Wednesday, July 29, 2026

ഇറാഖിലെ വ്യോമാക്രമണം സ്വയം പ്രതിരോധത്തിന്റെ ഭാഗമെന്ന് സൗദി അറേബ്യ

റിയാദ്: ഇറാഖിലെ ഇറാൻ പിന്തുണയുള്ള സായുധ ഗ്രൂപ്പുകൾക്കെതിരെ നടത്തിയ വ്യോമാക്രമണം അന്താരാഷ്ട്ര നിയമപ്രകാരമുള്ള സ്വയം പ്രതിരോധത്തിന്റെ ഭാഗമാണെന്ന് സൗദി അറേബ്യ വ്യക്തമാക്കി. അമേരിക്കൻ സെൻട്രൽ കമാൻഡുമായി (CENTCOM) സഹകരിച്ചാണ് ഇറാഖിലെ വിവിധ കേന്ദ്രങ്ങളിൽ ആക്രമണം നടത്തിയതെന്നും സൗദി വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

സൗദിയിലെ എണ്ണ കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് രണ്ട് ദിവസമായി നടന്ന ഡ്രോൺ, മിസൈൽ ആക്രമണങ്ങൾക്കുള്ള തിരിച്ചടിയായാണ് ഈ നടപടി സ്വീകരിച്ചതെന്ന് മന്ത്രാലയം വ്യക്തമാക്കി. ഐക്യരാഷ്ട്രസഭ ചാർട്ടറിലെ 51-ാം അനുച്ഛേദം നൽകുന്ന സ്വയം പ്രതിരോധത്തിനുള്ള അവകാശത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി സ്വീകരിച്ചതെന്നും സൗദി വിശദീകരിച്ചു.

ജൂലൈ 27, 28 തീയതികളിൽ നടന്ന ഡ്രോൺ ആക്രമണങ്ങളെ സൗദി നേരത്തെ അപലപിച്ചിരുന്നു. മേഖലയിലെ സമാധാനശ്രമങ്ങൾ തകർക്കാനും സംഘർഷം വ്യാപിപ്പിക്കാനുമുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ആക്രമണങ്ങളെന്ന് സൗദി ആരോപിച്ചു. അതേസമയം, മേഖലയിലെ സംഘർഷം കൂടുതൽ രൂക്ഷമാക്കാൻ താൽപര്യമില്ലെന്നും സൗദി അറിയിച്ചു.

എന്നാൽ, വീണ്ടും ആക്രമണമുണ്ടായാൽ രാജ്യത്തിന്റെ പരമാധികാരവും പൗരന്മാരുടെയും ദേശീയ ആസ്തികളുടെയും സുരക്ഷ ഉറപ്പാക്കാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് സൗദി മുന്നറിയിപ്പ് നൽകി.

ഇതിനിടെ, യമനിലെ ഹൂതി വിമതർ ചെങ്കടലിൽ സൗദി കപ്പലിന് നേരെ ബാലിസ്റ്റിക് മിസൈൽ ആക്രമണം നടത്തിയതായും റിപ്പോർട്ടുണ്ട്. മിസൈൽ കപ്പലിന് സമീപം കടലിൽ പതിച്ചെങ്കിലും കപ്പലിന് കേടുപാടുകളൊന്നും സംഭവിച്ചില്ലെന്ന് സൗദി സൈന്യം അറിയിച്ചു.

അതേസമയം, സൗദി–യു.എസ്. സംയുക്ത വ്യോമാക്രമണത്തിൽ ഇറാഖിലെ പോപ്പുലർ മൊബിലൈസേഷൻ ഫോഴ്‌സസ് (PMF) കേന്ദ്രങ്ങൾക്ക് നാശനഷ്ടമുണ്ടായതായും നിരവധി അംഗങ്ങൾ കൊല്ലപ്പെടുകയും പരgക്കേൽക്കുകയും ചെയ്തതായും അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!