Tuesday, July 28, 2026

ആഡംബര ഹോട്ടൽ താമസത്തിന് പൊതുപണം; ടിം ഹൂസ്റ്റണിനെതിരെ വിമർശനം ശക്തം

ഹാലിഫാക്സ്: കാനഡയിലെ നോവസ്കോഷ പ്രീമിയർ ടിം ഹൂസ്റ്റൺ വിദേശ സന്ദർശനങ്ങൾക്കിടെ ആഡംബര ഹോട്ടലുകളിൽ താമസിക്കാൻ പൊതുപണം ചെലവഴിച്ചെന്ന ആരോപണം രാഷ്ട്രീയ വിവാദത്തിന് വഴിവെച്ചു. കഴിഞ്ഞ വർഷം ലണ്ടൻ സന്ദർശനത്തിനിടെ മൂന്ന് ദിവസത്തെ ഹോട്ടൽ താമസത്തിനായി മാത്രം 3,200 ഡോളറിലധികം ചെലവഴിച്ചതായി പുറത്തുവന്ന രേഖകളാണ് വിമർശനത്തിന് ഇടയാക്കിയത്.

കനേഡിയൻ ടാക്സ് പേയേഴ്സ് ഫെഡറേഷൻ പുറത്തുവിട്ട വിവരങ്ങൾ പ്രകാരം, കഴിഞ്ഞ വർഷം പാരിസ്, ബോസ്റ്റൺ, ലണ്ടൻ, മിലാൻ എന്നിവിടങ്ങളിലേക്കുള്ള ഔദ്യോഗിക യാത്രകൾക്കായി പ്രീമിയറുടെ താമസച്ചെലവ് ഉൾപ്പെടെ ആകെ 20,000 ഡോളറിലധികം ചെലവായി. ലണ്ടനിലെ ഫൈവ് സ്റ്റാർ ഹോട്ടലിൽ ഒരു രാത്രിക്ക് 1,000 ഡോളറിലധികം നൽകിയതായും മിലാനിൽ രണ്ട് ദിവസത്തെ താമസത്തിന് 1,828 ഡോളർ ചെലവഴിച്ചതായും റിപ്പോർട്ടിൽ പറയുന്നു.

സർക്കാർ ചെലവുകൾ നിയന്ത്രിക്കണമെന്ന് പൊതുജനങ്ങളോട് ആവശ്യപ്പെടുന്ന പ്രീമിയർ തന്നെ ആഡംബര ഹോട്ടലുകളിൽ താമസിക്കുന്നത് ഉചിതമല്ലെന്ന് ടാക്സ് പേയേഴ്സ് ഫെഡറേഷൻ വിമർശിച്ചു. സമീപ പ്രവിശ്യകളിലെ പ്രീമിയർമാർ സമാന വിദേശയാത്രകൾക്ക് ഇതിലും കുറഞ്ഞ തുകയാണ് ചെലവഴിച്ചതെന്നും സംഘടന ചൂണ്ടിക്കാട്ടി.

അതേസമയം, ആരോപണങ്ങൾ പ്രീമിയറുടെ ഓഫീസ് തള്ളി. സർക്കാർ മാർഗനിർദേശങ്ങളും നിലവിലുള്ള ചട്ടങ്ങളും പാലിച്ചാണ് ഹോട്ടലുകൾ തിരഞ്ഞെടുത്തതെന്ന് ഓഫീസ് വിശദീകരിച്ചു. സുരക്ഷ, ഔദ്യോഗിക യോഗങ്ങൾ നടക്കുന്ന സ്ഥലങ്ങളിലേക്കുള്ള ദൂരം, യാത്രയുടെ കാര്യക്ഷമത എന്നിവ പരിഗണിച്ചാണ് താമസ സൗകര്യം ഒരുക്കിയതെന്നും വ്യക്തമാക്കി.

വിദേശ സന്ദർശനങ്ങളുടെ പ്രധാന ലക്ഷ്യം നോവസ്കോഷയിലേക്ക് പുതിയ നിക്ഷേപങ്ങളും ബിസിനസ് അവസരങ്ങളും ആകർഷിക്കുകയാണെന്നും ഇത്തരം സന്ദർശനങ്ങൾ പ്രവിശ്യയുടെ അന്താരാഷ്ട്ര വ്യാപാരവും കയറ്റുമതിയും വർധിപ്പിക്കാൻ സഹായിച്ചിട്ടുണ്ടെന്നും പ്രീമിയറുടെ ഓഫീസ് കൂട്ടിച്ചേർത്തു. എന്നാൽ പൊതുപണത്തിന്റെ ഉപയോഗവുമായി ബന്ധപ്പെട്ട ചർച്ചകൾ തുടരുന്നതിനിടെ വിഷയത്തിൽ കൂടുതൽ രാഷ്ട്രീയ പ്രതികരണങ്ങൾ ഉയരാനാണ് സാധ്യത.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!