എഡ്മിന്റൻ: പോസ്റ്റ്-ഗ്രാജുവേഷൻ വർക്ക് പെർമിറ്റ് (PGWP) ലഭിക്കാത്തതിനെ തുടർന്ന് ആൽബർട്ടയിൽ പ്രതിഷേധിക്കുന്ന ഇന്ത്യൻ വിദ്യാർഥികൾ
വീസ കാലാവധി അവസാനിച്ചാൽ സ്വന്തം നാട്ടിലേക്ക് മടങ്ങണമെന്ന് ആൽബെർട്ട പ്രീമിയർ ഡാനിയേൽ സ്മിത്ത്. ലക്ഷക്കണക്കിന് രൂപ ചെലവഴിച്ച് കാനഡയിൽ പഠനം പൂർത്തിയാക്കിയ നിരവധി വിദ്യാർഥികൾക്ക് പുതിയ നിയമമാറ്റങ്ങൾ തിരിച്ചടിയായി. പഠനം പൂർത്തിയാക്കിയ ശേഷം ജോലി ചെയ്ത് സ്ഥിരതാമസത്തിന് (PR) അപേക്ഷിക്കാമെന്ന പ്രതീക്ഷയിലുണ്ടായിരുന്ന വിദ്യാർഥികളാണ് നിലവിൽ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്.
എന്നാൽ ലഭ്യമായ സ്ഥിരതാമസ അവസരങ്ങളേക്കാൾ കൂടുതൽ അപേക്ഷകർ ഉണ്ടെന്നും, കുടിയേറ്റ സംവിധാനത്തിൽ നിയന്ത്രണം കൊണ്ടുവരേണ്ട സാഹചര്യമുണ്ടെന്നും ആൽബർട്ട സർക്കാർ ചൂണ്ടിക്കാട്ടുന്നു. നിയമപരമായ അനുമതിയില്ലാതെ രാജ്യത്ത് തുടരാൻ കഴിയില്ലെന്നും വീസ കാലാവധി കഴിഞ്ഞവർ നിയമങ്ങൾ പാലിക്കണമെന്നും പ്രീമിയർ വ്യക്തമാക്കി.

അതേസമയം, തങ്ങൾക്ക് അനീതിയാണ് നേരിട്ടതെന്ന് ആരോപിച്ച് വിദ്യാർഥികൾ പ്രതിഷേധം ശക്തമാക്കിയിരിക്കുകയാണ്. ചിലർ നിരാഹാര സമരം ഉൾപ്പെടെയുള്ള മാർഗങ്ങളിലൂടെ സർക്കാർ തീരുമാനത്തിനെതിരെ പ്രതിഷേധിക്കുകയാണ്.പഠനം ആരംഭിച്ച സമയത്തെ കുടിയേറ്റ നയങ്ങളെ അടിസ്ഥാനമാക്കി ഭാവി പദ്ധതികൾ തയ്യാറാക്കിയ തങ്ങളെ പെട്ടെന്നുള്ള നിയമമാറ്റം ബാധിച്ചുവെന്നാണ് വിദ്യാർഥികളുടെ പരാതി. സർക്കാർ വിഷയത്തിൽ പുനഃപരിശോധന നടത്തണമെന്നും നീതിപൂർവമായ പരിഹാരം കണ്ടെത്തണമെന്നും വിദ്യാർഥികൾ ആവശ്യപ്പെടുന്നു.
