ദുബായ്: ജിസിസി രാജ്യങ്ങളിൽ താമസിക്കുന്ന പ്രവാസികൾക്ക് ഇനി ഇലക്ട്രോണിക് വീസ (ഇ-വീസ) വഴി യുഎഇ സന്ദർശിക്കാൻ അവസരം. ബഹ്റൈൻ, കുവൈറ്റ്, ഒമാൻ, ഖത്തർ, സൗദി അറേബ്യ എന്നിവിടങ്ങളിൽ റെസിഡൻസ് വീസയുള്ള വിദേശ പൗരന്മാർക്ക് പരമ്പരാഗത വീസ നടപടിക്രമങ്ങൾ ഒഴിവാക്കി ഓൺലൈനായി പ്രവേശനാനുമതിക്ക് അപേക്ഷിക്കാം.
യാത്രയ്ക്ക് മുമ്പ് തന്നെ ഇ-വീസ അംഗീകരിച്ചിരിക്കണം. ഈ വീസ ഉപയോഗിച്ച് യുഎഇയിൽ 30 ദിവസം വരെ താമസിക്കാനാകും. ആവശ്യമായ സാഹചര്യത്തിൽ വീസ 30 ദിവസത്തേക്ക് കൂടി പുതുക്കുന്നതിനും സൗകര്യമുണ്ട്.
ഇ-വീസയ്ക്ക് അപേക്ഷിക്കുന്നതിന് മുമ്പ് യാത്രികർ തങ്ങൾ യുഎഇയുടെ വീസ ഓൺ അറൈവൽ പദ്ധതിക്ക് അർഹരാണോയെന്ന് പരിശോധിക്കണമെന്ന് അധികൃതർ നിർദേശിച്ചു. നിലവിൽ 80-ലധികം രാജ്യങ്ങളിലെ പൗരന്മാർക്ക് യുഎഇയിൽ വീസ ഓൺ അറൈവൽ സൗകര്യം ലഭ്യമാണ്.
ജിസിസി രാജ്യങ്ങളിലൊന്നിൽ റെസിഡന്റ് പെർമിറ്റുള്ള വിദേശ പൗരന്മാർക്കാണ് ഇ-വീസയ്ക്ക് അപേക്ഷിക്കാനാകുക. റെസിഡൻസ് പെർമിറ്റിന് കുറഞ്ഞത് ഒരു വർഷത്തെ കാലാവധിയും പാസ്പോർട്ടിന് കുറഞ്ഞത് ആറുമാസത്തെ കാലാവധിയും ശേഷിക്കണം. കൂടാതെ, അപേക്ഷകൻ അംഗീകൃത തൊഴിൽ വിഭാഗത്തിൽ ഉൾപ്പെട്ടിരിക്കണമെന്നും യുഎഇയിൽ പ്രവേശിക്കുന്നതിന് നിയമപരമായ വിലക്കുകളൊന്നും ഉണ്ടായിരിക്കരുതെന്നും നിബന്ധനകളിൽ വ്യക്തമാക്കുന്നു.

അപേക്ഷയ്ക്കായി പാസ്പോർട്ടിന്റെ പകർപ്പ്, ജിസിസി റെസിഡൻസ് പെർമിറ്റിന്റെയോ തൊഴിലും വീസയുടെ കാലാവധിയും വ്യക്തമാക്കുന്ന തിരിച്ചറിയൽ കാർഡിന്റെയോ പകർപ്പ്, അടുത്തകാലത്ത് എടുത്ത പാസ്പോർട്ട് സൈസ് ഫോട്ടോ എന്നിവ സമർപ്പിക്കണം.
ദുബായിലേക്കുള്ള യാത്രക്കാർ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (GDRFA) പോർട്ടൽ വഴിയാണ് അപേക്ഷിക്കേണ്ടത്. അബൂദബി, ഷാർജ, അജ്മാൻ, ഫുജൈറ, ഉമ്മുൽ ഖുവൈൻ, റാസൽഖൈമ തുടങ്ങിയ മറ്റ് എമിറേറ്റുകളിലേക്കുള്ള യാത്രക്കാർ ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി (ICP) പോർട്ടൽ വഴിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്.ഇ-വീസ സംവിധാനം ജിസിസി പ്രവാസികൾക്ക് യുഎഇയിലേക്കുള്ള യാത്ര കൂടുതൽ ലളിതവും വേഗത്തിലുമാക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
