Friday, August 7, 2026

സൽസ ഓൺ സെന്റ് ക്ലെയർ വെടിവെപ്പ്: പ്രതികൾ അറസ്റ്റിൽ; വിവരങ്ങൾ പുറത്തുവിടാൻ ടൊറന്റോ പൊലീസ്

ടൊറന്റോ: കഴിഞ്ഞ മാസം ടൊറന്റോയിലെ പ്രശസ്തമായ സൽസ ഓൺ സെന്റ് ക്ലെയർ സ്ട്രീറ്റ് ഫെസ്റ്റിവലിൽ നടന്ന വെടിവെപ്പുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പ്രതികളെക്കുറിച്ചുള്ള വിവരങ്ങൾ ടൊറന്റോ പൊലീസ് ഇന്ന് പുറത്തുവിടും.ജൂലൈ 11ന് നടന്ന വെടിവെപ്പിൽ രണ്ട് പേർ കൊല്ലപ്പെടുകയും അഞ്ച് പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു. ആയിരക്കണക്കിന് ആളുകൾ പരിപാടിയിൽ നിന്ന് ഭീതിയോടെ ഓടി രക്ഷപ്പെടുകയായിരുന്നു.

വെടിവെപ്പിൽ 25 വയസ്സുകാരനായ ഷാക്വാൻ ക്വാഷിയും 20 വയസ്സുകാരനായ സീസർ വെർനാസുമാണ് കൊല്ലപ്പെട്ടത്. ടൊറന്റോ പൊലീസ് മേധാവി മൈറോൺ ഡെംകിവ് വ്യാഴാഴ്ച നടത്തിയ വാർത്താസമ്മേളനത്തിൽ പ്രതികളെ അറസ്റ്റ് ചെയ്തതായി സ്ഥിരീകരിച്ചിരുന്നു. എന്നാൽ പ്രതികളുടെ എണ്ണം തുടങ്ങിയ കൂടുതൽ വിവരങ്ങൾ ഇന്ന് നടക്കുന്ന വാർത്താസമ്മേളനത്തിൽ പുറത്തുവിടുമെന്ന് പൊലീസ് അറിയിച്ചു.

ലാറ്റിൻ സംസ്കാരം, സംഗീതം, ഭക്ഷണം, നൃത്തം എന്നിവ ആഘോഷിക്കുന്ന ടൊറന്റോയിലെ പ്രധാന തെരുവ് ആഘോഷങ്ങളിലൊന്നാണ് സൽസ ഓൺ സെന്റ് ക്ലെയർ. ജൂലൈ 11ന് രാത്രി ഏകദേശം 8 മണിയോടെ സെന്റ് ക്ലെയർ അവന്യൂ വെസ്റ്റിനും ആർലിങ്ടൺ അവന്യൂവിനും സമീപം വെടിയൊച്ചകൾ കേൾക്കുകയായിരുന്നു. സംഭവസമയത്ത് ഏകദേശം 13,000 പേർ സ്ഥലത്തുണ്ടായിരുന്നതായി പൊലീസ് അറിയിച്ചു. വെടിവെപ്പിനെ തുടർന്ന് ജനങ്ങൾ രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ സമീപത്തെ വ്യാപാര സ്ഥാപനങ്ങളിലേക്ക് പലരും അഭയം തേടി. ചിലർക്ക് തിരക്കിനിടെ വീണ് പരുക്കേറ്റതായും നാട്ടുകാർ പറഞ്ഞു.

വെടിവെപ്പിന് പിന്നാലെ സമീപത്തെ വ്യാപാര സ്ഥാപനങ്ങൾ ഭീതിയിലായ ആളുകൾക്ക് സുരക്ഷിത ഇടമായി മാറി. മകല്ലേറിയ അറ്റ്ലസ് എന്ന കടയുടെ ഉടമ ആഞ്ചല മസ എന്നിവർ നിരവധി പേരെ കടയ്ക്കുള്ളിൽ പ്രവേശിപ്പിച്ച് സംരക്ഷിച്ചു.ക്രേവ് കോഫി ഉടമ കലേ ഹാൾ, ആളുകൾ നിലവിളിച്ചുകൊണ്ട് കടയിലേക്ക് ഓടിയെത്തിയതായും വെടിയേറ്റ ഒരു കൗമാരക്കാരി ഉൾപ്പെടെ പലരും സഹായം തേടിയതായും പറഞ്ഞു.

വെടിവെപ്പ് ആസൂത്രിത ആക്രമണമാണെന്ന് പൊലീസ് നേരത്തെ വ്യക്തമാക്കിയിരുന്നു. വെടിവെപ്പിൽ ഉപയോഗിച്ചതെന്ന് കരുതുന്ന രണ്ട് തോക്കുകൾ സംഭവസ്ഥലത്ത് നിന്ന് കണ്ടെത്തിയതായും ഇരകൾ പരസ്പരം പരിചയമുള്ളവരായിരുന്നുവെന്നും പൊലീസ് അറിയിച്ചു.

ടൊറന്റോയിലെ മറ്റൊരു വലിയ തെരുവ് ആഘോഷമായ ടേസ്റ്റ് ഓഫ് ഡാൻഫോർത്ത് നടക്കാനിരിക്കെ നഗരത്തിലെ സുരക്ഷാ ക്രമീകരണങ്ങളെക്കുറിച്ചുള്ള ആശങ്കകളും ഉയർന്നിട്ടുണ്ട്. പ്രതികളുടെ അറസ്റ്റുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ഇന്ന് നടക്കുന്ന പൊലീസ് വാർത്താസമ്മേളനത്തിൽ വ്യക്തമാകും.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!