മിസിസ്സാഗ: വാടക അപ്പാര്‍ട്ട്മെന്റുകള്‍ വാഗ്ദാനം ചെയ്ത് എട്ട് പേരില്‍ നിന്നായി 30,000 ഡോളറിലധികം തട്ടിയെടുത്ത കേസില്‍ രണ്ട് യുവാക്കള്‍ക്കായി പീല്‍ റീജിയണല്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. പ്രതികള്‍ ഒളിവിലാണെന്നും ഇവര്‍ക്കായി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു. സസ്‌കച്വാനില്‍ നിന്നുള്ള ജഷന്‍പ്രീത് സിങ് സിദ്ധു (23), ബ്രിട്ടിഷ് കൊളംബിയയില്‍ നിന്നുള്ള പ്രിയാന്‍ഷു ഗോയല്‍ (24) എന്നിവരാണ് ഫ്രോഡ് ബ്യൂറോയുടെ ലിസ്റ്റിലുള്ളത്.
സോഷ്യല്‍ മീഡിയ വഴിയാണ് ഇവര്‍ മിസിസ്സാഗയിലെ അപ്പാര്‍ട്ട്മെന്റുകള്‍ വാടകയ്ക്കുണ്ടെന്ന വ്യാജ പരസ്യം നല്‍കിയത്. ഹ്രസ്വകാല വാടക പ്ലാറ്റ്ഫോം (short-term rental platform) വഴി താല്‍ക്കാലികമായി എടുത്ത ഫ്‌ലാറ്റാണ് ഇരകളെ കാണിക്കാനായി ഇവര്‍ ഉപയോഗിച്ചത്. നിലവിലെ താമസക്കാരാണെന്ന് വിശ്വസിപ്പിച്ച് ആളുകളെ ഫ്‌ലാറ്റ് കാണിച്ച് ബോധ്യപ്പെടുത്തിയ ശേഷം ഓണ്‍ലൈന്‍ വഴി വാടകക്കരാര്‍ ഒപ്പിടീക്കുകയും ഇ-ട്രാന്‍സ്ഫര്‍ വഴി പണം വാങ്ങുകയുമായിരുന്നു. തുടര്‍ന്ന് താമസത്തിനായി എത്തിയപ്പോഴാണ് തങ്ങള്‍ തട്ടിപ്പിന് ഇരയായെന്നും ഇരകള്‍ മനസ്സിലാക്കുന്നത്.

ഉടമസ്ഥനാണെന്ന് അവകാശപ്പെട്ടയാളെ പിന്നീട് ബന്ധപ്പെടാനും സാധിച്ചില്ലെന്നും ഇരകള്‍ പറയുന്നു. പണം നഷ്ടപ്പെട്ട ആര്‍ക്കും വാഗ്ദാനം ചെയ്ത താമസസൗകര്യമോ പണമോ തിരികെ ലഭിച്ചിട്ടില്ല. വാടക വീടുകള്‍ തിരയുന്നവര്‍ ഉടമകളുടെ വ്യക്തിത്വം കൃത്യമായി ഉറപ്പുവരുത്തണമെന്നും, മുന്‍പിന്‍ നോക്കാതെ പണം മുന്‍കൂറായി അയച്ചു കൊടുക്കരുതെന്നും പൊലീസ് മുന്നറിയിപ്പ് നല്‍കി.
