വാഷിങ്ടന്‍: ലോകത്തെ പ്രധാന എണ്ണ വിതരണ പാതയായ ഹോര്‍മുസ് കടലിടുക്ക് തുറക്കുന്നതുമായി ബന്ധപ്പെട്ട് അമേരിക്കയും ഇറാനും തമ്മില്‍ ഉടന്‍ കരാറിലെത്തിയേക്കുമെന്ന് സൂചന. വിഷയം സംബന്ധിച്ച് ഇരുരാജ്യങ്ങളും തമ്മില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നും ഇന്നോ നാളെയോ അന്തിമ കരാറില്‍ ഒപ്പിടാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും യുഎസ് ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസെന്റ് സിഎന്‍ബിസിക്ക് (CNBC) നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.
കരാര്‍ യാഥാര്‍ഥ്യമാകുന്നതോടെ ആഗോള വിപണിയില്‍ എണ്ണവില വര്‍ധനവ് തടയാനും വിപണിയില്‍ സ്ഥിരത കൈവരിക്കാനും സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.അതേസമയം, ഹോര്‍മുസ് കടലിടുക്കിന്റെ നിയന്ത്രണം സംബന്ധിച്ച് ഇറാനും ഒമാനും തമ്മില്‍ പ്രത്യേകം ചര്‍ച്ചകള്‍ തുടരുകയാണ്. കടലിടുക്കിലേക്ക് പ്രവേശിക്കുന്ന പാതയില്‍ ഇറാനും പുറത്തേക്കുള്ള പാതയില്‍ ഒമാനും ഭാഗിക നിയന്ത്രണം നല്‍കുന്ന തരത്തിലുള്ള ധാരണയ്ക്കാണ് ശ്രമം നടക്കുന്നത്.
ഒമാനുമായി തൃപ്തികരമായ ധാരണയിലെത്തിയാല്‍ കടലിടുക്ക് തുറന്നുകൊടുക്കാമെന്ന നിലപാടിലാണ് ഇറാന്‍ വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മയില്‍ ബാഘയി. നേരത്തെ ഇരുരാജ്യങ്ങള്‍ക്കും തുല്യ നിയന്ത്രണം നല്‍കണമെന്ന് മുന്നോട്ടുവെച്ച ഒമാന്റെ നിര്‍ദേശം ഇറാന്‍ തള്ളിക്കളഞ്ഞിരുന്നു.മേഖലയില്‍ വര്‍ധിച്ചുവരുന്ന സംഘര്‍ഷം അയയ്ക്കാന്‍ മധ്യസ്ഥശ്രമങ്ങളുമായി ഖത്തറും പാക്കിസ്ഥാനും വീണ്ടും രംഗത്തിറങ്ങിയിട്ടുണ്ട്.

ചര്‍ച്ചകള്‍ക്കായി ഇറാന്‍ വിദേശകാര്യമന്ത്രി അബ്ബാസ് അറഗ്ചിയെ പാക്കിസ്ഥാന്‍ ഔദ്യോഗികമായി ഇസ്ലാമാബാദിലേക്ക് ക്ഷണിച്ചു. രാജ്യത്തിന്റെ അതിര്‍ത്തികളും പരമാധികാരവും സംരക്ഷിക്കുക മാത്രമാണ് ലക്ഷ്യമെന്നും യുദ്ധം കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കാന്‍ ഇറാന്‍ ആഗ്രഹിക്കുന്നില്ലെന്നും പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാന്‍ വ്യക്തമാക്കി. നയതന്ത്ര ചര്‍ച്ചകള്‍ ഒരുവശത്ത് നടക്കുമ്പോഴും മേഖലയില്‍ ആക്രമണ സംഭവങ്ങള്‍ക്ക് കുറവില്ല.
ഹോര്‍മുസ് കടലിടുക്കില്‍ ഒമാന്‍ തീരത്തിന് സമീപം ലൈബീരിയന്‍ പതാക വഹിച്ച ‘മിനന്‍ പയനിയര്‍’ എന്ന ചരക്കുകപ്പലിനുനേരെ മിസൈല്‍ ആക്രമണമുണ്ടായി. അപകടത്തെ തുടര്‍ന്ന് എന്‍ജിന്‍ റൂമില്‍ വന്‍ തീപിടിത്തമുണ്ടാകുകയും കപ്പലിലെ ഒരു എന്‍ജിനീയറെ കാണാതാകുകയും ചെയ്തതായി യുകെ മാരിറ്റൈം ട്രേഡ് ഓപ്പറേഷന്‍സ് (UKMTO) സ്ഥിരീകരിച്ചു. ഇതിനുപുറമെ, യെമനിലെ ഹൂതി വിമതര്‍ സൗദി അറേബ്യയിലെ നജ്‌റാന്‍ വിമാനത്താവള ലക്ഷ്യമാക്കി ഡ്രോണ്‍ ആക്രമണം നടത്തിയെങ്കിലും നാശനഷ്ടങ്ങളൊന്നും സംഭവിച്ചിട്ടില്ലെന്ന് സൗദി അരാംകോ അറിയിച്ചു.
