ടൊറന്റോ: കഴിഞ്ഞ മാസം ടൊറന്റോയില്‍ നടന്ന ‘സല്‍സ ഓണ്‍ സെന്റ് ക്ലെയര്‍’ (Salsa on St. Clair) തെരുവ് ഉത്സവത്തിനിടെയുണ്ടായ വെടിവെപ്പുമായി ബന്ധപ്പെട്ട് പ്രതികള്‍ അറസ്റ്റിലായതായി പൊലീസ്. ടൊറന്റോ പൊലീസ് ചീഫ് മൈറോണ്‍ ഡെംകിവ് ആണ് കേസില്‍ അറസ്റ്റ് വിവരം പുറത്തുവിട്ടത്. ജൂലൈ 11-ന് നടന്ന ഉത്സവത്തിനിടെ ജനക്കൂട്ടത്തിന് നടുവിലുണ്ടായ വെടിവെപ്പില്‍ രണ്ടുപേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.
വെടിവെപ്പില്‍ ഷാക്വാണ്‍ ക്വാഷി (25), സെസാര്‍ വെര്‍നാസ (20) എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഉള്‍പ്പെട്ട പ്രതികളെ ബുധനാഴ്ച വൈകുന്നേരത്തോടെ പൊലീസ് കസ്റ്റഡിയിലെടുത്തതായി പൊലീസ് ചീഫ് സ്ഥിരീകരിച്ചു. അറസ്റ്റിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ വെള്ളിയാഴ്ച നടക്കുന്ന പ്രത്യേക വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കുമെന്ന് അദ്ദേഹം അറിയിച്ചു.

വരും ദിവസങ്ങളില്‍ നടക്കാനിരിക്കുന്ന ‘ടേസ്റ്റ് ഓഫ് ഡാന്‍ഫോര്‍ത്ത്’ ഉള്‍പ്പെടെയുള്ള പ്രധാന ആഘോഷങ്ങളുടെ പശ്ചാത്തലത്തില്‍, പൊതുജനങ്ങളുടെ സുരക്ഷ മുന്‍നിര്‍ത്തി നഗരത്തിലെ പ്രധാന പരിപാടികളിലും പൊതുവിടങ്ങളിലും പൊലീസ് സാന്നിധ്യവും സുരക്ഷയും ശക്തമാക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.
