Tuesday, July 28, 2026

ഓട്ടവയിലെ പാർക്കിങ് ടിക്കറ്റ് നിയമങ്ങളിൽ മാറ്റം; പിഴ അടയ്ക്കാനും അപ്പീൽ നൽകാനും കൂടുതൽ സമയം

ഓട്ടവ: പാർക്കിങ് ടിക്കറ്റ് നിയമങ്ങളിൽ മാറ്റം വരുത്തി ഓട്ടവ നഗരസഭ. പുതിയ പരിഷ്കാരങ്ങൾ ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നു. ഡ്രൈവർമാർക്ക് പിഴ അടയ്ക്കുന്നതിനും ടിക്കറ്റിനെതിരെ പുനഃപരിശോധന ആവശ്യപ്പെടുന്നതിനും കൂടുതൽ സമയം ലഭിക്കുന്ന തരത്തിലാണ് നിയമങ്ങളിൽ മാറ്റം വരുത്തിയത്.

സെപ്റ്റംബറിൽ റോഡുകളിൽ തിരക്ക് വർധിക്കുന്ന സാഹചര്യത്തിൽ ഡ്രൈവർമാർക്ക് കൂടുതൽ സൗകര്യം നൽകുന്നതിനാണ് പുതിയ നടപടികളെന്ന് നഗരസഭയുടെ എമർജൻസി പ്രിപ്പേർഡ്‌നെസ് ആൻഡ് പ്രൊട്ടക്റ്റീവ് സർവീസസ് കമ്മിറ്റി ചെയർമാൻ കൗൺസിലർ റൈലി ബ്രോക്കിംഗ്ടൺ അറിയിച്ചു. പുതിയ പാർക്കിങ് ടിക്കറ്റുകൾ ഇനി മുതൽ പഴയ വെള്ള പേപ്പറിന് പകരം മഞ്ഞ നിറത്തിലുള്ള പേപ്പറിലാണ് നൽകുക.

ഇളവോടെയുള്ള പിഴ അടയ്ക്കാനുള്ള സമയപരിധി ഏഴ് ദിവസത്തിൽ നിന്ന് 15 ദിവസമായി ഉയർത്തി. ഈ കാലയളവിനുള്ളിൽ പിഴ അടച്ചില്ലെങ്കിൽ വാഹന ഉടമയെ കണ്ടെത്തുന്നതിനുള്ള 16 ഡോളർ ചാർജും സാധാരണ പിഴയും ഉൾപ്പെടുത്തിയ ഓർമ്മപ്പെടുത്തൽ നോട്ടീസ് അയക്കും.

പിഴ പൂർണമായി അടയ്ക്കാനുള്ള സമയപരിധിയും 30 ദിവസത്തിൽ നിന്ന് 45 ദിവസമായി നീട്ടി. ഈ കാലയളവിന് ശേഷവും പണമടച്ചില്ലെങ്കിൽ 25 ഡോളർ വൈകിയതിനുള്ള അധിക പിഴ ഈടാക്കുകയും രണ്ടാമത്തെ നോട്ടീസ് നൽകുകയും ചെയ്യും. പിഴ അടയ്ക്കാത്ത ടിക്കറ്റുകൾ ഡിഫോൾട്ടായി കണക്കാക്കുന്ന സമയം 61 ദിവസത്തിൽ നിന്ന് 76 ദിവസമാക്കി ഉയർത്തിയിട്ടുണ്ട്.പിഴ കുടിശ്ശിക തീർപ്പാക്കുന്നതുവരെ വാഹനത്തിന്റെ ലൈസൻസ് പ്ലേറ്റ് പുതുക്കുന്നതിൽ നിയന്ത്രണം ഏർപ്പെടുത്താൻ അധികൃതർക്ക് സാധിക്കും.

പാർക്കിങ് ടിക്കറ്റിനെതിരെ പരാതി നൽകുന്നതിനുള്ള സമയപരിധിയിലും മാറ്റം വരുത്തിയിട്ടുണ്ട്. സ്ക്രീനിങ് ഓഫീസറുടെ അവലോകനത്തിന് അപേക്ഷിക്കാൻ ഇനി 15 ദിവസം വരെ സമയം ലഭിക്കും. പ്രത്യേക സാഹചര്യങ്ങൾ ചൂണ്ടിക്കാണിക്കുന്നവർക്ക് 45 ദിവസം വരെ അപേക്ഷിക്കാം.

അതേസമയം, സ്ക്രീനിങ് ഓഫീസറുടെ തീരുമാനത്തിനെതിരെ അപ്പീൽ ഹിയറിങ് ആവശ്യപ്പെടുന്നതിനുള്ള സമയപരിധി 15 ദിവസമായി തുടരും. ഗുരുതര സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിടുന്നവർക്ക് തർക്ക പരിഹാര നടപടികളിലൂടെ ഇളവുകൾ ലഭ്യമാക്കുമെന്നും നഗരസഭ വ്യക്തമാക്കി.
ഇന്നോ അതിന് ശേഷമോ നൽകുന്ന പാർക്കിങ് ടിക്കറ്റുകൾക്കാണ് പുതിയ നിയമങ്ങൾ ബാധകമാകുക.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!