Wednesday, August 5, 2026

‘ടേസ്റ്റ് ഓഫ് ദ ഡാൻഫോർത്ത്’ ഫെസ്റ്റിവലിന് ഫെഡറൽ സഹായം വേണം; പ്രധാനമന്ത്രി മാർക്ക് കാർണിക്ക് തുറന്ന കത്ത്

ടൊറന്റോ: കാനഡയിലെ ഏറ്റവും വലിയ തെരുവുത്സവങ്ങളിലൊന്നായ ‘ടേസ്റ്റ് ഓഫ് ദ ഡാൻഫോർത്ത്’ ഫെസ്റ്റിവലിന് ഫെഡറൽ സർക്കാർ സാമ്പത്തിക സഹായം നൽകണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി മാർക്ക് കാർണിക്ക് തുറന്ന കത്ത്. നിലവിലെയും മുൻകാലത്തെയും എംപിമാർ, എംപിപിമാർ, ടൊറന്റോ നഗരസഭാ കൗൺസിലർമാർ, പ്രാദേശിക സംഘടനാ പ്രതിനിധികൾ, സമൂഹനേതാക്കൾ എന്നിവരുൾപ്പെടെയാണ് കത്തിൽ ഒപ്പുവെച്ചിരിക്കുന്നത്.ഫെസ്റ്റിവലിന്റെ സുഗമമായ നടത്തിപ്പിനാവശ്യമായ രാഷ്ട്രീയ നേതൃത്വവും സാമ്പത്തിക പിന്തുണയും ഫെഡറൽ സർക്കാർ ഉറപ്പാക്കണമെന്ന് കത്തിൽ ആവശ്യപ്പെടുന്നു.

രണ്ട് വർഷത്തെ ഇടവേളയ്ക്കുശേഷമാണ് ടേസ്റ്റ് ഓഫ് ദ ഡാൻഫോർത്ത് ഫെസ്റ്റിവൽ ഇത്തവണ തിരിച്ചെത്തുന്നത്. ആഗസ്റ്റ് 7 മുതൽ 9 വരെ ബ്രോഡ്വ്യൂ അവന്യൂ മുതൽ ജോൺസ് അവന്യൂ വരെ ഡാൻഫോർത്ത് അവന്യൂവിലാണ് പരിപാടി നടക്കുക. ഒന്റാരിയോ സർക്കാർ അനുവദിച്ച രണ്ട് ലക്ഷം ഡോളറിന്റെ പ്രത്യേക ധനസഹായവും അതിന് തുല്യമായ തുക ടൊറന്റോ നഗരസഭ നൽകിയതുമാണ് ഇത്തവണ ഫെസ്റ്റിവൽ നടത്താൻ വഴിയൊരുക്കിയത്.

കൊവിഡ് മഹാമാരിക്ക് പിന്നാലെ സംഘാടകർക്ക് ഏകദേശം 2.5 ലക്ഷം ഡോളറിന്റെ സാമ്പത്തിക ബാധ്യതയും മറ്റ് ധനപ്രതിസന്ധികളും നേരിട്ടതിനെ തുടർന്ന് 2024-ൽ ഫെസ്റ്റിവൽ റദ്ദാക്കിയിരുന്നു. നിലവിലുള്ള ഫണ്ടുകൾ മതിയാകാത്തതും പുതിയ ടൈറ്റിൽ സ്പോൺസറെ കണ്ടെത്താൻ കഴിയാതിരുന്നതുമാണ് പ്രധാന കാരണങ്ങളെന്ന് സംഘാടകർ വ്യക്തമാക്കിയിരുന്നു. 2025-ൽ ഫെസ്റ്റിവൽ നടത്താതിരുന്നതിന്റെ കാരണം ഔദ്യോഗികമായി വിശദീകരിച്ചിട്ടില്ല.

ഇത്തവണ പ്രവിശ്യാ, മുനിസിപ്പൽ സർക്കാരുകളുടെ സഹായം ലഭിച്ചെങ്കിലും ഫെഡറൽ സർക്കാർ ഇതുവരെ സാമ്പത്തിക പിന്തുണ പ്രഖ്യാപിച്ചിട്ടില്ലെന്ന് കത്തിൽ ചൂണ്ടിക്കാട്ടുന്നു. ഫിഫ ലോകകപ്പുമായി ബന്ധപ്പെട്ട് നിരവധി സ്വകാര്യ കമ്പനികൾ അവരുടെ സ്പോൺസർഷിപ്പ് ബജറ്റുകൾ മാറ്റിവെച്ചതും നഗരത്തിലെ സമീപകാല സുരക്ഷാ സംഭവങ്ങളെ തുടർന്ന് സുരക്ഷാ ചെലവ് വർധിച്ചതും ഫെസ്റ്റിവലിന് അധിക സാമ്പത്തിക ബാധ്യത സൃഷ്ടിച്ചതായും കത്തിൽ പറയുന്നു.

മുൻ എംപി ഡെന്നിസ് മിൽസിന്റെ കാലത്ത് ഫെഡറൽ സഹായം ലഭിച്ചിരുന്നുവെന്നും ഇത്തവണയും സമാനമായ പിന്തുണ ഉറപ്പാക്കണമെന്നുമാണ് ഒപ്പുവെച്ചവരുടെ ആവശ്യം.അതേസമയം, നൂറിലധികം റെസ്റ്റോറന്റുകളും നൂറിലധികം കലാപരിപാടികളും പുതുമയാർന്ന ആകർഷണങ്ങളുമായി ഇതുവരെയുള്ളതിൽ ഏറ്റവും വിപുലമായ ഫെസ്റ്റിവലാണ് ഇത്തവണ ഒരുക്കുന്നതെന്ന് സംഘാടകർ അറിയിച്ചു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!