Wednesday, July 29, 2026

കാല്‍ഗറിയില്‍ അക്രമാസക്തമായ കുറ്റകൃത്യങ്ങളുടെ നിരക്കില്‍ വന്‍ ഇടിവ്: സ്റ്റാറ്റിസ്റ്റിക്‌സ് കാനഡ

കാല്‍ഗറി: കാല്‍ഗറി നഗരത്തില്‍ കുറ്റകൃത്യങ്ങളുടെ തീവ്രത (Crime Severity Index) ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ നിരക്കിലെത്തിയതായി സ്റ്റാറ്റിസ്റ്റിക്‌സ് കാനഡ. സ്റ്റാറ്റിസ്റ്റിക്‌സ് കാനഡയുടെ കണക്കുകള്‍ പ്രകാരം, കാല്‍ഗറിയുടെ ക്രൈം സെവറിറ്റി ഇന്‍ഡക്‌സ് (CSI) സ്‌കോര്‍ 3 ശതമാനം കുറഞ്ഞ് 61.7 ലെത്തി. ഇത് ദേശീയ ശരാശരിയായ 75.01 നേക്കാളും ആല്‍ബര്‍ട്ട പ്രവിശ്യയുടെ ശരാശരിയായ 90.6 നേക്കാളും വളരെ താഴെയാണ്. എന്നാല്‍ അക്രമരഹിത കുറ്റകൃത്യങ്ങളുടെ എണ്ണം വര്‍ധിച്ചതായും റിപ്പോര്‍ട്ട് ചൂണ്ടികാട്ടുന്നു.

ആല്‍ബര്‍ട്ടയിലെ മറ്റ് പ്രധാന നഗരങ്ങളായ എഡ്മിന്റന്‍(95.6), ലെത്ത്ബ്രിഡ്ജ് (107.7), റെഡ് ഡിയര്‍ (114.4) എന്നിവയുമായി താരതമ്യം ചെയ്യുമ്പോള്‍ കാല്‍ഗറിയിലാണ് കുറ്റകൃത്യങ്ങളുടെ തീവ്രത ഏറ്റവും കുറവ്. 2014-ല്‍ രേഖപ്പെടുത്തിയ 61.1 ആണ് കാല്‍ഗറിയുടെ ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ നിരക്ക്. കുറ്റകൃത്യങ്ങളുടെ തീവ്രത കുറഞ്ഞെങ്കിലും, നഗരത്തില്‍ രജിസ്റ്റര്‍ ചെയ്യുന്ന മൊത്തം കുറ്റകൃത്യങ്ങളുടെ നിരക്കില്‍ (ഒരു ലക്ഷം പേര്‍ക്ക് കണക്കാക്കുന്നത്) 5 ശതമാനം വര്‍ധനവുണ്ടായിട്ടുണ്ട്.

കൊലപാതകം, കവര്‍ച്ച തുടങ്ങിയ ഗുരുതരമായ അക്രമാസക്ത കുറ്റകൃത്യങ്ങളില്‍ 13 ശതമാനത്തിന്റെ കുറവുണ്ടായപ്പോള്‍, മോഷണം, വഞ്ചന, വസ്തുവകകള്‍ക്ക് നാശനഷ്ടമുണ്ടാക്കല്‍ തുടങ്ങിയ അക്രമരഹിത കുറ്റകൃത്യങ്ങളില്‍ 3 ശതമാനം വര്‍ധനവ് രേഖപ്പെടുത്തി. ഷോപ്പ് ലിഫ്റ്റിങ് ഉള്‍പ്പെടെയുള്ള കുറ്റകൃത്യങ്ങള്‍ സാധാരണക്കാരായ ജനങ്ങളുടെ ദൈനംദിന ജീവിതത്തെ ബാധിക്കുന്നതിനാല്‍ സുരക്ഷാ ആശങ്കകള്‍ പൂര്‍ണ്ണമായി മാറിയിട്ടില്ലെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!