ഓട്ടവ: ഫോര്‍ഡ് മോട്ടോര്‍ കമ്പനി (Ford Motor Co.) തങ്ങളുടെ ജനപ്രിയ വാഹനങ്ങളായ ബ്രോങ്കോ (Bronco), ബ്രോങ്കോ റാപ്റ്റര്‍ (Bronco Raptor) മോഡലുകള്‍ തിരിച്ചുവിളിച്ചു. എഞ്ചിന് തീപിടുക്കാന്‍ സാധ്യതയുള്ളതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് തിരിച്ചുവിളിച്ചത്. എഞ്ചിന്‍ കംപാര്‍ട്ട്മെന്റിലെ വയറിങ്് ഹാര്‍നെസിലുണ്ടാകുന്ന ഷോര്‍ട്ട് സര്‍ക്യൂട്ട് തീപിടുത്തത്തിന് കാരണമായേക്കാം എന്ന വിലയിരുത്തലിലാണ് നടപടി. കാനഡയിലെ 36,061 വാഹനങ്ങള്‍ ഉള്‍പ്പെടെ ലോകമെമ്പാടുമുള്ള അഞ്ച് ലക്ഷത്തിലധികം വാഹനങ്ങളെയാണ് ഈ തിരിച്ചുവിളിക്കല്‍ ബാധിക്കുന്നത്.
2021 മുതല്‍ 2026 വരെയുള്ള മോഡല്‍ വര്‍ഷങ്ങളിലെ മൊത്തം 5,65,691 ഫോര്‍ഡ് ബ്രോങ്കോ വാഹനങ്ങളാണ് ആഗോളതലത്തില്‍ തിരിച്ചുവിളിക്കല്‍ പട്ടികയിലുള്ളത്. ഇതില്‍ ഒരു ശതമാനത്തോളം വാഹനങ്ങളില്‍ വയറിങ് തകരാര്‍ ഉണ്ടാകാമെന്ന് കമ്പനി കണക്കാക്കുന്നു. എന്നാല്‍ ഈ തകരാര്‍ മൂലമുള്ള അപകടങ്ങളോ പരുക്കുകളോ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് ഫോര്‍ഡ് വ്യക്തമാക്കി. വയറിങ് ഹാര്‍നെസിന് ആവശ്യമായ സംരക്ഷണം ലഭിക്കാത്തതിനാല്‍ വയറുകള്‍ പുറത്തുവരികയും ഇത് ഷോര്‍ട്ട് സര്‍ക്യൂട്ടിന് വഴിവെക്കുകയും ചെയ്യുന്നതാണ് പ്രധാന പ്രശ്‌നം. ഇത്തരത്തില്‍ ഷോര്‍ട്ട് സര്‍ക്യൂട്ട് ഉണ്ടായാല്‍ എയര്‍ വെന്റുകളിലൂടെ പുക ഉയരുകയോ ഡാഷ്ബോര്‍ഡില്‍ മുന്നറിയിപ്പ് സന്ദേശം തെളിയുകയോ ചെയ്യാം. തുടര്‍ന്ന് എഞ്ചിന്‍ കംപാര്‍ട്ട്മെന്റിന്റെ പാസഞ്ചര്‍ വശത്തുനിന്ന് തീ പടരാന്‍ സാധ്യതയുണ്ട്.

ഈ സാങ്കേതിക തകരാറിനുള്ള ശാശ്വത പരിഹാരം വികസിപ്പിച്ചെടുത്തിട്ടുണ്ടെന്നും ആഗസ്റ്റ് മാസത്തോടെ അത് സജ്ജമാകുമെന്നും വാഹന നിര്‍മ്മാതാക്കള്‍ അറിയിച്ചു. തകരാര്‍ പരിഹരിക്കുന്നതിനായി ഡീലര്‍ഷിപ്പുകള്‍ വഴി വയറിംഗിന് സൗജന്യമായി പുതിയ കവറുകള്‍ ഇന്‍സ്റ്റാള്‍ ചെയ്തു നല്‍കും. തങ്ങളുടെ വാഹനം ഈ തിരിച്ചുവിളിക്കലില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് ഉടമകള്‍ക്ക് ഫോര്‍ഡിന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴി പരിശോധിക്കാവുന്നതാണ്. തകരാര്‍ തിരിച്ചറിയുന്നതിനായി ഫോര്‍ഡ് നല്‍കിയിരിക്കുന്ന റീക്കോള്‍ നമ്പര്‍ ’26S55′ ആണ്.
