ഓട്ടവ: ഓൺലൈനായി പാസ്പോർട്ട് പുതുക്കുന്നതിനുള്ള പ്രതിദിന അപേക്ഷാ പരിധി കാനഡ സർക്കാർ പിൻവലിച്ചു. ഇതോടെ യോഗ്യതയുള്ള എല്ലാ കനേഡിയൻ പൗരന്മാർക്കും ഇനി സമയപരിധിയോ ക്വാട്ടയോ കാത്തിരിക്കാതെ സൗകര്യപ്രദമായ സമയത്ത് ഓൺലൈൻ വഴി പാസ്പോർട്ട് പുതുക്കാൻ സാധിക്കും.
ഇമിഗ്രേഷൻ മന്ത്രി ലീന ഡിയാബാണ് (Lena Diab) പുതിയ തീരുമാനം പ്രഖ്യാപിച്ചത്. ഇതുവരെ പ്രതിദിനം പരമാവധി 2,000 പേർക്കു മാത്രമാണ് ഓൺലൈൻ അപേക്ഷ സമർപ്പിക്കാൻ അവസരമുണ്ടായിരുന്നത്. ഇനി ആ പരിധി പൂർണമായും ഒഴിവാക്കി.
ഓൺലൈൻ പുതുക്കൽ നിലവിൽ 16 വയസും അതിൽ കൂടുതലുമുള്ള, അടുത്ത ആറുമാസത്തിനുള്ളിൽ കാലാവധി അവസാനിക്കുന്നതോ കാലാവധി കഴിഞ്ഞതോ ആയ പാസ്പോർട്ടുള്ളവർക്ക് മാത്രമാണ് ലഭ്യമാകുക. അപേക്ഷകർ കാനഡയിൽ നിന്നുതന്നെ അപേക്ഷിക്കണം. കൂടാതെ, അംഗീകൃത കൊമേഴ്സ്യൽ ഫോട്ടോഗ്രാഫർ എടുത്ത ഡിജിറ്റൽ പാസ്പോർട്ട് ഫോട്ടോയും ആവശ്യമായ രേഖകളും ഓൺലൈനായി അപ്ലോഡ് ചെയ്യേണ്ടതുണ്ട്.

ഭാവിയിൽ 16 വയസ്സിന് താഴെയുള്ള കുട്ടികളിലേക്കും വിദേശത്തുള്ള കനേഡിയൻ പൗരന്മാരിലേക്കും ഓൺലൈൻ പുതുക്കൽ സേവനം വ്യാപിപ്പിക്കുന്ന കാര്യം സർക്കാർ പരിഗണിക്കുന്നുണ്ടെന്ന് മന്ത്രി അറിയിച്ചു. പുതിയ സംവിധാനത്തിന്റെ പ്രവർത്തനം വിലയിരുത്തിയ ശേഷമായിരിക്കും കൂടുതൽ വിഭാഗങ്ങളെ ഉൾപ്പെടുത്തുക.
അതേസമയം, നേരിട്ടോ തപാൽ മുഖേനയോ അപേക്ഷിക്കാനുള്ള നിലവിലെ സംവിധാനങ്ങൾ തുടരുമെന്നും സർക്കാർ വ്യക്തമാക്കി. അടിയന്തരമായി പാസ്പോർട്ട് ആവശ്യമുള്ളവർക്ക് തിരഞ്ഞെടുത്ത സർവീസ് കാനഡ കേന്ദ്രങ്ങളിൽ നേരിട്ടുള്ള അതിവേഗ സേവനവും ലഭ്യമാകും.
പാസ്പോർട്ട് സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള സർക്കാർ നടപടികളുടെ ഭാഗമായാണ് പുതിയ തീരുമാനം. കൊവിഡ് കാലത്തിന് ശേഷമുള്ള യാത്രാ നിയന്ത്രണങ്ങൾ നീക്കിയതോടെ പാസ്പോർട്ട് ഓഫീസുകളിൽ ഉണ്ടായ വലിയ തിരക്കും അപേക്ഷാ കുടിശ്ശികയും പരിഹരിക്കാനായി കഴിഞ്ഞ വർഷങ്ങളിൽ സർക്കാർ നിരവധി പരിഷ്കാരങ്ങൾ നടപ്പാക്കിയിരുന്നു.
