Saturday, July 25, 2026

രാഷ്ട്രസേവനത്തിന് മുന്‍ഗണന, പ്രധാനമന്ത്രിക്ക് നന്ദി; രാജിക്ക് പിന്നാലെ പ്രതികരിച്ച് ധര്‍മേന്ദ്ര പ്രധാന്‍

ന്യൂഡല്‍ഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രിസ്ഥാനമൊഴിഞ്ഞതിന് പിന്നാലെ പ്രസ്താവനയുമായി ധര്‍മേന്ദ്ര പ്രധാന്‍. രാജ്യത്തെ വിദ്യാര്‍ത്ഥികളുടെ ഭാവി നിയമക്കുരുക്കുകളില്‍ പെടുത്താന്‍ ആഗ്രഹിക്കാത്തതിനാലാണ് താന്‍ പദവി ഒഴിയുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ 10 ദിവസമായി രാജ്യത്തുണ്ടായ സംഭവവികാസങ്ങള്‍ ഏറെ വേദനിപ്പിച്ചു. ഇത് വ്യക്തിപരമായ അഭിമാനത്തിന്റെയോ പദവിയുടെയോ പ്രശ്‌നമല്ലെന്നും രാജ്യവിരുദ്ധ ശക്തികള്‍ നിലവിലെ സാഹചര്യം മുതലെടുക്കാന്‍ ഇടയാകരുതെന്ന കരുതലിലാണ് ഈ തീരുമാനമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ശക്തവും ദീര്‍ഘദര്‍ശിയുമായ ഒരു വിദ്യാഭ്യാസ സംവിധാനമാണ് രാഷ്ട്രത്തിന്റെ അടിത്തറയെന്ന് ചൂണ്ടിക്കാണിച്ച ധര്‍മേന്ദ്ര പ്രധാന്‍, ഇന്ത്യയിലെ യുവതലമുറയുടെ സ്വപ്നങ്ങളും അഭിലാഷങ്ങളും സാക്ഷാത്കരിക്കുക എന്നത് തങ്ങളുടെ രാഷ്ട്രീയവും സാമൂഹികവുമായ ധാര്‍മ്മിക പ്രതിജ്ഞയാണെന്നും പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ദീര്‍ഘദര്‍ശിയായ നേതൃത്വത്തില്‍ രാഷ്ട്രത്തെ സേവിക്കാന്‍ ലഭിച്ച അവസരത്തിന് അദ്ദേഹം പ്രധാനമന്ത്രിയോട് ആഴത്തിലുള്ള നന്ദിയും രേഖപ്പെടുത്തി.

പരീക്ഷാ ക്രമക്കേടുകള്‍ ഉയര്‍ന്നുവന്ന ഘട്ടത്തില്‍ 20 ലക്ഷത്തിലധികം വിദ്യാര്‍ത്ഥികളുടെ പരീക്ഷ സുഗമമായി നടത്തുക എന്നതായിരുന്നു മന്ത്രാലയത്തിന്റെ പ്രധാന മുന്‍ഗണന. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെയും ജില്ലാ ഭരണകൂടങ്ങളുടെയും സഹകരണത്തോടെ ജൂണ്‍ 21-ന് ഈ പരീക്ഷ പൂര്‍ത്തിയാക്കാന്‍ സാധിച്ചു. തുടക്കം മുതല്‍ തന്നെ ഉയര്‍ന്നുവന്ന വിവാദങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുണ്ടെന്നും ഒരു ഘട്ടത്തിലും ചുമതലകളില്‍ നിന്ന് ഒളിച്ചോടിയിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പരീക്ഷാ മാഫിയ കാരണം മിടുക്കരായ വിദ്യാര്‍ത്ഥികളുടെ ഭാവി തകരരുത് എന്നതായിരുന്നു തന്റെ ഉറച്ച പ്രതിജ്ഞയെന്നും അദ്ദേഹം വ്യക്തമാക്കി.

ജൂലൈ 16-ന് പ്രഖ്യാപിച്ച നീറ്റ്-യുജി ഫലങ്ങള്‍ തൃപ്തികരമായിരുന്നുവെന്നും സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന നിരവധി വിദ്യാര്‍ത്ഥികള്‍ മികച്ച വിജയം നേടിയെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ഉത്തരവാദിത്തപ്പെട്ട സ്ഥാനങ്ങളിലിരിക്കുന്ന ചിലര്‍ വിദ്യാര്‍ത്ഥികളെ വഴിതെറ്റിക്കാനും തെറ്റിദ്ധരിപ്പിക്കാനും ശ്രമിച്ചത് ഏറെ സങ്കടകരമാണ്. ജനാധിപത്യത്തിന്റെ ശക്തിയില്‍ എപ്പോഴും വിശ്വാസമര്‍പ്പിക്കുന്ന ആളാണ് താനെന്നും രാജ്യത്തിന്റെ യഥാര്‍ത്ഥ ശക്തിയായ യുവജനങ്ങളെ ആശയക്കുഴപ്പത്തിന്റെ കെണിയില്‍ വീഴാന്‍ അനുവദിക്കില്ലെന്നും ധര്‍മേന്ദ്ര പ്രധാന്‍ കൂട്ടിച്ചേര്‍ത്തു. സഹപ്രവര്‍ത്തകര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും നന്ദി അറിയിച്ച അദ്ദേഹം, രാഷ്ട്രസേവനമാണ് തന്റെ ജീവിതത്തിലെ പരമോന്നത മുന്‍ഗണനയെന്ന് വ്യക്തമാക്കിക്കൊണ്ടാണ് പ്രസ്താവന അവസാനിപ്പിച്ചത്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!