ജിദ്ദ: മലബാറിലെ പ്രവാസികൾക്കും ഉംറ തീർഥാടകർക്കും ആശ്വാസമായി സൗദി എയർലൈൻസ് ജിദ്ദ-കോഴിക്കോട് സർവീസ് പുനരാരംഭിക്കുന്നു. ഡിസംബർ 4 മുതലാണ് സർവിസ് ആരംഭിക്കുക. ആഴ്ചയിൽ മൂന്ന് സർവീസുകളാണ് നടത്തുക.തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ സൗദി സമയം വൈകീട്ട് 4.30ന് ജിദ്ദയിൽ നിന്ന് പുറപ്പെടുന്ന വിമാനം ഇന്ത്യൻ സമയം രാത്രി 12.25ന് കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിൽ (കരിപ്പൂർ) എത്തും. മടക്ക സർവീസ് കരിപ്പൂരിൽ നിന്ന് ശനി, തിങ്കൾ, ചൊവ്വ ദിവസങ്ങളിലായിരിക്കും.
ജിദ്ദ മക്കയിലേക്കും മദീനയിലേക്കുമുള്ള പ്രധാന പ്രവേശന കവാടമായതിനാൽ നേരിട്ടുള്ള ഈ സർവീസ് ഉംറ തീർഥാടകർക്കും വലിയ ആശ്വാസമാകും. 2020 ഓഗസ്റ്റ് 7-ന് നടന്ന കരിപ്പൂർ വിമാനാപകടത്തിന് ശേഷമാണ് സൗദി എയർലൈൻസ് ഈ റൂട്ടിലെ സർവീസ് നിർത്തിവെച്ചത്. അപകടത്തിന് പിന്നാലെ കരിപ്പൂർ വിമാനത്താവളത്തിലെ ടേബിൾ-ടോപ്പ് റൺവേ സംബന്ധിച്ച സുരക്ഷാ ആശങ്കകളെത്തുടർന്ന് വിവിധ വിദേശ വിമാനക്കമ്പനികൾ സർവീസ് പിൻവലിച്ചിരുന്നു.

ആറ് വർഷത്തിന് ശേഷം സൗദി എയർലൈൻസ് സർവീസ് പുനരാരംഭിക്കുന്നത് ഗൾഫ് പ്രവാസികൾക്ക് ഏറെ ഗുണകരമാകുമെന്നാണ് വിലയിരുത്തൽ. കൂടുതൽ അന്താരാഷ്ട്ര വിമാനക്കമ്പനികൾ കരിപ്പൂരിലേക്ക് സർവീസ് ആരംഭിക്കാനും ഇതുവഴി സാധ്യതയുണ്ടെന്നാണ് പ്രതീക്ഷ.
ഇതിനിടെ, സൗദി അറേബ്യൻ വിമാനക്കമ്പനിയായ ഫ്ലൈനാസ് റിയാദ്-കൊച്ചി നേരിട്ടുള്ള സർവീസ് പ്രഖ്യാപിച്ചു. സെപ്റ്റംബർ 2 മുതൽ ഞായർ, ബുധൻ, വെള്ളി ദിവസങ്ങളിലായിരിക്കും സർവീസ്. കൂടാതെ, എയർ ഇന്ത്യ എക്സ്പ്രസ് തിരുവനന്തപുരം-റിയാദ് നേരിട്ടുള്ള സർവീസ് ഉടൻ പുനരാരംഭിക്കുമെന്ന് പ്രതീക്ഷയുണ്ട്.
