ടൊറന്റോ: കാനഡയിലെ ടൊറന്റോയിൽ സ്ഥിതി ചെയ്യുന്ന യുഎസ് കോൺസുലേറ്റിന് സമീപം വെടിവെപ്പ്. ഇന്ന് പുലർച്ചെയാണ് സംഭവം നടന്നതെന്ന് പൊലീസ് അറിയിച്ചു. വെടിയുണ്ട പ്രയോഗിച്ചതിന്റെ തെളിവുകൾ കെട്ടിടത്തിന് പുറത്ത് കണ്ടെത്തിയതിനെ തുടർന്ന് പൊലീസ് പ്രദേശം വളഞ്ഞ് അന്വേഷണം ആരംഭിച്ചു.
യൂണിവേഴ്സിറ്റി അവന്യൂ–ആർമറി സ്ട്രീറ്റ് മേഖലയ്ക്ക് സമീപം പുലർച്ചെ 4.45 ഓടെ വെടിയൊച്ച കേട്ടതായി ടൊറന്റോ പൊലീസ് അറിയിച്ചു. തുടർന്ന് നടത്തിയ പരിശോധനയിലാണ് യുഎസ് കോൺസുലേറ്റിന് പുറത്തായി വെടിയുതിർത്തതിന്റെ തെളിവുകൾ കണ്ടെത്തിയത്.സംഭവസ്ഥലത്ത് നിന്ന് ഒരു വെള്ള നിറത്തിലുള്ള സെഡാൻ കാർ രക്ഷപ്പെട്ടതായി പൊലീസ് വ്യക്തമാക്കി. എന്നാൽ പ്രതികളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. സംഭവത്തിൽ ആർക്കും പരുക്കേറ്റതായി റിപ്പോർട്ടുകളില്ല.

ഇന്നത്തെ വെടിവെപ്പിൽ കോൺസുലേറ്റ് തന്നെയാണോ ലക്ഷ്യമിട്ടതെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടില്ല. അന്വേഷണം പുരോഗമിക്കുകയാണെന്നും കൂടുതൽ വിവരങ്ങൾ പിന്നീട് പുറത്തുവിടുമെന്നും അധികൃതർ അറിയിച്ചു.സംഭവത്തെ തുടർന്ന് കോൺസുലേറ്റിന് ചുറ്റുമുള്ള പ്രദേശം പൊലീസ് ബാരിക്കേഡ് ഉപയോഗിച്ച് അടച്ചിട്ടുണ്ട്. യൂണിവേഴ്സിറ്റി അവന്യൂവിലെ ചില ഭാഗങ്ങളിൽ വാഹന ഗതാഗതത്തിനും കാൽനട യാത്രയ്ക്കും നിയന്ത്രണം ഏർപ്പെടുത്തി. ഫോറൻസിക് സംഘങ്ങൾ ഉൾപ്പെടെ നിരവധി പൊലീസ് വാഹനങ്ങൾ സ്ഥലത്തെത്തി പരിശോധന നടത്തി.
മാർച്ച് 10-ന് ഇതേ യുഎസ് കോൺസുലേറ്റ് കെട്ടിടത്തിന് നേരെ വെടിവയ്പ് നടന്നിരുന്നു. അന്ന് ആർക്കും പരുക്കേറ്റില്ലെങ്കിലും സംഭവം ദേശീയ സുരക്ഷാ വിഷയമാണെന്ന് ആർസിഎംപി കണ്ടെത്തിയിരുന്നു. പിന്നീട് നടന്ന അന്വേഷണത്തിൽ നിരവധി പേരെ അറസ്റ്റ് ചെയ്തിരുന്നു.ഇന്ന് നടന്ന വെടിവെപ്പുമായി ബന്ധപ്പെട്ട് എന്തെങ്കിലും വിവരം ലഭിക്കുന്നവർ ടൊറന്റോ പൊലീസുമായി ബന്ധപ്പെടണമെന്ന് അധികൃതർ നിർദേശിച്ചു.
