പാരിസ് / മഡ്രിഡ്∙ യൂറോപ്പിൽ കടുത്ത ഉഷ്ണതരംഗത്തിനും ശക്തമായ കാറ്റിനും പുറമെ ഫ്രാൻസ്, സ്പെയിൻ, ഇറ്റലി എന്നിവിടങ്ങളിൽ കാട്ടുതീ വ്യാപകമായി പടരുന്നു. തീപിടിത്തത്തെ തുടർന്ന് ഇതുവരെ ഏകദേശം രണ്ട് ലക്ഷം പേരെ വീടുകളിൽനിന്നും റിസോർട്ടുകളിൽനിന്നും സുരക്ഷിത കേന്ദ്രങ്ങളിലേക്ക് ഒഴിപ്പിച്ചു. സ്ഥിതിഗതികൾ രൂക്ഷമായതോടെ സ്പെയിൻ ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഫ്രാൻസിൽ മാത്രം 22,000 ഹെക്ടറിലധികം വനഭൂമി കത്തിനശിച്ചതിനെ തുടർന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോ യൂറോപ്യൻ യൂണിയന്റെ സഹായം തേടുകയും അഗ്നിശമന പ്രവർത്തനങ്ങൾക്ക് സൈന്യത്തെ വിന്യസിക്കുകയും ചെയ്തു.

സ്പെയിനിൽ തലസ്ഥാനമായ മഡ്രിഡിന് സമീപത്തെ വനമേഖലകളിലുണ്ടായ കാട്ടുതീയെ തുടർന്ന് 60,000 പേരെ ഒഴിപ്പിച്ചു. ഗ്വാഡലഹാറയിൽ മാത്രം 32,000 ഹെക്ടർ വനഭൂമിയാണ് കത്തിനശിച്ചത്. സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി മഡ്രിഡിൽ പ്രവർത്തിക്കുന്ന നാസയുടെ ഡീപ് സ്പേസ് കമ്മ്യൂണിക്കേഷൻസ് കോംപ്ലക്സിന്റെ (MDSCC) പ്രവർത്തനം താൽക്കാലികമായി നിർത്തിവച്ച് ജീവനക്കാരെ ഒഴിപ്പിച്ചു.
കാട്ടുതീ നിയന്ത്രണവിധേയമാക്കാൻ യൂറോപ്യൻ യൂണിയൻ ഫ്രാൻസിലേക്ക് മൂന്ന് അഗ്നിശമന വിമാനങ്ങളും സ്പെയിനിലേക്ക് നാല് വിമാനങ്ങളും അയച്ചിട്ടുണ്ട്. അഗ്നിശമന പ്രവർത്തനങ്ങൾക്കിടെ ഫ്രാൻസിൽ രണ്ട് ഫയർഫൈറ്റർമാരും ഇറ്റലിയിലെ സിസിലിയിൽ ഒരാളും മരിച്ചതായി അധികൃതർ അറിയിച്ചു.
