തൊടുപുഴ: ഇടുക്കി ജില്ലയില്‍ മഴ ശക്തമായി തുടരുന്ന സാഹചര്യത്തില്‍ മലങ്കര ഡാമിന്റെ ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്താന്‍ അധികൃതര്‍ തീരുമാനിച്ചു. ജലനിരപ്പ് ക്രമീകരിക്കുന്നതിന്റെ ഭാഗമായി ഘട്ടം ഘട്ടമായി ഒന്നര മീറ്റര്‍ വരെയാണ് ഷട്ടറുകള്‍ ഉയര്‍ത്തുന്നത്. ഇതോടെ ഡാമില്‍ നിന്ന് കൂടുതല്‍ വെള്ളം പുറത്തേക്ക് ഒഴുകിയെത്തുന്നതിനാല്‍ തൊടുപുഴയാറിന്റെയും മൂവാറ്റുപുഴയാറിന്റെയും തീരങ്ങളില്‍ താമസിക്കുന്നവര്‍ക്ക് കളക്ടര്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
തൊടുപുഴയാറില്‍ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്നാണ് താഴ്ന്ന പ്രദേശങ്ങളിലേക്ക് വെള്ളം കയറി മൂവാറ്റുപുഴയിലും ജാഗ്രതാ മുന്നറിയിപ്പ് നല്‍കിയത്. മുന്‍കരുതലിന്റെ ഭാഗമായി അപകടസാധ്യതയുള്ള പ്രദേശങ്ങളിലെ ആളുകളെ നേരത്തെ തന്നെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചിരുന്നു. ഇലാഹിയ നഗര്‍, കൊച്ചങ്ങാടി എന്നീ പ്രദേശങ്ങളിലാണ് പ്രധാനമായും വെള്ളക്കെട്ട് രൂപപ്പെട്ടത്. കഴിഞ്ഞദിവസം വെള്ളമിറങ്ങിയതിനെ തുടര്‍ന്ന് വീടുകള്‍ ശുചീകരിച്ച് താമസത്തിന് തയ്യാറെടുക്കവെയാണ് വീണ്ടും പ്രദേശം വെള്ളത്തിനടിയിലായത്.

ജില്ലയില്‍ ഇടവിട്ട് കനത്ത മഴ പെയ്യുന്നത് ജനജീവിതത്തെ സാരമായി ബാധിച്ചിട്ടുണ്ട്. ചെറുതോണി – കട്ടപ്പന പാതയിലും വണ്ണപ്പുറം – ചേലച്ചുവട് റോഡിലും മഴയെത്തുടര്‍ന്ന് ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു. അതേസമയം ഇടുക്കിയിലെ പ്രധാന ജലാശയങ്ങളായ കല്ലാര്‍കുട്ടി, പാംബ്ല, കല്ലാര്‍, ഇരട്ടയാര്‍ എന്നീ ഡാമുകളില്‍ നിലവില്‍ റെഡ് അലര്‍ട്ട് നിലനില്‍ക്കുകയാണ്. തീരപ്രദേശവാസികള്‍ അനാവശ്യമായി നദികളിലിറങ്ങരുതെന്നും ജാഗ്രത പാലിക്കണമെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.
