ടൊറന്റോ: കാനഡയിലെ രണ്ടാമത്തെ വലിയ വിമാനക്കമ്പനിയായ വെസ്റ്റ്ജെറ്റിലെ ക്യാബിൻ ക്രൂ അംഗങ്ങൾ പണിമുടക്കിലേക്ക് നീങ്ങുന്നതോടെ ആയിരക്കണക്കിന് യാത്രക്കാരുടെ യാത്രാ പദ്ധതികൾ പ്രതിസന്ധിയിലായി. യൂണിയൻ 72 മണിക്കൂറത്തെ പണിമുടക്ക് നോട്ടീസ് നൽകിയതോടെ പ്രതിദിനം നൂറുകണക്കിന് വിമാന സർവീസുകൾ തടസ്സപ്പെടാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ.
സർവീസുകൾ റദ്ദായാൽ യാത്രക്കാരെ മറ്റ് വിമാനങ്ങളിലേക്ക് പുനഃക്രമീകരിക്കുമെന്ന് വെസ്റ്റ്ജെറ്റ് അറിയിച്ചിട്ടുണ്ടെങ്കിലും, പ്രത്യേകിച്ച് തേർഡ് പാർട്ടി ബുക്കിങ് പ്ലാറ്റ്ഫോമുകൾ വഴി ടിക്കറ്റെടുത്തവർ ആശങ്കയിലാണ്. ഇത്തരത്തിൽ ബുക്ക് ചെയ്തവർക്ക് റീഫണ്ടിനും യാത്രാ മാറ്റങ്ങൾക്കും ബന്ധപ്പെട്ട ട്രാവൽ ഏജൻസികളെ തന്നെ സമീപിക്കണമെന്നാണ് കമ്പനിയുടെ നിലപാട്. ഇതുമൂലം യാത്രക്കാർക്ക് കൃത്യമായ വിവരങ്ങളും സമയബന്ധിതമായ സഹായവും ലഭിക്കുമോയെന്ന ആശങ്ക ഉയർന്നിട്ടുണ്ട്.
ഏകദേശം 4,400 ക്യാബിൻ ക്രൂ ജീവനക്കാരെ പ്രതിനിധീകരിക്കുന്ന സി.യു.പി.ഇ (Canadian Union of Public Employees) യൂണിയന്റെ നേതൃത്വത്തിലാണ് സമരനീക്കം. വിമാനത്താവളത്തിലെ ഗ്രൗണ്ട് ഡ്യൂട്ടി ഉൾപ്പെടെയുള്ള ജോലി സമയങ്ങൾക്ക് വേതനം ലഭിക്കുന്നില്ലെന്നാണ് ജീവനക്കാരുടെ പ്രധാന പരാതി. നിലവിലെ വേതനരീതി ജീവനക്കാരുടെ അധ്വാനത്തിന് യോജിച്ച പ്രതിഫലം നൽകുന്നില്ലെന്നും, ന്യായമായ തൊഴിൽ കരാർ നിലവിൽ വരുന്നതുവരെ ചർച്ചകളും പ്രതിഷേധവും തുടരുമെന്നും യൂണിയൻ വ്യക്തമാക്കി.

അതേസമയം, ‘ക്രെഡിറ്റ് അവർ’ അടിസ്ഥാനത്തിലുള്ള വേതനരീതിയാണ് നിലവിലുള്ളതെന്നും ഇത് ജീവനക്കാർക്ക് മത്സരാധിഷ്ഠിതമായ വരുമാനം ഉറപ്പാക്കുന്നതാണെന്നും വെസ്റ്റ്ജെറ്റ് അവകാശപ്പെട്ടു. യാത്രക്കാർക്കുണ്ടായ ബുദ്ധിമുട്ടിൽ ഖേദം പ്രകടിപ്പിച്ച കമ്പനി, സമവായത്തിലൂടെ പ്രശ്നപരിഹാരത്തിന് ശ്രമം തുടരുകയാണെന്നും അറിയിച്ചു. ചർച്ചകളിൽ ധാരണയായില്ലെങ്കിൽ ഞായറാഴ്ച അർധരാത്രി മുതൽ പണിമുടക്ക് ആരംഭിക്കാനാണ് സാധ്യത.
സമരം യാഥാർഥ്യമായാൽ ആഭ്യന്തരവും അന്തർദേശീയവുമായ നിരവധി സർവീസുകൾക്ക് തിരിച്ചടി നേരിടാൻ സാധ്യതയുണ്ട്. യാത്രക്കാർ യാത്രയ്ക്ക് മുമ്പ് തങ്ങളുടെ വിമാനത്തിന്റെ നിലവിലെ സ്ഥിതിയും ബുക്കിങ് വിവരങ്ങളും പരിശോധിക്കണമെന്നും ആവശ്യമായാൽ ബദൽ ക്രമീകരണങ്ങൾ പരിഗണിക്കണമെന്നും വിദഗ്ധർ നിർദേശിക്കുന്നു.
