ഡൽഹി: ബിഹാർ, മധ്യപ്രദേശ്, ഗുജറാത്ത് സംസ്ഥാനങ്ങളിലെ മൂന്ന് നിയമസഭാ മണ്ഡലങ്ങളിൽ നടന്ന ഉപതിരഞ്ഞെടുപ്പ് ഫലത്തിൽ ബിജെപിക്ക് തിരിച്ചടി. ബിഹാറിലെ ബങ്കിപ്പൂർ മണ്ഡലത്തിൽ ജൻസുരാജ് പാർട്ടി സ്ഥാനാർഥിയും പ്രമുഖ തിരഞ്ഞെടുപ്പ് തന്ത്രജ്ഞനുമായ പ്രശാന്ത് കിഷോർ വിജയിച്ച് രാഷ്ട്രീയ അരങ്ങേറ്റം ഗംഭീരമാക്കി. മധ്യപ്രദേശിലെ ദാതിയയിൽ കോൺഗ്രസ് സ്ഥാനാർഥി ഘനശ്യാം സിങ് മണ്ഡലം നിലനിർത്തിയപ്പോൾ, ഗുജറാത്തിലെ മഞ്ജൽപുരിൽ ബിജെപി സ്ഥാനാർഥി സതേന്ദ്രഭായ് പട്ടേൽ വിജയം നേടി.
ബങ്കിപ്പൂരിൽ ബിജെപിയുടെ നീരജ് കുമാറിനെതിരെ 19,000-ത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് പ്രശാന്ത് കിഷോർ വിജയിച്ചത്. ആർജെഡി സ്ഥാനാർഥി രേഖാ കുമാരി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ദീർഘകാലമായി ബിജെപിയുടെ ശക്തികേന്ദ്രമായിരുന്ന മണ്ഡലത്തിൽ ജൻസുരാജ് പാർട്ടിയുടെ ഈ വിജയം ശ്രദ്ധേയമായി.
1995 മുതൽ ബിജെപി തുടർച്ചയായി വിജയിച്ചുവരുന്ന മണ്ഡലമാണ് ബങ്കിപ്പൂർ. മുൻ എംഎൽഎ നിതിൻ നബിൻ രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെടുകയും ബിജെപി ദേശീയ അധ്യക്ഷനായി ചുമതലയേൽക്കുകയും ചെയ്തതിനെ തുടർന്ന് രാജിവെച്ച ഒഴിവിലാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. നിതിൻ നബിൻ തുടർച്ചയായി അഞ്ച് തവണ മണ്ഡലത്തെ പ്രതിനിധീകരിച്ചിരുന്നു.
പ്രശാന്ത് കിഷോർ രൂപീകരിച്ച ജൻസുരാജ് പാർട്ടിയുടെ ബാനറിൽ അദ്ദേഹം ആദ്യമായി നേരിട്ട് തിരഞ്ഞെടുപ്പ് രംഗത്തെത്തിയതോടെ ബങ്കിപുർ ഉപതിരഞ്ഞെടുപ്പ് ദേശീയ ശ്രദ്ധ നേടിയിരുന്നു. കഴിഞ്ഞ ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിൽ 243 സീറ്റുകളിൽ മത്സരിച്ചെങ്കിലും ഒരു സീറ്റിലും വിജയിക്കാനാകാതിരുന്ന പാർട്ടിക്ക് ഈ വിജയം രാഷ്ട്രീയ നിലനിൽപ്പ് തെളിയിക്കുന്നതായാണ് വിലയിരുത്തൽ.

അതേസമയം, മധ്യപ്രദേശിലെ ദാതിയ മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർഥി ഘനശ്യാം സിങ് വിജയം നേടി സീറ്റ് നിലനിർത്തി. ബിജെപിയുടെ അശുതോഷ് തിവാരിക്കെതിരെ മികച്ച ഭൂരിപക്ഷത്തിലാണ് കോൺഗ്രസ് വിജയിച്ചത്. കോൺഗ്രസ് എംഎൽഎ രാജേന്ദ്ര ഭാരതി ബാങ്ക് തട്ടിപ്പ് കേസിൽ ശിക്ഷിക്കപ്പെട്ടതിനെ തുടർന്ന് അയോഗ്യനായതോടെയാണ് ഇവിടെ ഉപതിരഞ്ഞെടുപ്പ് നടന്നത്.
ഗുജറാത്തിലെ മഞ്ജൽപുരിൽ ബിജെപി സ്ഥാനാർഥി സതേന്ദ്രഭായ് പട്ടേൽ വലിയ ഭൂരിപക്ഷത്തോടെ വിജയിച്ചു. 55,481 വോട്ടുകൾ നേടിയ പട്ടേൽ കോൺഗ്രസ് സ്ഥാനാർഥി ഭിക്കാഭായ് റബാരിയെ 30,630 വോട്ടുകൾക്ക് പരാജയപ്പെടുത്തി. മുൻ എംഎൽഎ യോഗേഷ് പട്ടേലിന്റെ നിര്യാണത്തെ തുടർന്നാണ് ഇവിടെ ഉപതിരഞ്ഞെടുപ്പ് നടന്നത്.
മൂന്ന് മണ്ഡലങ്ങളിലെയും ഫലങ്ങൾ സംസ്ഥാന രാഷ്ട്രീയത്തിൽ പുതിയ ചർച്ചകൾക്ക് വഴിതുറക്കുകയാണ്. പ്രത്യേകിച്ച് ബിജെപിയുടെ പരമ്പരാഗത കോട്ടയായ ബങ്കിപ്പൂരിലെ പ്രശാന്ത് കിഷോറിന്റെ വിജയം ബിഹാർ രാഷ്ട്രീയത്തിലെ പുതിയ സമവാക്യങ്ങളുടെ സൂചനയായാണ് വിലയിരുത്തപ്പെടുന്നത്.
