ഓട്ടവ: അലര്‍ജിക്ക് കാരണമായേക്കാവുന്ന ഘടകം പാക്കറ്റില്‍ രേഖപ്പെടുത്താത്തതിനെ തുടര്‍ന്ന് കാനഡയില്‍ ഹെയ്ന്‍സ് ബ്രാന്‍ഡ് മയോണൈസ് തിരിച്ചുവിളിച്ചു. കടുക് അടങ്ങിയിട്ടുണ്ടെന്ന കാര്യം ലേബലില്‍ വ്യക്തമാക്കാത്തതിനാലാണ് നടപടിയെന്ന് കാനഡ ഫുഡ് ഇന്‍സ്പെക്ഷന്‍ ഏജന്‍സി (CFIA) അറിയിച്ചു.
ഹോട്ടലുകള്‍, റെസ്റ്റോറന്റുകള്‍, മറ്റ് സ്ഥാപനങ്ങള്‍ എന്നിവയ്ക്കായി വിതരണം ചെയ്ത 12.5 മില്ലിലിറ്റര്‍, 6.25 ലിറ്റര്‍ പായ്ക്കറ്റുകളിലുള്ള ‘ഹെയ്ന്‍സ് റിയല്‍ മയോണൈസ്’ ആണ് പിന്‍വലിച്ചത്. ആല്‍ബര്‍ട്ട, ബ്രിട്ടീഷ് കൊളംബിയ, മാനിറ്റോബ, ന്യൂ ബ്രണ്‍സ്വിക്, ന്യൂഫൗണ്ട്ലാന്‍ഡ് ആന്‍ഡ് ലാബ്രഡോര്‍, നോവ സ്‌കോട്ടിയ, ഒന്റാരിയോ, പ്രിന്‍സ് എഡ്വേഡ് ഐലന്‍ഡ്, ക്യൂബെക്, സസ്‌കാച്ചെവന്‍ എന്നീ പ്രവിശ്യകളില്‍ വിതരണം ചെയ്ത, 5 7000 0667200 കോഡിലുള്ള ഉല്‍പ്പന്നങ്ങളെയാണ് ഇത് ബാധിക്കുന്നത്. ഇവയുടെ കാലാവധി തീരുന്ന തീയതി 2027 മാര്‍ച്ച് 27, 28 എന്നിങ്ങനെയാണ്.

CFIA-യുടെ ‘ക്ലാസ് 3’ വിഭാഗത്തിലാണ് ഈ തിരിച്ചുവിളിക്കല്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. അതിനാല്‍ പൊതുവെ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് സാധ്യത കുറവാണെങ്കിലും, കടുകിനോട് അലര്‍ജിയുള്ളവര്‍ ഇത് ഉപയോഗിക്കരുതെന്ന് നിര്‍ദ്ദേശമുണ്ട്.
