് സംഘടിപ്പിച്ചത്. പ്രധാനമന്ത്രിയുടെ ഓഫീസിലേക്കും വസതിയിലേക്കും നീങ്ങാന്‍ ശ്രമിച്ച പ്രതിഷേധക്കാരെ പൊലീസ് ബലം പ്രയോഗിച്ച് നീക്കി. സമരക്കാരെ അറസ്റ്റ് ചെയ്ത് നീക്കുന്നതിനിടെ പ്രദേശത്ത് വലിയ രീതിയിലുള്ള ഉന്തിയും തള്ളും ഉടലെടുത്തു.

പരീക്ഷാ ക്രമക്കേടുകള്‍ക്കെതിരെ സമരം ചെയ്യുന്ന വിദ്യാര്‍ത്ഥികളുടെയും യുവാക്കളുടെയും ശബ്ദം അടിച്ചമര്‍ത്താനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് നേതാക്കള്‍ ആരോപിച്ചു. കഴിഞ്ഞ ദിവസം സിജെപി സമരത്തിന് നേരെ നടന്ന പൊലീസ് നടപടിയിലും ലാത്തിച്ചാര്‍ജ്ജിലും പരിക്കേറ്റവരെ രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും നേരിട്ടെത്തി സന്ദര്‍ശിച്ചിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് സമരം കൂടുതല്‍ ശക്തമാക്കി നേതാക്കള്‍ തെരുവിലിറങ്ങിയത്. അതിനിടെ, കേരളത്തില്‍ നിന്നുള്ള പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും ഡല്‍ഹിയിലെ സമരവേദി സന്ദര്‍ശിച്ച് പ്രക്ഷോഭത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. വരും ദിവസങ്ങളിലും പാര്‍ലമെന്റിലും തെരുവിലും വിഷയം ശക്തമായി ഉയര്‍ത്താനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!