Sunday, July 26, 2026

ബംഗ്ലാദേശ് പ്രസിഡന്റ് മുഹമ്മദ് ഷഹാബുദ്ദീൻ രാജിവെച്ചു

ധാക്ക: ബംഗ്ലാദേശ് പ്രസിഡന്റ് മുഹമ്മദ് ഷഹാബുദ്ദീൻ രാജിവെച്ചു. അഞ്ചുവർഷത്തെ കാലാവധി പൂർത്തിയാക്കാൻ രണ്ട് വർഷം കൂടി ബാക്കിയിരിക്കെയാണ് അദ്ദേഹത്തിന്റെ അപ്രതീക്ഷിത രാജി. ആരോഗ്യപരമായ കാരണങ്ങളാൽ ഭരണഘടനാപരമായ ചുമതലകൾ തുടരാൻ കഴിയാത്ത സാഹചര്യത്തിലാണ് രാജിയെന്നാണ് റിപ്പോർട്ടുകൾ.

ഷഹാബുദ്ദീന്റെ രാജിയോടെ ഭരണഘടനാ വ്യവസ്ഥകൾ പ്രകാരം പാർലമെന്റ് സ്പീക്കർ ഹാഫിസുദ്ദീൻ അഹമ്മദ് താൽക്കാലിക പ്രസിഡന്റായി ചുമതലയേൽക്കും. പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്നതുവരെ അദ്ദേഹം ഈ ചുമതല വഹിക്കും. ഭരണഘടന പ്രകാരം അടുത്ത 90 ദിവസത്തിനുള്ളിൽ പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്നതിനുള്ള നടപടി പൂർത്തിയാക്കേണ്ടതുണ്ട്.

2023 ഏപ്രിൽ 24-നാണ് അവാമി ലീഗ് നോമിനിയായി മുഹമ്മദ് ഷഹാബുദ്ദീൻ ബംഗ്ലാദേശ് പ്രസിഡന്റായി ചുമതലയേറ്റത്. ഷെയ്ഖ് ഹസീനയുടെ നേതൃത്വത്തിലുള്ള അവാമി ലീഗ് സർക്കാരിന്റെ പതനത്തിന് ശേഷവും ഔദ്യോഗിക സ്ഥാനത്ത് തുടർന്ന ഹസീന യുഗത്തിലെ അവസാന പ്രമുഖരിൽ ഒരാളായിരുന്നു അദ്ദേഹം.

1971-ലെ ബംഗ്ലാദേശ് വിമോചന സമരത്തിൽ പങ്കെടുത്ത ഷഹാബുദ്ദീൻ പിന്നീട് ജഡ്ജിയായും പ്രവർത്തിച്ചിരുന്നു. 2028 ഏപ്രിൽ വരെയായിരുന്നു അദ്ദേഹത്തിന്റെ പ്രസിഡൻഷ്യൽ കാലാവധി നിശ്ചയിച്ചിരുന്നത്.

പ്രധാനമന്ത്രി താരീഖ് റഹ്മാന്റെ നേതൃത്വത്തിലുള്ള പുതിയ സർക്കാരിന് കീഴിൽ പ്രസിഡന്റിന്റെ ഭരണഘടനാപരമായ പങ്കിനെക്കുറിച്ച് ചില അസ്വസ്ഥതകൾ നിലനിന്നിരുന്നതായും റിപ്പോർട്ടുകളുണ്ട്. ഷഹാബുദ്ദീനും മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയും തമ്മിൽ ഫോൺ സംഭാഷണം നടത്തിയെന്ന വാർത്തകളാണ് രാജിയിലേക്ക് നയിച്ചതെന്ന് ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടിയിലെ ഒരു മുതിർന്ന നേതാവിനെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!