ന്യൂഡല്‍ഹി: പാര്‍ലമെന്റ് മാര്‍ച്ചില്‍ പങ്കെടുത്ത വിദ്യാര്‍ഥികള്‍ക്കെതിരെ പൊലീസിന്റെ ഭാഗത്തുനിന്ന് നടപടിയോ അറസ്റ്റോ വേട്ടയാടലുകളോ ഉണ്ടാകില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ ഉറപ്പുനല്‍കിയാല്‍ താന്‍ നിരാഹാര സമരം അവസാനിപ്പിക്കാന്‍ തയ്യാറാണെന്ന് ആക്ടിവിസ്റ്റ് സോനം വാങ്ചുക്. കോക്ക്റോച്ച് ജനതാ പാര്‍ട്ടിയുടെ (CJP) ഉപവാസ സമരത്തിന്റെ 25-ാം ദിവസം ഗുരുഗ്രാമിലെ സ്വകാര്യ ആശുപത്രിയില്‍ നിന്ന് പങ്കുവെച്ച സന്ദേശത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ‘ഞാന്‍ ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്’ എന്ന വാക്കുകളോടെ ആരംഭിക്കുന്ന മൂന്ന് മിനിറ്റ് ദൈര്‍ഘ്യമുള്ള വിഡിയോ സന്ദേശമാണ് അദ്ദേഹം പുറത്തുവിട്ടത്.
ഉപവാസത്തിനിടെ 11 കിലോ ഭാരം കുറഞ്ഞെങ്കിലും തന്റെ ????്യം തൃപ്തികരമാണെന്ന് അദ്ദേഹം അറിയിച്ചു. വിദഗ്ധ വൈദ്യപരിശോധനകള്‍ക്കായി ചൊവ്വാഴ്ച രാത്രിയാണ് അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റിയത്. ഡല്‍ഹിയില്‍ നടന്ന ‘ചലോ സന്‍സദ്’ മാര്‍ച്ചില്‍ പങ്കെടുത്ത വിദ്യാര്‍ഥികളുടെ ധീരതയെയും സംയമനത്തെയും സോനം വാങ്ചുക് പ്രശംസിച്ചു. പൊലീസിന്റെ കടുത്ത ലാത്തിച്ചാര്‍ജ് നേരിടേണ്ടി വന്നിട്ടും പ്രക്ഷോഭകര്‍ കാണിച്ച അച്ചടക്കം തന്നെ ആഴത്തില്‍ സ്വാധീനിച്ചുവെന്നും, അതാണ് നിരാഹാര സമരം തുടരാന്‍ തനിക്ക് ഊര്‍ജ്ജം നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു.

ഭരണകക്ഷിയിലെ മന്ത്രിമാര്‍ ഉള്‍പ്പെടെ നിരവധിയാളുകള്‍ ഉപവാസം അവസാനിപ്പിക്കാന്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ടെന്ന് വാങ്ചുക് വെളിപ്പെടുത്തി. വിദ്യാര്‍ത്ഥികള്‍ക്കെതിരെ ബലപ്രയോഗം നടത്തില്ലെന്നും എഫ്.ഐ.ആറോ മറ്റു നിയമനടപടികളോ എടുക്കില്ലെന്നും സര്‍ക്കാര്‍ ഉറപ്പുനല്‍കിയാല്‍ ഇന്ന് തന്നെ സമരം അവസാനിപ്പിച്ചു സര്‍ക്കാരുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് അദ്ദേഹം വ്യക്തമാക്കി. ചൊവ്വാഴ്ച വൈകിട്ട് കേന്ദ്രമന്ത്രിമാരായ ജെ.പി. നഡ്ഡയും ജിതേന്ദ്ര സിങ്ങും ആശുപത്രിയിലെത്തി വാങ്ചുക്കിനെ സന്ദര്‍ശിച്ചിരുന്നു. അതേസമയം, കേന്ദ്രമന്ത്രിയുടെ രാജിയടക്കമുള്ള പ്രധാന ആവശ്യങ്ങള്‍ അംഗീകരിക്കാതെ പിന്നോട്ടില്ലെന്ന നിലപാടിലാണ് സി.ജെ.പി നേതൃത്വം.
