ഓട്ടവ: ജർമ്മനിയിലെ ബർലിനിൽ കഴിഞ്ഞ വാരാന്ത്യത്തിൽ നടന്ന പ്രൈഡ് ആഘോഷത്തിനിടെയുണ്ടായ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ, ഓട്ടവയിൽ നടക്കുന്ന വാർഷിക ക്യാപിറ്റൽ പ്രൈഡ് ആഘോഷങ്ങൾക്ക് സുരക്ഷ ശക്തമാക്കുമെന്ന് ഓട്ടവ പൊലീസ് സർവീസ് അറിയിച്ചു.
ബർലിൻ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെടുകയും 29 പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ഓട്ടവയിലെ 2SLGBTQ+ സമൂഹത്തിന്റെ സുരക്ഷ ഉറപ്പാക്കാൻ അധിക മുൻകരുതൽ നടപടികൾ സ്വീകരിക്കുന്നതെന്ന് പൊലീസ് വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.
ആഗസ്റ്റ് 22 മുതൽ 30 വരെയാണ് ഓട്ടവയിൽ ക്യാപിറ്റൽ പ്രൈഡ് സമ്മർ ഫെസ്റ്റിവലും പരേഡും നടക്കുന്നത്. ആഘോഷങ്ങൾ നടക്കുന്ന പ്രധാന വേദികളിൽ കൂടുതൽ പൊലീസ് സാന്നിധ്യം ഉറപ്പാക്കുമെന്നും കമ്മ്യൂണിറ്റി സംഘടനകളുമായി സഹകരിച്ച് സുരക്ഷാ ക്രമീകരണങ്ങൾ ശക്തിപ്പെടുത്തുമെന്നും അധികൃതർ അറിയിച്ചു.

ബർലിൻ സംഭവത്തിന് പിന്നാലെ നിലവിലുള്ള സുരക്ഷാ സംവിധാനങ്ങൾ പുനഃപരിശോധിക്കുമെന്ന് ക്യാപിറ്റൽ പ്രൈഡിന്റെ എക്സിക്യൂട്ടീവ് ഡയറക്ടർ കാളി മെറ്റ്‌ലർ പറഞ്ഞു. സുരക്ഷാ വിഷയങ്ങളിൽ സംഘാടകരും ഓട്ടവ പൊലീസും തമ്മിൽ ചർച്ചകൾ നടന്നതായും, കൂടുതൽ സുരക്ഷാ ക്രമീകരണങ്ങൾ സംബന്ധിച്ച് വരും ദിവസങ്ങളിൽ വീണ്ടും യോഗങ്ങൾ ചേരുമെന്നും അറിയിച്ചു.
സ്വകാര്യ സുരക്ഷാ ജീവനക്കാർക്കൊപ്പം ഗതാഗത നിയന്ത്രണത്തിനും പൊതുസുരക്ഷയ്ക്കുമായി പൊലീസിന്റെ സേവനവും ഉറപ്പാക്കിയിട്ടുണ്ട്. നിലവിലെ സുരക്ഷാ ഭീഷണികൾക്കിടയിലും പരിപാടികൾ സുരക്ഷിതമായി നടത്താൻ എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കുമെന്ന് സോമർസെറ്റ് വാർഡ് കൗൺസിലർ അരിയൽ ട്രോസ്റ്റർ പറഞ്ഞു. വിദ്വേഷ പ്രചാരണങ്ങൾക്കെതിരെ സമൂഹം ഒരുമിച്ച് നിൽക്കണമെന്നും അരിയൽ ട്രോസ്റ്റർ.
