Monday, July 27, 2026

എമർജൻസി ഡോക്ടർമാരുടെ ക്ഷാമം രൂക്ഷമാകുന്നു; കാനഡയിലെ ദേശീയ സർവേയിൽ മുന്നറിയിപ്പ്

ഓട്ടവ: കാനഡയിൽ എമർജൻസി ഡോക്ടർമാരുടെ ക്ഷാമം രൂക്ഷമാകുന്നതായി ദേശീയ സർവേ റിപ്പോർട്ട്. എമർജൻസി വിഭാഗങ്ങളിൽ സേവനം ചെയ്യുന്ന ഡോക്ടർമാരിൽ പത്തിൽ ഒരാൾ വീതം തങ്ങളുടെ സ്പെഷ്യാലിറ്റി ഉപേക്ഷിച്ചതായി സർവേ വ്യക്തമാക്കുന്നു. അമിത ജോലിഭാരവും കടുത്ത മാനസിക സമ്മർദ്ദവുമാണ് ഡോക്ടർമാരെ ഇത്തരം തീരുമാനങ്ങളിലേക്ക് നയിക്കുന്ന പ്രധാന കാരണങ്ങളെന്ന് പഠനം ചൂണ്ടിക്കാട്ടുന്നു.

കനേഡിയൻ മെഡിക്കൽ അസോസിയേഷൻ ജേണലിൽ പ്രസിദ്ധീകരിച്ച പഠനം, നെറ്റ്‌വർക്ക് ഓഫ് കനേഡിയൻ എമർജൻസി റിസർച്ചേഴ്‌സുമായി ചേർന്ന് കിങ്സ്റ്റൺ ഹെൽത്ത് സയൻസസ് സെന്ററിലെ എമർജൻസി ഫിസിഷ്യനും ക്വീൻസ് സർവകലാശാലയിലെ പ്രൊഫസറുമായ ഡോ. കെർസ്റ്റിൻ ഡി വിറ്റിന്റെ നേതൃത്വത്തിലാണ് നടത്തിയത്.

രാജ്യത്തെ 400-ലധികം എമർജൻസി ഡോക്ടർമാരിൽ നടത്തിയ ഓൺലൈൻ സർവേയിൽ പങ്കെടുത്തവരിൽ പകുതിയോളം പേർ ക്ലിനിക്കൽ ജോലി സമയം കുറച്ചതായി അറിയിച്ചു. 20 ശതമാനം പേർ അവധിയെടുത്തതായും 10 ശതമാനം പേർ എമർജൻസി വിഭാഗത്തിലെ ജോലി പൂർണമായും ഉപേക്ഷിച്ചതായും സർവേയിൽ പറയുന്നു. വനിതാ ഡോക്ടർമാരിലും പ്രായം കുറഞ്ഞ ഡോക്ടർമാരിലുമാണ് മാനസിക സമ്മർദ്ദം കൂടുതൽ പ്രകടമാകുന്നതെന്നും പഠനം വിലയിരുത്തുന്നു.

2024-ലെ കനേഡിയൻ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹെൽത്ത് ഇൻഫർമേഷൻ (CIHI) കണക്കുകൾ പ്രകാരം രാജ്യത്ത് ഏകദേശം 2,250 എമർജൻസി ഫാമിലി മെഡിസിൻ ഫിസിഷ്യൻമാരും 1,500 എമർജൻസി മെഡിസിൻ ഫിസിഷ്യൻമാരുമാണ് സേവനമനുഷ്ഠിക്കുന്നത്.

പ്രാഥമിക ആരോഗ്യസംരക്ഷണ ദാതാക്കളുടെ കുറവ്, എമർജൻസി വിഭാഗങ്ങളിലെ അമിത തിരക്ക്, ജീവനക്കാരുടെ ക്ഷാമം എന്നിവയാണ് നിലവിലെ പ്രതിസന്ധിക്ക് പ്രധാന കാരണങ്ങളെന്ന് ഗവേഷകർ ചൂണ്ടിക്കാട്ടുന്നു. 2024–25 സാമ്പത്തിക വർഷത്തിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ഓരോ പത്ത് രോഗികളിൽ ഒരാൾക്ക് എമർജൻസി വിഭാഗത്തിൽ ചികിത്സ ലഭിക്കാൻ 48 മണിക്കൂറിലധികം കാത്തിരിക്കേണ്ടി വന്നതായും റിപ്പോർട്ടിൽ പറയുന്നു. ആറ് വർഷം മുമ്പത്തെ അപേക്ഷിച്ച് കാത്തിരിപ്പ് സമയം 12 മണിക്കൂർ വർധിച്ചതായും കണ്ടെത്തിയിട്ടുണ്ട്.

പ്രതിസന്ധി മറികടക്കാൻ പ്രാഥമിക ആരോഗ്യസംരക്ഷണ സംവിധാനങ്ങൾ ശക്തിപ്പെടുത്തണമെന്നും വയോജനങ്ങൾക്കായുള്ള പ്രത്യേക എമർജൻസി പരിചരണ സേവനങ്ങളിൽ കൂടുതൽ നിക്ഷേപം നടത്തണമെന്നും ഗവേഷകർ നിർദേശിച്ചു. ആരോഗ്യ മേഖലയ്ക്കുള്ള ധനസഹായം വർധിപ്പിക്കുകയും കൂടുതൽ സുതാര്യതയും ഉത്തരവാദിത്തവും ഉറപ്പാക്കുകയും വേണമെന്ന് കനേഡിയൻ അസോസിയേഷൻ ഓഫ് എമർജൻസി ഫിസിഷ്യൻസ് (CAEP) ഫെഡറൽ, പ്രവിശ്യാ സർക്കാരുകളോട് ആവശ്യപ്പെട്ടു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!