ടെഹ്‌റാന്‍: ഇറാന്‍ പരമോന്നത നേതാവ് മുജ്തബ ഖമനയി അതീവ ഗുരുതരാവസ്ഥയിലെന്ന് റിപ്പോര്‍ട്ട്. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി ഇസ്രയേലി മാധ്യമമായ ചാനല്‍ 14 വെളിപ്പെടുത്തി. ഇതിനിടെ, ഖമനയിക്ക് മരണം സംഭവിച്ചേക്കാമെന്ന് ഇറാന്‍ ഭരണകൂടത്തിലെ ചില വൃത്തങ്ങളെ ഉദ്ധരിച്ച് ഇറാന്‍ വയര്‍ റിപ്പോര്‍ട്ട് ചെയ്തത് ആശങ്ക വര്‍ധിപ്പിച്ചിട്ടുണ്ട്.
കഴിഞ്ഞ ഫെബ്രുവരി 28-ന് അമേരിക്കന്‍ ആക്രമണത്തില്‍ ആയത്തുല്ല അലി ഖമനയി കൊല്ലപ്പെട്ടതിനെ തുടര്‍ന്നാണ് മകന്‍ മുജ്തബ ഖമനയിയെ ഇറാന്റെ പുതിയ പരമോന്നത നേതാവായി തിരഞ്ഞെടുത്തത്. മാര്‍ച്ച് എട്ടിന് ഔദ്യോഗികമായി പദവി ഏറ്റെടുത്തുവെങ്കിലും, ഇതുവരെ അദ്ദേഹം മാധ്യമങ്ങള്‍ക്ക് മുന്നിലെത്തുകയോ രാജ്യത്തെ അഭിസംബോധന ചെയ്യുകയോ ചെയ്തിട്ടില്ല. പിതാവ് ആയത്തുല്ല ഖമനയിയുടെ സംസ്‌കാര ചടങ്ങുകളില്‍ പോലും മുജ്തബയുടെ സാന്നിധ്യമുണ്ടായിരുന്നില്ല.

ഭരണമേറ്റെടുത്ത ശേഷം ഔദ്യോഗിക പ്രസ്താവനകള്‍ പുറപ്പെടുവിക്കുക എന്നതൊഴിച്ചാല്‍ പൊതുസമക്ഷത്ത് പ്രത്യക്ഷപ്പെടാന്‍ അദ്ദേഹം തയാറായിരുന്നില്ല. നിലവിലെ പെസഷ്‌കിയാന്‍ ഭരണകൂടത്തിലെ നേതാക്കളുമായി പോലും മുജ്തബ ഖമനയി നേരിട്ട് കൂടിക്കാഴ്ച നടത്തിയിട്ടില്ലെന്നാണ് വിവരങ്ങള്‍. പരമോന്നത നേതാവുമായി നേരിട്ട് കൂടിക്കാഴ്ച നടത്തുന്നത് നിലവില്‍ എളുപ്പമുള്ള കാര്യമല്ലെന്ന് ഇറാന്‍ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാന്‍ തന്നെ അടുത്തിടെ ഔദ്യോഗിക ടെലിവിഷന്‍ അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു.
