എഡ്മിന്റൻ: കനേഡിയൻ വിമാന കമ്പനിയായ വെസ്റ്റ്‌ജെറ്റും കാബിൻ ക്രൂ ജീവനക്കാരെ പ്രതിനിധീകരിക്കുന്ന കനേഡിയൻ യൂണിയൻ ഓഫ് പബ്ലിക് എംപ്ലോയീസ് (CUPE)യും താൽക്കാലിക കരാറിലെത്തി. ഇതോടെ വിമാന സർവീസുകളിലെ പ്രതിസന്ധികൾക്ക് പരിഹാരമാകുകയാണ്.ഞായറാഴ്ച ജീവനക്കാർ പണിമുടക്കിയതോടെ നിരവധി യാത്രക്കാരാണ് ദുരിതത്തിലായത്.കാൽഗറി ആസ്ഥാനമായ വെസ്റ്റ്‌ജെറ്റിലെ ഏകദേശം 4,400 ഫ്ലൈറ്റ് അറ്റൻഡന്റുമാരെയാണ് CUPE പ്രതിനിധീകരിക്കുന്നത്.
വിമാനത്താവളത്തിലെ ഗ്രൗണ്ട് ഡ്യൂട്ടി ഉൾപ്പെടെയുള്ള ജോലി സമയങ്ങൾക്ക് വേതനം നൽകണമെന്നായിരുന്നു യൂണിയന്റെ പ്രധാന ആവശ്യം. പുതിയ താൽക്കാലിക കരാറിന്റെ വിശദാംശങ്ങൾ വെസ്റ്റ്‌ജെറ്റ് പുറത്തുവിട്ടിട്ടില്ല. കരാർ ഇനി കാബിൻ ക്രൂ അംഗങ്ങളുടെ അംഗീകാര വോട്ടെടുപ്പിന് സമർപ്പിക്കും.താൽക്കാലിക ധാരണയെ ഫെഡറൽ തൊഴിൽ മന്ത്രി പാറ്റി ഹജ്ദു സ്വാഗതം ചെയ്തു. ഇരുപക്ഷവും ധാരണയിലെത്തിയത് ആശ്വാസകരമാണെന്ന് മന്ത്രി സോഷ്യൽ മീഡിയയിലൂടെ പ്രതികരിച്ചു.സർവീസുകൾ പൂർണമായി പുനഃസ്ഥാപിക്കാൻ ഏതാനും ദിവസങ്ങൾ വേണ്ടിവന്നേക്കാമെന്നാണ് വ്യോമയാന വിദഗ്ധരുടെ വിലയിരുത്തൽ.

ജീവനക്കാരുടെ സമരം ഏകദേശം 2.25 ലക്ഷം കനേഡിയൻ യാത്രക്കാരെ ബാധിച്ചെന്ന് മക്‌ഗിൽ സർവകലാശാലയിലെ ഏവിയേഷൻ മാനേജ്‌മെന്റ് അധ്യാപകൻ ജോൺ ഗ്രാഡെക് പറഞ്ഞു. ഓഗസ്റ്റ് ലോങ് വീക്കെൻഡ് വെസ്റ്റ്‌ജെറ്റിന് ഏറ്റവും തിരക്കേറിയ യാത്രാ സമയങ്ങളിലൊന്നായതിനാൽ വിമാന സർവീസുകൾ സാധാരണ നിലയിലാക്കാൻ സമയം വേണ്ടിവരുമെന്ന് അദ്ദേഹം വ്യക്തമാക്കി.
കരാർ അംഗീകരിക്കപ്പെട്ടാൽ, നിലവിലെ ഫ്ലൈറ്റ് ക്രെഡിറ്റ് സംവിധാനത്തിൽ മാറ്റം വരുത്തി കാബിൻ ക്രൂ ജീവനക്കാർ ചെയ്യുന്ന കൂടുതൽ ജോലികൾക്ക് അംഗീകാരം നൽകുന്ന പുതിയ ഡ്യൂട്ടി പീരിയഡ് പ്രീമിയം സംവിധാനം കൊണ്ടുവരുമെന്ന് യൂണിയൻ അറിയിച്ചു. കൂടാതെ ജീവനക്കാരുടെ പ്രതിഫലത്തിലും വർധനയുണ്ടാകുമെന്ന് CUPE വ്യക്തമാക്കി.
യാത്രക്കാരോട് വിമാന സർവീസുകളുടെ ഏറ്റവും പുതിയ സമയ വിവരങ്ങൾ പരിശോധിച്ചുകൊണ്ടിരിക്കണമെന്ന് ട്രാവൽ മേഖലയിലെ വിദഗ്ധർ നിർദേശിച്ചു.
