ഡൽഹി: വിദ്യാർഥികൾക്കെതിരായ കേസുകൾ പിൻവലിക്കുമെന്ന കേന്ദ്ര സർക്കാരിന്റെ ഉറപ്പ് ഇതുവരെ രേഖാമൂലം ലഭിച്ചിട്ടില്ലെന്ന് ആരോപിച്ച് കോക്രോച്ച് ജനതാ പാർട്ടി വീണ്ടും സമരത്തിനൊരുങ്ങുന്നു. കേന്ദ്രം നൽകിയതായി പറയുന്ന ഉറപ്പുകൾ നടപ്പായില്ലെന്നും വിദ്യാർഥി നേതാക്കൾക്കെതിരായ പൊലീസ് നടപടികൾ തുടരുകയാണെന്നും പാർട്ടി നേതാക്കൾ ആരോപിച്ചു.
പാർട്ടി സ്ഥാപകൻ അഭിജിത് ദീപ്കെ ഉടൻ ഡൽഹിയിലെത്തി തുടർ സമരപരിപാടികൾക്ക് നേതൃത്വം നൽകുമെന്ന് സിജെപി വൃത്തങ്ങൾ അറിയിച്ചു. പാർട്ടിയുടെ മറ്റ് നേതാക്കളും നിലവിൽ ഡൽഹിയിലുണ്ട്.
പാർട്ടി നേതാക്കളുടെ വാദമനുസരിച്ച്, ചൊവ്വാഴ്ചയ്ക്കകം കേന്ദ്ര സർക്കാർ നൽകിയ ഉറപ്പുകൾ രേഖാമൂലം കൈമാറുമെന്ന് കേന്ദ്ര മന്ത്രിമാരായ ജെ പി നദ്ദയും ജിതേന്ദ്ര സിങ്ങും അറിയിച്ചിരുന്നുവെന്നാണ് പറയുന്നത്. എന്നാൽ ഇതുവരെ രേഖാമൂലമുള്ള അറിയിപ്പ് ലഭിച്ചിട്ടില്ലെന്നാണ് സിജെപിയുടെ ആരോപണം.

വിദ്യാർഥികൾക്കും സമരത്തിൽ പങ്കെടുത്തവർക്കുമെതിരെ വിവിധ സംസ്ഥാനങ്ങളിൽ കേസുകൾ രജിസ്റ്റർ ചെയ്യുന്നതും കസ്റ്റഡിയിലെടുക്കുന്നതും തുടരുകയാണെന്നും, നിലവിലുള്ള എഫ്ഐആറുകൾ പിൻവലിക്കുമെന്നും ഭാവിയിൽ ഇത്തരം കേസുകൾ ഉണ്ടാകില്ലെന്നും നൽകിയതായി പറയുന്ന ഉറപ്പുകൾ പാലിക്കപ്പെട്ടിട്ടില്ലെന്നും പാർട്ടി ആരോപിച്ചു.
സിജെപി മുന്നോട്ടുവച്ച പ്രധാന ആവശ്യങ്ങളിൽ വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്ന ആവശ്യം മാത്രമാണ് നിറവേറ്റപ്പെട്ടതെന്ന് പാർട്ടി അവകാശപ്പെട്ടു. നീറ്റ് ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് ജീവനൊടുക്കിയതായി പറയുന്ന വിദ്യാർഥികളുടെ കുടുംബങ്ങൾക്ക് ഒരു കോടി രൂപ വീതം നഷ്ടപരിഹാരം നൽകുക, വിദ്യാർഥികൾക്കും സമരക്കാർക്കുമെതിരായ എഫ്ഐആറുകൾ പൂർണമായും പിൻവലിക്കുക എന്നീ ആവശ്യങ്ങളിൽ കേന്ദ്രം നടപടിയെടുത്തിട്ടില്ലെന്നും പാർട്ടി ആരോപിച്ചു.
സിജെപി വീണ്ടും പ്രതിഷേധം ആരംഭിക്കുമെന്ന സൂചനകളുടെ പശ്ചാത്തലത്തിൽ ഡൽഹിയിലെ ജന്തർ മന്തർ പ്രദേശത്ത് പൊലീസ് സുരക്ഷ ശക്തമാക്കി. കൂടുതൽ ബാരിക്കേഡുകൾ സ്ഥാപിച്ചതിനൊപ്പം അധിക സുരക്ഷാ സേനയെയും വിന്യസിച്ചിട്ടുണ്ട്.
