Saturday, August 1, 2026

അൾജീരിയയെ കണ്ണീരിലാഴ്ത്തി വൻ ദുരന്തം; 27 മരണം, രാജ്യത്ത് മൂന്ന് ദിവസത്തെ ദുഃഖാചരണം

അൾജിയേഴ്സ്∙ അൾജീരിയയിൽ നിയന്ത്രണം വിട്ട ബസ് കൊക്കയിലേക്ക് മറിഞ്ഞ് 27 പേർക്ക് ദാരുണാന്ത്യം. സംഭവത്തിൽ 39 പേർക്ക് പരുക്കേറ്റതായി ആരോഗ്യ മന്ത്രി മുഹമ്മദ് സിദ്ദീഖ് ഐത് മസ്ഊദീൻ അറിയിച്ചു. തലസ്ഥാനമായ അൾജിയേഴ്സിന് കിഴക്കുള്ള തീരദേശ പട്ടണമായ ബൂമെർദാസിന് സമീപമാണ് അപകടമുണ്ടായത്. ബസ് റോഡിൽ നിന്ന് തെന്നിമാറി കൊക്കയിലേക്ക് പതിക്കുകയായിരുന്നുവെന്ന് സിവിൽ ഡിഫൻസ് വ്യക്തമാക്കി. പരുക്കേറ്റവരിൽ രണ്ട് പേരുടെ നില ഗുരുതരമാണ്. മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്ന് ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നൽകി.

സമീപകാലത്ത് രാജ്യത്തുണ്ടായ ഏറ്റവും വലിയ റോഡപകടങ്ങളിൽ ഒന്നാണിത്. വിവരം ലഭിച്ചയുടൻ തന്നെ രക്ഷാപ്രവർത്തനം ആരംഭിച്ചതായി സിവിൽ ഡിഫൻസ് അറിയിച്ചു. റോഡിലെ അപകടകരമായ വളവാണ് അപകടത്തിന് കാരണമായതെന്ന് കരുതുന്നതായി സംഭവസ്ഥലത്തുണ്ടായിരുന്ന റയാദ് ഫെർകിയോയി പറഞ്ഞു. സിവിൽ ഡിഫൻസ് എത്തുന്നതിന് മുൻപ് തന്നെ നാട്ടുകാർ ചേർന്ന് രക്ഷാപ്രവർത്തനം നടത്തുകയും നിരവധി പേരെ കൊക്കയിൽ നിന്ന് പുറത്തെടുക്കുകയും ചെയ്തതായി മറ്റൊരു ദൃക്‌സാക്ഷിയായ ബിലാൽ ബെൻസാലിം എഎഫ്പിയോട് പറഞ്ഞു.

അപകടത്തിൽ അൾജീരിയൻ പ്രസിഡന്റ് അബ്ദുൽമജീദ് തബ്ബൂൻ അഗാധമായ ദുഃഖം രേഖപ്പെടുത്തുകയും രാജ്യത്ത് മൂന്ന് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിക്കുകയും ചെയ്തു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും കുറ്റക്കാർക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കുമെന്നും പ്രസിഡന്റ് പ്രസ്താവിച്ചു.

കഴിഞ്ഞ വർഷം ഓഗസ്റ്റിൽ അൾജിയേഴ്സിന് സമീപം ബസ് കൊക്കയിലേക്ക് മറിഞ്ഞ് 18 പേരും, ഡിസംബറിൽ ബെച്ചറിലുണ്ടായ അപകടത്തിൽ 14 പേരും മരിച്ചിരുന്നു. അമിതവേഗതയും അശ്രദ്ധമായ ഡ്രൈവിങ്ങുമാണ് രാജ്യത്ത് റോഡപകടങ്ങൾ വർധിക്കാൻ പ്രധാന കാരണമെന്ന് അൾജീരിയൻ റോഡ് സുരക്ഷാ അതോറിറ്റി ചൂണ്ടിക്കാട്ടുന്നു. 2025ൽ രാജ്യത്തുണ്ടായ വിവിധ റോഡപകടങ്ങളിൽ 3,838 പേർക്ക് ജീവൻ നഷ്ടപ്പെടുകയും 37,000-ത്തിലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി കണക്കുകൾ വ്യക്തമാക്കുന്നു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!