ഒട്ടാവ: കാനഡയിലെ ഒന്റാറിയോ, ക്യൂബെക്, ബ്രിട്ടീഷ് കൊളംബിയ എന്നീ പ്രവിശ്യകളിലെ മൂന്ന് ഫെഡറൽ മണ്ഡലങ്ങളിൽ ഓഗസ്റ്റ് 31-ന് ഉപതിരഞ്ഞെടുപ്പ് നടക്കുമെന്ന് പ്രധാനമന്ത്രി മാർക്ക് കാർണി പ്രഖ്യാപിച്ചു.
ബീച്ചസ്—ഈസ്റ്റ് യോർക്ക് (ഒന്റാറിയോ), ചികൂട്ടിമി—ലെ ഫ്യോർഡ് (ക്യൂബെക്), നോർത്ത് വാങ്കൂവർ—കാപിലാനോ (ബ്രിട്ടീഷ് കൊളംബിയ) എന്നീ മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടക്കുക.

ഒന്റാറിയോയിലെ ബീച്ചസ്—ഈസ്റ്റ് യോർക്ക് മണ്ഡലം മുൻ ഫെഡറൽ ഭവനകാര്യ മന്ത്രി നേറ്റ് എർസ്കിൻ-സ്മിത്ത് രാജിവെച്ചതോടെയാണ് ഒഴിവായത്. ഒന്റാറിയോ ലിബറൽ പാർട്ടി നേതൃസ്ഥാനത്തേക്ക് മത്സരിക്കാനായിരുന്നു അദ്ദേഹത്തിന്റെ തീരുമാനം. എന്നാൽ പ്രവിശ്യാ ഉപതിരഞ്ഞെടുപ്പിലെ സ്ഥാനാർഥിത്വ മത്സരത്തിൽ പരാജയപ്പെട്ടതോടെ അദ്ദേഹത്തിന്റെ ഭാവി രാഷ്ട്രീയ നീക്കങ്ങൾ അനിശ്ചിതമായി.
ക്യൂബെക്കിലെ ചിക്കൂട്ടിമി—ലെ ഫ്യോർഡ് മണ്ഡലത്തിൽ നിന്നുള്ള കൺസർവേറ്റീവ് എംപി റിച്ചാർഡ് മാർട്ടൽ, കാനഡ സെനറ്റിലേക്ക് നിയമിതനായതിനെ തുടർന്ന് എംപി സ്ഥാനം രാജിവെച്ചു.
ബ്രിട്ടീഷ് കൊളംബിയയിലെ നോർത്ത് വാങ്കൂവർ—കാപിലാനോ മണ്ഡലം മുൻ ലിബറൽ എംപി ജോനാഥൻ വിൽക്കിൻസൺ കാനഡയുടെ യൂറോപ്യൻ യൂണിയനിലെ അംബാസഡറായി നിയമിതനായതോടെയാണ് ഒഴിവായത്.
അതേസമയം, മൂന്ന് മണ്ഡലങ്ങളിലേക്കുമുള്ള സ്ഥാനാർഥികളെ ലിബറൽ പാർട്ടി പ്രഖ്യാപിച്ചു. ബീച്ചസ്—ഈസ്റ്റ് യോർക്കിൽ തൻവീർ ഷഹ്നവാസ്, ചിക്കൂട്ടിമി—ലെ ഫ്യോർഡിൽ ഡാനിയൽ ഗോബെയിൽ, നോർത്ത് വാങ്കൂവർ—കാപിലാനോയിൽ ബ്രെയ്ഡൻ കാലി എന്നിവരാണ് ലിബറൽ സ്ഥാനാർഥികൾ.
