അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് കാനഡയുടെ നേതൃത്വത്തെ “നാസ്റ്റി” (മോശം) എന്ന് വിശേഷിപ്പിച്ച് വീണ്ടും രൂക്ഷ വിമർശനം ഉന്നയിച്ചതിന് പിന്നാലെ പ്രധാനമന്ത്രി മാർക്ക് കാർണി ശക്തമായ മറുപടി നൽകി. ക്യൂബെക്കിലെ സാഗുനെയിൽ മാധ്യമങ്ങളോട് സംസാരിച്ച കാർണി, “ഏത് വിശേഷണമാണ് ഉപയോഗിച്ചാലും, ഞങ്ങൾ കനേഡിയൻ തൊഴിലാളികളുടെയും ബിസിനസുകളുടെയും താൽപര്യങ്ങൾ സംരക്ഷിക്കാൻ തുടക്കം മുതൽ ഉറച്ച നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്,” എന്ന് വ്യക്തമാക്കി. കഴിഞ്ഞ ആഴ്ച ട്രംപുമായി സംസാരിച്ചതായും അദ്ദേഹം അറിയിച്ചു.

നെവാഡയിലെ ഒരു പൊതുപരിപാടിയിൽ സംസാരിക്കവെയാണ് ട്രംപ്, “ചൈന, ജപ്പാൻ, ദക്ഷിണ കൊറിയ, ജർമ്മനി, കാനഡ തുടങ്ങി എല്ലാവരും വർഷങ്ങളായി അമേരിക്കയെ തീരുവകളിലൂടെ ചൂഷണം ചെയ്തു. എനിക്ക് തീരുവകൾ ഇഷ്ടമാണ്. കാനഡയിലെ ജനങ്ങളെ ഞാൻ ഇഷ്ടപ്പെടുന്നു, പക്ഷേ അവരുടെ നേതൃത്വം മോശമാണ്,” എന്ന് പറഞ്ഞത്. ഇതിനിടെ കാനഡയുടെ വ്യാപാരമന്ത്രി ഡൊമിനിക് ലെബ്ലാങ്കും മുഖ്യ വ്യാപാര ചർച്ചാകാരി ജാനിസ് ഷാരെറ്റും അമേരിക്കൻ വ്യാപാര പ്രതിനിധി ജാമിസൺ ഗ്രീറുമായി വാഷിംഗ്ടണിൽ പുതിയ വ്യാപാര ചർച്ചകൾക്കായി കൂടിക്കാഴ്ച നടത്തുകയാണ്.

ഒരു വർഷത്തിലേറെയായി കാനഡയും അമേരിക്കയും പരസ്പര തീരുവകൾ ഏർപ്പെടുത്തി വ്യാപാരയുദ്ധം തുടരുകയാണ്. കാനഡൻ ഉൽപ്പന്നങ്ങൾക്ക് അമേരിക്ക വിവിധ തീരുവകൾ ഏർപ്പെടുത്തിയപ്പോൾ, മറുപടിയായി കാനഡയും അമേരിക്കൻ സ്റ്റീൽ, അലുമിനിയം, വാഹനങ്ങൾ ഉൾപ്പെടെയുള്ള ചില ഉൽപ്പന്നങ്ങൾക്ക് അധിക നികുതി ചുമത്തിയിട്ടുണ്ട്. അതേസമയം, കാനഡ–അമേരിക്ക–മെക്സിക്കോ സ്വതന്ത്ര വ്യാപാര കരാർ (CUSMA) പുതുക്കുന്നതിനുള്ള ചർച്ചകൾ തുടരുന്നുണ്ടെങ്കിലും പുരോഗതിയെക്കുറിച്ച് ഒട്ടാവ ഔദ്യോഗികമായി കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
ട്രംപിന്റെ പരാമർശങ്ങൾ വ്യാപാര കരാർ ഉടൻ ഉണ്ടാകാനുള്ള സാധ്യത കുറവാണെന്ന സൂചനയാണെന്ന് സി.ടി.വി. ന്യൂസിന്റെ അമേരിക്കൻ രാഷ്ട്രീയ വിശകലന വിദഗ്ധൻ എറിക് ഹാം അഭിപ്രായപ്പെട്ടു. മറുവശത്ത്, രാഷ്ട്രീയ നിരീക്ഷക ലോറി ടേൺബുൾ, കാനഡ സ്വീകരിച്ച പ്രതികാര നടപടികൾ ട്രംപിനെ അസ്വസ്ഥനാക്കുന്നുവെന്നതിന്റെ തെളിവാണ് ഈ പരാമർശങ്ങളെന്നും വിലയിരുത്തി.

ഇതിനിടെ, ട്രംപിന്റെ തീരുവ നയങ്ങൾ അമേരിക്കയെ “സമ്പന്നമാക്കി” എന്ന അവകാശവാദവും അദ്ദേഹം ആവർത്തിച്ചു. എന്നാൽ 2026-ലെ ആദ്യ പാദത്തിൽ കാനഡ–അമേരിക്ക ഉഭയകക്ഷി വ്യാപാരം 2024-ലെ അതേ കാലയളവിനെ അപേക്ഷിച്ച് 0.6 ശതമാനം (1.9 ബില്യൺ കനേഡിയൻ ഡോളർ) കുറഞ്ഞതായി കനേഡിയൻ സർക്കാർ അറിയിച്ചു. വാഹന വ്യാപാരത്തിൽ 18.9 ശതമാനവും ഇരുമ്പ്-സ്റ്റീൽ വ്യാപാരത്തിൽ 43.5 ശതമാനവും ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്.

അതേസമയം, പ്രതിപക്ഷ നേതാവ് പിയർ പൊയ്ലീവ്രെ കാർണി സർക്കാരിനെ വിമർശിച്ച്, അമേരിക്കയുമായി ചർച്ചാ മേശയിലെത്തുന്നതിന് മുമ്പേ നിരവധി ഇളവുകൾ നൽകിയെന്നും അതിലൂടെ കാനഡയുടെ ചർച്ചാ ശക്തി ദുർബലമായെന്നും ആരോപിച്ചു. അമേരിക്കയിൽ നിന്ന് യാതൊരു നേട്ടവും ഉറപ്പാക്കാതെ ഡിജിറ്റൽ സർവീസ് നികുതി പിൻവലിച്ചതും പ്രതിരോധ ചെലവ് വർധിപ്പിക്കാൻ സമ്മതിച്ചതും ഉൾപ്പെടെയുള്ള തീരുമാനങ്ങൾ അദ്ദേഹം ചോദ്യം ചെയ്തു.
