വന്‍കൂവര്‍: കാട്ടുതീ അതിവേഗം പടരുന്ന സാഹചര്യത്തില്‍ ബ്രിട്ടിഷ് കൊളംബിയയിലുള്ള ക്ലിന്റണ്‍ (Clinton, B.C.) ഗ്രാമം മുഴുവനായി ഒഴിപ്പിച്ചു. ‘പിയര്‍ ലേക്ക്’ (Pear Lake) മേഖലയില്‍ ഉണ്ടായ കാട്ടുതീ ഗ്രാമത്തെയും പരിസര പ്രദേശങ്ങളെയും കവര്‍ന്നതോടെ തോംസണ്‍-നികോള റീജിയണല്‍ ഡിസ്ട്രിക്റ്റ് (TNRD) ഒഴിപ്പിക്കല്‍ നടപടികള്‍ വിപുലീകരിക്കുകയായിരുന്നു. സുരക്ഷ മുന്നില്‍ക്കണ്ട് മേഖലയിലൂടെ കടന്നുപോകുന്ന ഹൈവേ 97 പൂര്‍ണ്ണമായും അടച്ചുപൂട്ടിയിട്ടു.
ഒഴിഞ്ഞുപോകുന്ന ജനങ്ങള്‍ക്കായി കാംലൂപ്‌സിലെ (Kamloops) മക് ആര്‍തര്‍ ഐലന്‍ഡ് സ്‌പോര്‍ട്‌സ് ആന്‍ഡ് ഈവന്റ്‌സ് സെന്ററില്‍ അടിയന്തര അഭയകേന്ദ്രം സജ്ജമാക്കിയിട്ടുണ്ട്. ജൂലൈ 17-ന് ഇടിമിന്നലേറ്റാണ് പിയര്‍ ലേക്ക് മേഖലയില്‍ കാട്ടുതീ പടര്‍ന്നതെന്നാണ് നിഗമനം. നിലവില്‍ 4,400 ഹെക്ടറിലധികം (44 ചതുരശ്ര കിലോമീറ്റര്‍) വിസ്തൃതിയില്‍ തീ പടര്‍ന്നുപിടിച്ചിട്ടുണ്ടെന്ന് ബി.സി. വൈല്‍ഡ്ഫയര്‍ സര്‍വീസ് വ്യക്തമാക്കി. കാറ്റിന്റെ ഉയര്‍ന്ന വേഗതയും ചൂടുകൂടിയ വരണ്ട കാലാവസ്ഥയും തീ നിയന്ത്രണവിധേയമാക്കുന്നതിന് വന്‍ വെല്ലുവിളിയാണ് സൃഷ്ടിക്കുന്നത്. 53 അഗ്‌നിശമന സേനാംഗങ്ങളും 15 ഹെലികോപ്റ്ററുകളും വന്‍കിട യന്ത്രങ്ങളും പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.

മേഖലയില്‍ മുന്‍പും സമാനമായ കാട്ടുതീ ഭീഷണികള്‍ ഉണ്ടായിട്ടുള്ളതിനാല്‍ ജനങ്ങള്‍ ശാന്തരായി അടിയന്തര സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്ന് ക്ലിന്റണ്‍ മേയര്‍ റോളന്‍ഡ് സ്റ്റാങ്കെ അഭ്യര്‍ത്ഥിച്ചു. ഒഴിഞ്ഞുപോകുന്നവര്‍ അവശ്യവസ്തുക്കളും വളര്‍ത്തുമൃഗങ്ങളെയും മാത്രം കൂടെ കരുതണമെന്നും അയല്‍പക്കങ്ങളില്‍ വാഹനം ആവശ്യമുള്ളവര്‍ക്ക് സഹായം നല്‍കണമെന്നും അധികൃതര്‍ അറിയിച്ചു. നിലവില്‍ ബ്രിട്ടീഷ് കൊളംബിയ പ്രവിശ്യയിലൊട്ടാകെ നൂറിലധികം സജീവ കാട്ടുതീ ബാധകള്‍ നിലനില്‍ക്കുന്നുണ്ട്.
